21 November Thursday

സർക്കാർ വകുപ്പുകൾ നിരീക്ഷണത്തിൽ; ഇനി പ്രത്യേക സംവിധാനം

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019

തിരുവനന്തപുരം > പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്‌ സർക്കാർ വകുപ്പുകളുടെ ആഭ്യന്തരപരിശോധനാ സംവിധാനം കർശനമാക്കി. ഇതിനായി ധനവകുപ്പ്‌ കർശന മാർഗനിർദേശം പുറപ്പെടുവിച്ചു. വകുപ്പുകളിലെ ആഭ്യന്തരപരിശോധനയിലെ പോരായ്‌മ സംബന്ധിച്ച്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിന്റെ സാഹചര്യത്തിലാണ്‌ ധനവകുപ്പ്‌ പരിശോധനാ വിഭാഗം നടപടി സ്വീകരിച്ചത്‌.

എല്ലാ വകുപ്പുകളിലെയും ആഭ്യന്തരപരിശോധനാ വിഭാഗത്തിന്‌ പൊതുഘടന ധനവകുപ്പ്‌ നിർദേശിച്ചു. അക്കൗണ്ടന്റ്‌ ജനറലുമായി കൂടിയാലോചിച്ചാണ്‌ തീരുമാനം. ആവർത്തിച്ച്‌ നിർദേശിച്ചിട്ടും പല വകുപ്പുകളും  പരിശോധനാ റിപ്പോർട്ട്‌ സമർപ്പിക്കുന്നില്ലെന്നും ഇത്‌ തുടരാനാകില്ലെന്നും ധനവകുപ്പ്‌ വ്യക്തമാക്കി. വീഴ്‌ച വരുത്തിയാൽ ഉത്തരവാദിത്തം  വകുപ്പ്‌ മേധാവിക്കായിരിക്കും.

സാമ്പത്തിക ഇടപാടും ആഭ്യന്തരപരിശോധനയുടെ ഭാഗമാക്കി.  നിലവിൽ ഓഫീസുകളിൽ സർക്കാരിൽനിന്നോ തനതുവരുമാനമായോ എത്ര രൂപ ലഭിച്ചെന്നും ചെലവഴിച്ചെന്നും  പരിശോധിക്കാറില്ല. ഇത്‌ മാറ്റും.  വാഹനങ്ങളുടെ ഉപയോഗവും പരിപാലനവും ജീവനക്കാരുടെ ഹാജർ ഉൾപ്പെടെയുള്ളവയും സർക്കാരിന്‌ റിപ്പോർട്ട്‌ചെയ്യണം.
ആഭ്യന്തരപരിശോധനയിൽ കണ്ടെത്തുന്ന സാമ്പത്തികബാധ്യതകൾക്ക്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരും ബാധ്യതയും പ്രത്യേക മാതൃകയിൽ  സമർപ്പിക്കണം.  പരിശോധനാ സംഘത്തിന്റെ ഫലപ്രദമായ പ്രവർത്തനം ഉറപ്പുവരുത്തേണ്ടത്‌ വകുപ്പ്‌ തലവന്റെ ബാധ്യതയാണ്‌.

വകുപ്പുകൾ  സാമ്പത്തികവർഷം നടത്താനുദ്ദേശിക്കുന്ന ആഭ്യന്തര പരിശോധനാവിവരങ്ങൾ ആദ്യമാസം സർക്കാരിനെ അറിയിക്കണം. വകുപ്പുതല യാത്ര, പരിപാടി എന്നിവയ്‌ക്കായി നൽകുന്ന മുൻകൂർ തുകയും  പരിശോധിക്കണം.  പരിശോധനാസംഘത്തിന്റെ നേതൃത്വം സൂപ്രണ്ട്‌/ജൂനിയർ സൂപ്രണ്ട്‌ തലത്തിലുള്ള ഉദ്യോഗസ്ഥനായിരിക്കും. ക്ലർക്ക്‌/അസിസ്റ്റന്റ്‌ തസ്‌തികയിൽ രണ്ടുവർഷമെങ്കിലും പരിചയമുള്ള രണ്ട്‌ ഉദ്യോഗസ്ഥരെങ്കിലും സഹായത്തിനുണ്ടാകണം.  ഇവർ വകുപ്പ്‌ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കണം. റിപ്പോർട്ട്‌ ഫിനാൻസ്‌ ഓഫീസർ മുഖേന വകുപ്പുമേധാവിക്ക്‌ നൽകണം. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ ഓഫീസ്‌ മേധാവി ന്യൂനതാപരിഹാര റിപ്പോർട്ടും  നൽകണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top