04 July Saturday

യുവ പ്രൊഫസറുടെയും അമ്മയുടെയും മരണം: തല്ലിക്കൊഴിച്ചിട്ടും വിടാതെ മാധ്യമങ്ങൾ

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019

ന്യൂഡല്‍ഹി > ജീവൻ തല്ലിക്കൊഴിച്ചശേഷവും ചില മാധ്യമങ്ങൾ അലനെയും അമ്മയെയും വേട്ടയാടുന്നു. കൂടത്തായി കൊലക്കേസുമായി  താരതമ്യംചെയ്‌ത്‌ ആക്ഷേപിച്ചതിനെ തുടർന്ന്‌ ജീവനൊടുക്കിയ ഡൽഹി സെന്റ്‌ സ്റ്റീഫൻസ്‌ കോളേജ്‌ അസി. പ്രൊഫസർ അലൻ സ്റ്റാൻലിക്കും അമ്മ ലിസിക്കും മരണശേഷവും മാധ്യമങ്ങളിൽനിന്ന്‌ നീതി ലഭിക്കുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനുപോലും കാക്കാതെ  ഡൽഹി പൊലീസ്‌ എത്തിച്ചേർന്ന “നിഗമനം’ ആഘോഷിച്ച്‌ സ്വന്തം നെറികേട്‌ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്‌ ഈ മാധ്യമങ്ങൾ.

മാധ്യമങ്ങളുടെ  മനുഷ്യത്വഹീനമായ പ്രവൃത്തിയാണ്‌ ഇരട്ടമരണത്തിന്‌ ഇടയാക്കിയതെന്ന്‌ അലന്റെ സുഹൃത്തുക്കൾ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു.  സെന്റ്‌ സ്‌റ്റീഫൻസിലും ഹൈദരാബാദ്‌ കേന്ദ്രസർവകലാശാലയിലും ഡൽഹി ഐഐടിയിലും  പഠിച്ച അലന് സുഹൃത്തുക്കളാണ്‌ അവസാനനാളുകളിൽ തുണയായത്‌. ചില മാധ്യമങ്ങളിൽ അങ്ങേയറ്റം ആക്ഷേപകരമായ ആരോപണങ്ങൾ വന്നതിനെ തുടർന്ന്‌ “ഇനി ജീവിച്ചിട്ടു കാര്യമില്ലെന്ന്‌‘ അലനും അമ്മയും പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ  ‘ദേശാഭിമാനി’യോട്‌ വെളിപ്പെടുത്തി. ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുന്നത്‌ ഒഴിവാക്കാൻ അലന്റെ സുഹൃത്തുക്കൾ കരുതൽ പാലിച്ചിരുന്നു. ഇക്കഴിഞ്ഞ 18ന്, സുഹൃത്തുക്കൾക്ക്‌  ഇവരുടെ ഫ്‌ളാറ്റിൽ എത്താൻ കഴിയാതിരുന്ന സമയത്താണ്‌ ദാരുണമായ സംഭവം നടന്നത്‌.

ലിസി ഡയറിയിൽ നാല്‌ കുറിപ്പ്‌ എഴുതിയിട്ടുണ്ടെന്ന്‌  സുഹൃത്തുക്കൾ പറഞ്ഞു. മൂത്ത മകൻ, സെന്റ്‌ സ്‌റ്റീഫൻസ്‌ കോളേജ്‌ പ്രിൻസിപ്പൽ, അലന്റെ സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരുടെ പേരിലായിരുന്നു കുറിപ്പുകൾ. ആത്മഹത്യചെയ്യാനുള്ള തീരുമാനം എടുത്തശേഷമായിരുന്നു ഇവ എഴുതിയതെന്ന്‌ വ്യക്തമാണെന്ന്‌ കുറിപ്പുകൾ വായിച്ചവരിൽ ഒരാൾ പറഞ്ഞു. ഈ ഡയറി ഇപ്പോൾ  ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ്‌.

അമ്മയെ കൊലപ്പെടുത്തിയശേഷം അലൻ ജീവനൊടുക്കിയതാണെന്ന വാദം ശരിയാണെങ്കിൽപോലും ഈ അവസ്ഥയിൽ അലനെ എത്തിച്ചത് മാധ്യമങ്ങളുടെ വിധികൽപ്പിക്കലാണെന്ന്‌ വ്യക്തമാണ്‌. അതേസമയം, കുടുംബത്തെ അപമാനിച്ച മാധ്യമങ്ങൾ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌. പാമ്പാടി സ്വദേശി ലിസിയുടെ രണ്ടാംഭർത്താവ്‌ ജോൺ വിൽസൺ 2018 ഡിസംബർ 31ന്‌ ആകസ്‌മികമായി മരിച്ചതുമായി ബന്ധപ്പെട്ടാണ്‌ മാധ്യമങ്ങൾ ഭാവനാവിലാസങ്ങൾ ചമച്ചത്‌. സ്വത്ത്‌ തട്ടിയെടുക്കാൻ ലിസിയും അലനും ചേർന്ന്‌ ജോൺ വിൽസണിനെ അപായപ്പെടുത്തിയതാണെന്ന മട്ടിലായിരുന്നു വാർത്തകൾ.

അലൻ സമർഥനായിരുന്നു
ചിന്തയിലും വാക്കുകളിലും ഉയർന്ന സാമൂഹ്യബോധം പുലർത്തിയിരുന്ന യുവാവ്‌ എന്നാണ്‌ സഹപാഠികൾ അലനെ വിശേഷിപ്പിക്കുന്നത്‌. പഠനത്തിൽ സമർഥനായിരുന്നു. ഡൽഹി  സെന്റ്‌ സ്റ്റീഫൻസ് കോളേജിൽനിന്ന്‌  കെമിസ്‌ട്രിയിൽ ബിരുദം നേടിയ അലൻ  സ്റ്റാൻലി ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽനിന്ന്‌  ഫിലോസഫിയിൽ ബിരുദാനന്തരബിരുദം എടുത്തു.  എംഎ പൂർത്തീകരിക്കുംമുമ്പ്‌   യുജിസി ജെആർഎഫ്‌ നേടി. പിന്നീട്‌  ഡൽഹി  ഐഐടിയിൽ ഗവേഷകനായി. ഹൈദരാബാദിൽ പഠിക്കവെ  തങ്ങൾ സംസാരിച്ചതത്രയും മനുഷ്യരുടെ പ്രയാസങ്ങളെ കുറിച്ചായിരുന്നുവെന്ന്‌ അലന്റെ സുഹൃത്ത്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

‘‘അന്ന് അവനുണ്ടായിരുന്ന ദുഃഖം അച്ഛൻ മരിച്ചശേഷം അമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏകാന്തതയും പ്രയാസങ്ങളുമായിരുന്നു. അതുകൊണ്ടാണ് പലരുടെയും എതിർപ്പുകൾ മറികടന്ന് അവൻ മുൻകൈയെടുത്ത് അമ്മയുടെ പുനർവിവാഹം നടത്തിയത്. പാവം ആ അമ്മയുടെ സങ്കടങ്ങൾക്ക് വലിയൊരു ആശ്വാസമായി അതെന്ന് അവൻ ഞങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ട്. പുള്ളിയുടെ സ്നേഹത്തെക്കുറിച്ചും. നിർഭാഗ്യം അവരുടെ ജീവിതത്തിൽ സംഭവിച്ചത് അദ്ദേഹം ആത്മഹത്യ ചെയ്തതോടെയാണ്. സ്വത്ത്‌ തർക്കത്തിന്റെ പേരിൽ സ്റ്റാൻലിക്കും അമ്മയ്‌ക്കുമെതിരെ അദ്ദേഹത്തിന്റെ ബന്ധുക്കൾ  സിവിൽ കേസ് കൊടുത്തിരുന്നു. മാനസിക പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടായിരുന്നുവെങ്കിലും അവരതിനെ നിയമപരമായി നേരിട്ടുവരികയുമായിരുന്നു.’’–-കുറിപ്പിൽ പറഞ്ഞു.

സംസ്‌കാരം ഇന്ന്
അലൻ സ്റ്റാൻലിയുടെയും അമ്മ ലിസിയുടെയും സംസ്‌കാരം ചൊവാഴ്ച ഡല്‍ഹി ബുറാഡ് ശ്മശാനത്തില്‍ പകല്‍ മൂന്നിന് നടക്കും


പ്രധാന വാർത്തകൾ
 Top