20 November Wednesday

മാതാപിതാക്കൾ മരിച്ചനിലയിൽ; മകൻ പൊലീസ്‌ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ഷംസു, സരസ്വതി, സനൽ

കൊച്ചി > മാനസികാസ്വാസ്ഥ്യമുള്ള യുവാവ്‌ മാതാപിതാക്കളെ വീടിനുള്ളിൽ കൊലപ്പെടുത്തി. എളമക്കര സുഭാഷ്‌ നഗർ അഞ്ചനപ്പള്ളി ലെയ്‌ൻ അഴീക്കൽക്കടവുവീട്ടിൽ റിട്ടയേർഡ്‌ പോർട്ട്‌ ട്രസ്‌റ്റ്‌ ജീവനക്കാരൻ ഷംസു (61), ഭാര്യ സരസ്വതി (57) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. മകൻ സനലിനെ (30) എളമക്കര പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചുറ്റികകൊണ്ട്‌ തലയ്‌ക്കടിച്ചിട്ടുണ്ടെന്നാണ്‌ പൊലീസിന്റെ പ്രാഥമികനിഗമനം. ശരീരത്തിൽ മുറിവുകളുണ്ട്‌. മൃതദേഹത്തിനുസമീപത്തുനിന്ന്‌ ചുറ്റിക, കത്തി, ആക്‌സോ ബ്ലേഡ്‌ എന്നിവ കണ്ടെടുത്തു. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയ്‌ക്കാണ്‌ സംഭവം. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം പോസ്‌റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. പോസ്‌റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നു തൃക്കാക്കര അസി. കമീഷണർ വി കെ രാജു പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ മാനസികരോഗവിഭാഗത്തിൽ സനൽ വർഷങ്ങളായി ചികിത്സ തേടിയിരുന്നുവെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. ഇയാൾ ആക്രമണസ്വഭാവം കാണിക്കാറില്ലെന്ന്‌ സമീപവാസികൾ പറഞ്ഞു. സമീപത്ത്‌ താമസിക്കുന്ന ബന്ധു ഷംസുവിന്റെ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. തുറന്നുകിടന്ന ജനൽവഴി കണ്ട സനലിനോട്‌ അച്ഛനും അമ്മയും എവിടെയെന്ന്‌ ചോദിച്ചപ്പോൾ, മുകളിലുണ്ടെന്നായിരുന്നു മറുപടി. ഷംസുവിനെയും സരസ്വതിയെയും താഴേക്ക്‌ കാണാത്തതിൽ സംശയം  തോന്നിയ ഇയാൾ സമീപവാസികളെയും പൊലീസിനെയും അറിയിച്ചു. എളമക്കര പൊലീസ്‌ എത്തി വാതിൽ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ മുകൾനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. സനലിന്‌ നൽകാനുള്ള മരുന്ന്‌ സരസ്വതിയുടെ കൈയിലുണ്ടായിരുന്നു. സനലിനെ രാത്രി മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top