21 November Thursday

ഉപതെരഞ്ഞെടുപ്പ്‌: തോരാതെ മഴയും ആവേശവും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കൊച്ചി > കനത്ത മഴ എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പിനെയും വോട്ടർമാരെയും ബാധിച്ചു. ആകെയുള്ള 135 ബൂത്തുകളിലും നിശ്‌ചിത സമയത്ത്‌ പോളിങ് തുടങ്ങാനായില്ല്ല. മഴയിൽ വെള്ളം കയറിയ 11 ബൂത്തുകൾ മറ്റിടങ്ങളിലേക്ക്‌ മാറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തിയശേഷമാണ്‌ പോളിങ് തുടങ്ങിയത്‌. തുടക്കംമുതൽ മന്ദഗതിയിലായിരുന്ന പോളിങ് അവസാനിക്കുംവരെ അതേനില തുടർന്നു. നിശ്‌ചിത സമയത്ത്‌ 108 ബൂത്തുകളിലെ പോളിങ് അവസാനിച്ചപ്പോൾ പോൾ ചെയ്‌തത്‌ 57.67 ശതമാനംപേർ.  വോട്ടർമാർ കാത്തുനിന്ന 27 ബൂത്തുകളിൽ രാത്രി എട്ടിനും പോളിങ്‌ നീണ്ടു.

അരൂർ
കനത്തമഴയെ അതിജീവിച്ച്‌ രാത്രി ഏഴുവരെ പോളിങ്‌ നീണ്ടു. 183 ബൂത്തുകളിൽ 157ലും ആറോടെ പോളിങ്‌ സമാപിച്ചു. ബാക്കി ബൂത്തുകളിൽ ക്യൂവിലുണ്ടായിരുന്നവർക്ക്‌ സ്ലിപ്പ്‌ നൽകി. മഴമാറിനിന്ന ഉച്ചയോടെ വോട്ടർമാർ കൂട്ടമായെത്തി. ആദ്യമണിക്കൂറിൽ 5.73 ശതമാനം വോട്ട് രേഖപ്പെടുത്തി. 6.30ന്‌ 79.07 ശതമാനത്തിലെത്തി. 35 –--ാം നമ്പർ പോളിങ് ബൂത്തായ മറ്റത്തിൽ ഗവ. എൽ പി സ്‌കൂളിന്റെ കിഴക്കുവശത്തെ തെക്കേ കെട്ടിടത്തിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.

വട്ടിയൂർക്കാവ്
വൈകിട്ട്‌ ആറിനുശേഷവും നാൽപതോളം ബൂത്തുകളിൽ പോളിങ്‌ തുടർന്നു.  ഉച്ചയ്‌ക്ക്‌ ശേഷമായിരുന്നു വോട്ടർമാർ ഏറെയും  എത്തിയത്‌. 20 മാതൃകാബൂത്തുകളിൽ വോട്ടർമാർക്ക്‌ മധുരവിതരണവും വൃക്ഷത്തൈ വിതരണവും ഉണ്ടായി. വൈകിട്ട്‌ ആറിന്‌ ബൂത്തിൽ വോട്ടു ചെയ്യാൻ ഉണ്ടായിരുന്നവർക്ക്‌ സ്ലിപ്പ്‌ നൽകി. 168 ബൂത്തുകളിലെയും വോട്ടിങ്‌ യന്ത്രങ്ങൾ പട്ടം സെന്റ്‌മേരീസിലെ സ്‌ട്രോങ്‌ റൂമിലേക്ക്‌ രാത്രിയോടെ മാറ്റി.

കോന്നി
കനത്ത മഴയിലും അണയാത്ത ആവേശവുമായി കോന്നിയിൽ വോട്ടർമാർ പോളിങ‌് ബൂത്തുകളിലെത്തി. ഞായറാഴ‌്ച രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ തുടർന്നത‌് ആശങ്ക പരത്തിയെങ്കിലും മഴയെ അവഗണിച്ച്‌ വോട്ടർമാർ എത്തിക്കൊണ്ടിരുന്നു.
212 ബൂത്തുകളിലും രാവിലെ ഏഴിനു വോട്ടെടുപ്പ‌് ആരംഭിച്ചു. കിഴക്കൻ മലയോര മേഖലയായ ചിറ്റാർ, സീതത്തോട‌്, തണ്ണിത്തോട‌് മേഖലകളിൽ രാവിലെ മുതൽ ബൂത്തുകളിൽ വൻതിരക്കായിരുന്നു. പതിനൊന്നോടെ മഴമാറി വോട്ടെടുപ്പ‌് സജീവമായി. ആറോളം ബൂത്തുകളിൽ മെഷീൻ പണിമുടക്കി. അധികം വൈകാതെ മെഷീൻ മാറ്റിവച്ച‌് വോട്ടെടുപ്പ‌് പുനരാരംഭിച്ചു.

മഞ്ചേശ്വരം
രാവിലെ മുതൽ മുഴുവൻ ബൂത്തുകളിലും കനത്ത പോളിങ്‌ നടന്നു. ശക്തമായ സുരക്ഷാ സംവിധാനമൊരുക്കിയതിനാൽ സമാധാനപരമായിരുന്നു  തെരഞ്ഞെടുപ്പ്‌ . ഉപതെരഞ്ഞെടുപ്പ്‌ നടന്ന  മറ്റു മണ്ഡലങ്ങളെ മഴ ബാധിച്ചുവെങ്കിലും  മഞ്ചേശ്വരത്ത്‌  മഴയുണ്ടായിരുന്നില്ല.


പ്രധാന വാർത്തകൾ
 Top