23 November Saturday

കനത്തമഴ: പോളിങ്‌ താമസിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കൊച്ചി > എറണാകുളത്ത്‌ കനത്ത മഴയിൽ തെരഞ്ഞെടുപ്പുബൂത്തുകളിൽ വെള്ളം കയറി. അയ്യപ്പൻകാവ്‌ എസ്‌എൻ എച്ച്‌എസ്‌എസിലെ അഞ്ചു ബൂത്തിലും കടാരിബാഗ്‌ കേന്ദ്രീയ വിദ്യാലയത്തിലെ നാലു ബൂത്തിലും കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടു ബൂത്തുകളിലുമാണ്‌ തിങ്കളാഴ്‌ച രാവിലെ വെള്ളം കയറിയത്‌. ബൂത്തിനുള്ളിൽ വെള്ളക്കെട്ടായതോടെ ഇവിടെ പോളിങ് മന്ദഗതിയിലാണ്‌ നീങ്ങിയത്‌. വെള്ളം കയറിയ ബൂത്തുകളിൽ ബദൽസംവിധാനം ഒരുക്കി. അയ്യപ്പൻകാവ്‌ എസ്‌എൻ എച്ച്‌എസ്‌എസിലെ ഹൈസ്‌കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൂന്നു ബൂത്തുകളും ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള രണ്ടു ബൂത്തുകളും മുകളിലത്തെ നിലയിലേക്ക്‌ മാറ്റി.
മുട്ടറ്റം വെള്ളത്തിലാണ്‌ അയ്യപ്പൻകാവ്‌ എസ്‌എൻ എച്ച്‌എസ്‌എസിലേക്ക്‌ ആളുകൾ എത്തിയത്‌. വെള്ളക്കെട്ടിൽ ചിലർ കാലിടറി വീണു. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു വിഭാഗം ആളുകൾ പ്രതിഷേധം ഉയർത്തി.

കടാരിബാഗ്‌ കേന്ദ്രീയ വിദ്യാലയത്തിലെ നാലു ബൂത്തുകളിൽ വെള്ളം കയറിയതോടെ പോളിങ് ഒരുമണിക്കൂറോളം വൈകി. കേന്ദ്രീയ വിദ്യാലയത്തിന്റെ സമീപമുള്ള കെട്ടിടത്തിലേക്കാണ്‌ നാലു ബൂത്തുകളും മാറ്റിയത്‌. കടാരിബാഗിലെ ബൂത്തുകളിലേക്ക്‌ എത്തേണ്ട വഴികളും വെള്ളക്കെട്ടിലായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top