26 October Monday

പൊളിഞ്ഞു വീഴാൻ പോകുന്നത് യുഡിഎഫ് അഴിമതിയുടെ നിത്യസ്മാരകം

സ്വന്തം ലേഖകൻUpdated: Tuesday Sep 22, 2020

കൊച്ചി >പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകമാണ് ഇതോടെ പൊളിയാൻ പോകുന്നത്. ഗതാഗതത്തിന്‌ തുറന്ന്‌ രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം യുഡിഎഫ്‌ അഴിമതിയുടെ നിത്യസ്‌മാരകമാണ്‌.

കൊള്ളസംഘം രൂപപ്പെടുന്നു

ഉമ്മൻചാണ്ടി സർക്കാരിന്റെ സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി 2013 ലാണ്‌ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ പദ്ധതി തയ്യാറാക്കുന്നത്‌. അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന്‌ സസ്‌പെൻഷനിലായിരുന്ന ടി ഒ സൂരജ്‌ ഇതോടൊപ്പം പൊതുമരാമത്ത്‌ സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തുന്നു.   ദേശീയപാത അതോറിറ്റി നിർമിക്കേണ്ട പാലം പൊതുമരാമത്ത്‌ വകുപ്പ്‌ സ്വമേധയാ ഏറ്റെടുക്കുന്നു. മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ചെയർമാനായ കേരള റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷ(ആർബിഡിസികെ)ന്‌ മേൽനോട്ട ചുമതല നൽകി. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കൺസൾട്ടൻസിയായി.

പാലം നിർമാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച്‌ ആർഡിഎസ്‌ പ്രോജക്‌ട്‌സ്‌ എന്ന കമ്പനിക്ക്‌ കരാർ ഉറപ്പിച്ചുകൊടുത്തു. മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത്‌ സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ്‌. ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമാണം ആറ്‌ കോടിയോളം കുറവിലാണ്‌ ആർഡിഎസ്‌ കരാറെടുത്തത്‌. നിർമാണത്തിന്‌ മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്‌) നൽകില്ലെന്ന്‌ മറ്റു കരാറുകാരോട്‌ പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന്‌ കൈമാറി. ഇതിന്‌ മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ്‌ വെളിപ്പെടുത്തിയത്‌ ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി. അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന്‌ തിരിച്ചടി.

ഇരുമ്പാണിക്ക്‌ പകരം മുളയാണി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ്‌ അത്‌ മറികടക്കാൻ കൂടിയാണ്‌ ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമാണമേറ്റെടുത്തത്‌. യുഡിഎഫ്‌ സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും   കരാർ തുകയിൽ നിന്ന്‌ വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട്‌ പാലം പണിത കരാറുകാരൻ നിർമാണത്തിൽ ക്രമക്കേടുകൾ കാണിക്കുക സ്വാഭാവികം. കൊള്ളപ്പണം കൈപ്പറ്റിയവർ അതിനു നേരെ കണ്ണടയ്‌ക്കുകയും ചെയ്‌തു. പാലം നിർമാണത്തിന്‌ ഉപയോഗിച്ച കോൺക്രീറ്റു കൂട്ട്‌ നിർദ്ദിഷ്‌ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായി. അതും ആവശ്യത്തിന്‌ ഉപയോഗിച്ചില്ല.

ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാതതൊർഡിഎസ്‌ തോന്നിയപടി നിർമാണം പൂർത്തിയാക്കി. ഗതാഗതത്തിന്‌ തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്‌ദത്തോടെ പലാം ഇളകി. സ്‌പാനുകൾക്കിടയിലെ ജൊയിന്റ്‌ തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ്‌ മൂലം തകർന്നു. കോൺക്രീറ്റ്‌ നിർമാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു. പാലം യാത്രായോഗ്യമല്ലെന്ന്‌ വിലയിരുത്തലുണ്ടായതോടെ മദ്രാസ്‌ ഐഐടിയെ പരിശോധനക്ക്‌ നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂൺ ഒന്നിന്‌ അടച്ചു.

ഞെട്ടിച്ച കണെടത്തലുകൾ

ആദ്യം മദ്രാസ്‌ ഐഐടിയും പിന്നീട്‌ മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്‌ദ സംഘവും നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്‌ കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച കണ്ടെത്തലുകൾ. ഐഐടിയിലെ വിദഗ്‌ധ സംഘത്തിന്റെ പരിശേളാധനയിൽ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ്‌ ഠണ്ടനെ പൊലുള്ള വിദഗ്‌ധരുമുൾപ്പെട്ട സംഘം രണ്ട്‌വട്ടം പാലം പരിശോധിച്ചു.

പാലം പൊളിച്ചു പണിയണമെന്ന്‌ വിധിയെഴുതി. പാലത്തിന്റെ ഡിസൈനിൽ മുതൽ കുഴപ്പങ്ങളുള്ളതായി ശ്രീധരൻ വെളിപ്പെടുത്തി. 18.71 കോടി രൂപ ചെലവിൽ പാലം പുനർനിർമിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. രാജ്യത്ത്‌ ഇത്തരമൊരു നിർമാണം ആദ്യമാണെന്ന്‌ ശ്രീധരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

പാലം വിഴുങ്ങിയതാരൊക്കെ

പാലം പെുനർനിർമിക്കാനുള്ള നടപടികൾക്കൊപ്പം നിർമാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ്‌ അന്വേഷണവും പ്രഖ്യാപിച്ചു. അതിന്‌ പിന്നാലെ ഉമ്മൻചാണ്ടി ഉൾപ്പെടെ യുഡിഎഫ്‌ നേതൃനിരയാകെ  പങ്കെടുത്ത യൂഡിഎഫ്‌ സമരം കളമശേരിയിൽ അരങ്ങേറി. വിജിലൻസ്‌ അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഫലംകണ്ടില്ലെന്ന്‌ തുടർന്നുണ്ടായ സംഭവങ്ങളിലൂടെ കേരള സമൂഹത്തിന്‌ ബോധ്യപ്പെട്ടു.  

നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച്‌ വിജിലൻസ്‌ 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ ഉൾശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്‌തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി. 

പാലാരിവട്ടം പാലം നിർമാണത്തിന്‌ പിന്നിൽ നടന്ന അഴിമതിയിൽ രാഷ്‌ട്രീയ നേതൃത്വത്തിന്‌ പങ്കുണ്ടെന്ന വിവരം വിജിലൻസ്‌ കോടതിയെ അറിയിച്ചു. വിജിലൻസ്‌ സമർപ്പിച്ച അന്വേഷണ വിവരങ്ജളോട്‌ കോടതികൾ ഞെട്ടലോടെയാണ്‌ പ്രതികരിച്ചത്‌. അറസ്‌റ്റിലായ പ്രതികൾക്ക്‌ കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചു. അവർ പുറത്തിറങ്ങിയാൽ കേസിനെ വഴിതിരിച്ചുവിടാൻ ഇടപെടുമെന്ന വിജിലൻസ്‌ വാദം അംഗീകരിച്ചാണ്‌ ഓരോ തവണയും ജാമ്യം നിഷേധിച്ചത്‌.

നാണക്കേടിന്റെ പാലം

പാലാരിവട്ടം പാലം അഴിമതി കൊച്ചി നഗരത്തിന്‌ സമ്മാനിച്ചത്‌ തീരാദുരിതം മാത്രമല്ല ലോകത്തിന്‌ മുന്നിൽ തലകുനിച്ചുപോകുന്ന നാണക്കേട്‌ കൂടിയാണ്‌. മഹാനഗരവും മെട്രോ നഗരവുമായി വളർന്ന കൊച്ചിക്ക്‌ ലോകമറിയുന്ന തിരിച്ചറിയൽ അടയാളം നാണക്കേടിന്റെ ഈ പഞ്ചവടിപ്പാലമാണ്‌. 

നഗരവാസികൾ പാലാരിവട്ടം പാലത്തിന്‌ അപ്പുറമിപ്പുറം മണിക്കൂറുകളോളം കുരുങ്ങിക്കിടക്കും. എത്രയോ ലക്ഷം രൂപയുടെ ഇന്ധനം അതിനായി പാഴാകും. എത്രയോ വിലപ്പെട്ട സമയം ചെലവാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top