29 October Thursday

അനധികൃത നിയമനം നേടിയവർക്ക്‌ ഹിയറിങ്ങിന്‌ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


തിരുവനന്തപുരം
കഴിഞ്ഞ അക്കാദമിക‌ വർഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അനധികൃതമായി നിയമിതരായ അധ്യാപകരോട്‌ ഹിയറിങ്ങിന്‌ ഹാജരാകാൻ വിദ്യാഭ്യാസ വകുപ്പ്‌ ആവശ്യപ്പെട്ടു. കുട്ടികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടി 90 സ്കൂൾ മാനേജ്‌മെന്റ്‌ നിയമിച്ച 155 അധ്യാപകർ, ഇവരെ നിയമിച്ച സ്കൂൾ പ്രധാനാധ്യാപകർ, മാനേജർമാർ എന്നിവർക്കാണ്‌ ഓൺലൈൻ ഹിയറിങ്ങിന്‌ ഹാജരാകാൻ നോട്ടീസ്‌ നൽകിയത്‌. ആരുടെയും നിയമനം വകുപ്പ്‌ അംഗീകരിച്ചിട്ടില്ല.

പരിശോധനയ്‌ക്കുശേഷം കൂടുതലായി അനുവദിച്ച ഡിവിഷനുകൾ റദ്ദാക്കുകയും സർക്കാരിന്‌ അധിക സാമ്പത്തികബാധ്യത ഉണ്ടായിട്ടുണ്ടെങ്കിൽ പ്രധാനാധ്യാപകർ, നിയമിക്കപ്പെട്ട അധ്യാപകർ എന്നിവരിൽനിന്ന്‌ ഈടാക്കുകയും ചെയ്യുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ ഓഫീസ്‌ പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലിന്‌ കീഴിലുള്ള സൂപ്പർ ചെക്ക്‌ സെല്ലുകൾ എല്ലാ വർഷവും അനധികൃത നിയമനം കണ്ടെത്താൻ സ്കൂളുകളിൽ പരിശോധന നടത്താറുണ്ട്‌. അധികമായി അനുവദിച്ച എല്ലാ ഡിവിഷനും പ്രത്യേകം പരിശോധിക്കണമെന്ന്‌ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം  നിർദേശവും നൽകിയിരുന്നു. ഇതേത്തുടർന്ന്‌ വിവിധ ഘട്ടങ്ങളിലായി 178 സ്കൂളിൽ പരിശോധന നടത്തി‌.

ക്രമക്കേട്‌ കണ്ടെത്തിയ 90ൽ 79ഉം എയ്‌ഡഡ്‌ സ്കൂളാണ്‌. ഏഴ്‌ സർക്കാർ വിദ്യാലയങ്ങളും. ചില എയ്‌ഡഡ്‌ സ്കൂളുകൾ വ്യാജ കണക്ക്‌ നിരത്തി അഞ്ച്‌ ഡിവിഷൻവരെ നേടി. 200 കുട്ടികൾവരെ അധികമായെത്തിയെന്ന്‌ തെറ്റിദ്ധരിപ്പിച്ച സ്കൂളുകളുമുണ്ട്‌.

ഹിയറിങ്ങിനുശേഷം ക്രമക്കേട്‌ സ്ഥിരീകരിച്ചാൽ തസ്തിക റദ്ദാക്കാൻ സ്കൂളുകൾക്ക്‌ നിർദേശം നൽകും. സ്ഥിരം നിയമനം നേടിയിട്ടുണ്ടെങ്കിൽ അത്‌ റദ്ദാക്കുകയും സർക്കാരിന്‌ ചെലവായ തുക ഇവരിൽനിന്ന്‌ കണ്ടുകെട്ടും. അധികമായി ലഭ്യമാക്കിയ പുസ്തകം, ഭക്ഷണം, യൂണിഫോം, ഇതര ചെലവുകൾ എന്നിവയും ഈടാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top