18 October Friday

വട്ടിയൂർക്കാവിൽ പട തുടങ്ങി ; കോൺഗ്രസിൽ ഡസൻ പേർ

എം വി പ്രദീപ്‌Updated: Monday Sep 23, 2019



വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കോൺഗ്രസിലും ബിജെപിയിലും ഒരുപോലെ ഗുസ്‌തി. മണ്ഡലം ഉപേക്ഷിച്ചുപോയ കെ മുരളീധരനു പകരം സഹോദരി പത്‌മജ വന്നാൽ ഏണിയാകുമെന്ന്‌ തിരിച്ചറിഞ്ഞ മുരളീധരൻ തന്നെ സഹോദരിയുടെ പേര്‌ തള്ളി. എന്നാൽ, താൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്നും  മുരളീധരന്റെ  പ്രസ്താവന എന്തുകൊണ്ടാണെന്ന്‌ മനസ്സിലായില്ലെന്നും പത്‌മജ പ്രതികരിച്ചു.

ഈ തക്കംനോക്കി രംഗത്തെത്തിയ എൻ പീതാംബരകുറുപ്പ്‌ മുരളീധരന്‌ തന്നോട്‌ ഇഷ്ടക്കേടില്ലെന്ന്‌ പറഞ്ഞ്‌ മോഹം പരസ്യമാക്കി. ‘എന്നെപ്പോലെ കാത്തിരിക്കാൻ തയ്യാറായ മറ്റൊരാളും പാർടിയിലില്ല. പാർടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കാൻ തയ്യാറാണ്‌. മത്സരിക്കാൻ ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല’ –-കുറുപ്പ്‌ വിശദീകരിച്ചു.

അതേസമയം ഒരു ഡസനോളം പേർ വട്ടിയൂർക്കാവ്‌ സീറ്റിനായി രാഹുൽ ഗാന്ധിയെ സമീപിച്ചിട്ടുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, മനുഷ്യാവകാശ കമീഷൻ അംഗം കെ മോഹൻ കുമാർ, മുൻ യൂത്ത്‌ കമീഷൻ ചെയർമാൻ ആർ വി രാജേഷ്‌, പി സി വിഷ്‌ണുനാഥ്‌, ജ്യോതി വിജയകുമാർ തുടങ്ങിയവരാണ്‌ കിനാവ്‌ കാണുന്നത്‌. ഇവരുടെ ബയോഡാറ്റയുടെ നിരവധി കോപ്പികളാണ്‌ എഐസിസി ആസ്ഥാനത്തേക്ക്‌ പറന്നത്‌. വിഷ്‌ണുനാഥിനു വേണ്ടി ഉമ്മൻചാണ്ടിയും രംഗത്തുണ്ട്‌. കെ മുരളീധരനും ഉമ്മൻചാണ്ടിയും അടുപ്പത്തിലായതിനാൽ വിഷ്‌ണുനാഥിന്‌ നറുക്ക്‌ വീഴുമെന്ന കണക്കുകൂട്ടലിലാണ്‌ എ ഗ്രൂപ്പ്‌. അതേസമയം നെയ്യാറ്റിൻകര സനലിനുവേണ്ടി കെ സി വേണുഗോപാലും  രംഗത്തുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top