24 October Thursday

പൊതുജനാരോഗ്യം സംരക്ഷിക്കാൻ ചികിത്സാച്ചെലവ് കുറയ്ക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ഐസിസി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വേദിയിലേക്ക് ആനയിക്കുന്നു


കൊച്ചി
സമ്പൂർണമായ പൊതുജനാരോഗ്യം കൈവരിക്കുന്നതിനുള്ള വലിയ തടസ്സം താങ്ങാൻകഴിയാത്ത ചികിത്സാച്ചെലവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിച്ചും  അവശ്യമരുന്നുലഭ്യത ഉറപ്പുവരുത്തിയും ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിച്ചും സംസ്ഥാന സർക്കാർ മികച്ച ഇടപെടലാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി (ഐസിസി) ദേശീയ സമ്മേളനം ഹോട്ടല്‍ ലെ മെറീഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആർദ്രം മിഷൻ പോലെയുള്ള പദ്ധതികൾ മികച്ച ഉദാഹരണങ്ങളാണ്‌. കാർഡിയോ വാസ്‌കുലർ രോഗങ്ങളെ പ്രതിരോധിക്കാൻ ജില്ലാ–-താലൂക്ക്‌ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളാണ്‌ സർക്കാർ ഒരുക്കിയിരിക്കുന്നത്‌. സർക്കാർ മെഡിക്കൽ കോളേജുകളിൽ കാത്ത്‌ ലാബ്‌ അടക്കമുള്ള അത്യന്താധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഹൃദ്‌‌രോഗങ്ങളുടെ പ്രതിരോധം,  നേരത്തെയുള്ള രോഗനിര്‍ണയം, അത്യന്താധുനിക ചികിത്സാമാര്‍ഗങ്ങള്‍, തുടര്‍ചികിത്സകള്‍ എന്നിവ സംബന്ധിച്ച അവബോധം വ്യാപിപ്പിക്കുന്നതിന് ജനപങ്കാളിത്തമുള്ള പ്രചാരണപദ്ധതികള്‍ ആവശ്യമാണ്‌.

ആധുനിക ഹൃദ്‌‌രോഗ ചികിത്സയെപ്പറ്റിയുള്ള അറിവ് ചികിത്സാസമയത്തെ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. മെഡിക്കല്‍ മേഖല കൂടുതല്‍ ബോധവല്‍ക്കരണപരിപാടികള്‍ ഇതിനായി ഏറ്റെടുക്കണം. കൂടാതെ എല്ലാ വൈദ്യശാസ്ത്ര നേട്ടങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും- മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായി. ഡോ. എൻ എൻ ഖന്ന അധ്യക്ഷനായി. ഡോ. ബി സി ശ്രീനിവാസ്‌,  ഡോ. ടി ആർ രഘു, ഡോ. കെ പി ബാലകൃഷ്‌ണൻ, ഡോ. കെ വേണുഗോപാൽ, ഡോ. പി ബി ജയഗോപാൽ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top