22 October Tuesday

മെഡിക്കൽ മിഷൻ ആശുപത്രി ജൂബിലിയാഘോഷം ഇന്നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


കോലഞ്ചേരി
മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലിയോടനുബന്ധിച്ച് ആശുപത്രി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജയും 1000 സൗജന്യ തിമിര ശസ്ത്രക്രിയ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥും നിർവഹിക്കും. ജൂബിലി പ്രോഗ്രാം ബ്രോഷർ ബെന്നി ബഹനാൻ എംപിയും ഐക്കോണിക് കാർഡ് വി പി സജീന്ദ്രൻ എംഎൽഎയും പ്രകാശനം ചെയ്യും.

ആശുപത്രിയിൽ തുടർച്ചയായ ഏഴുദിവസം നവജാത ശിശുപരിപാലന കേന്ദ്രത്തിൽ കഴിയുന്ന കുട്ടികൾക്ക് സുവർണജൂബിലി വർഷത്തിൽ ആജീവനാന്തം ഇളവുകളോടെ ചികിത്സ ലഭ്യമാക്കുന്ന സംരംഭമാണ് ഐക്കോണിക് കാർഡെന്ന് ആശുപത്രി സിഇഒ ജോയ് പി ജേക്കബ് പറഞ്ഞു. ഇതിനുപുറമെ വിവിധ സ്‌കൂളുകളിലെ 10,000 വിദ്യാർഥികൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി പ്രത്യേക പരിചരണം നൽകുമെന്നും അദേഹം പറഞ്ഞു.   അർബുദരോഗ ചികിത്സ, പട്ടികവർഗ കോളനികളിൽ ആരോഗ്യ പരിപാലന പരിപാടികൾ, മെഗാ മെഡിക്കൽ പ്രദർശനം, സെമിനാറുകൾ, മെഗാ മെഡിക്കൽ ക്യാമ്പുകൾ, കുഷ്ഠരോഗ നിർണയവും ചികിത്സയും തുടങ്ങി വിവിധ സൗജന്യ പരിപാടികൾ നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട്  സോജൻ ഐപ്പ് അറിയിച്ചു.

1970 സെപ്തംബർ 14ന് 100 കിടക്കകളോടെ പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ ഇന്ന് 1100 കിടക്കകളും, 34 ക്ലിനിക്കൽ ഡിപ്പാർട്‌മെന്റുകളും 200 ഡോക്ടർമാരും 1600 ജീവനക്കാരുമുണ്ട്‌.


പ്രധാന വാർത്തകൾ
 Top