18 September Wednesday

നെഞ്ചോട്‌ ചേർത്തു, നക്ഷത്രങ്ങളെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കൊച്ചി
എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ വൻ വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 129 കോളേജിൽ 117 കോളേജ്‌ യൂണിയനും എസ്‌എഫ്‌ഐ നേടി. 40 ഇടത്ത്‌ എതിരില്ലായിരുന്നു. പത്ത്‌ കോളേജ്‌ യൂണിയൻ കെഎസ്‌യു–- എംഎസ്‌എഫ്‌ സഖ്യവും ഒരു കോളേജിൽ എബിവിപിയും വിജയിച്ചു. 

എറണാകുളം ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 41 കോളേജുകളിൽ 37ലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തിളക്കമാർന്ന ജയം സ്വന്തമാക്കി. ആറിടത്ത്‌ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു നടന്ന എറണാകുളം മഹാരാജാസ്‌ ഉൾപ്പെടെ ഏഴ്‌ കോളേജുകളിൽ മുഴുവൻ സീറ്റും സമ്മാനിച്ചാണ്‌ വിദ്യാർഥികൾ  പ്രിയപ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തത്‌. എന്നാൽ കാലടി ശ്രീശങ്കര കോളേജും ആലുവ യുസി കോളേജും കെഎസ്‌യു സഖ്യം നേടി.
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കലാലയത്തിൽ വർഗീയ ശക്തികൾക്ക്‌ ഇടമില്ലെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ച്‌  മഹാരാജാസ്‌ കോളേജിൽ 14 സീറ്റിലും എസ്‌എഫ്‌ഐ വൻഭൂരിപക്ഷം നേടി. ചെയർപേഴ്‌സൺ സ്ഥാനാർഥി വി ജി ദിവ്യക്ക്‌ 1163 വോട്ട്‌ ലഭിച്ചു.

തൃപ്പൂണിത്തുറ ആർഎൽവി, സംസ്‌കൃത കോളേജ്‌, പള്ളുരുത്തി സിയന്ന, കോട്ടപ്പടി മാർ ഏലിയാസ്‌, നെല്ലിക്കുഴി ഇന്ദിരാഗാന്ധി, കോതമംഗലം എൽദോ മാർ ബസേലിയോസ്‌ എന്നിവിടങ്ങളിലാണ്‌ എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പു നടന്ന കോളേജുകളിൽ മഹാരാജാസിനു പുറമേ വൈപ്പിൻ ഗവ. കോളേജ്‌, എസ്‌എൻഎം മാല്യങ്കര, ഇടക്കൊച്ചി അക്വിനാസ്‌, ഐരാപുരം എസ്‌എസ്‌വി, കവളങ്ങാട്‌ എസ്‌എൻഡിപി കോളേജ്‌, മണിമലക്കുന്ന്‌ ഗവ. കോളേജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു.

കാലടി ശ്രീശങ്കര, കോതമംഗലം എംഎ, ആലുവ യുസി, ചൂണ്ടി ഭാരത്‌മാതാ ലോ കോളേജ്‌ എന്നിവിടങ്ങളിൽ കെഎസ്‌യു നേതൃത്വത്തിലുള്ള മുന്നണിക്കാണ്‌ ജയം. ആലുവ യുസി കോളേജിൽ എബിവിപിയുമായി സഖ്യമുണ്ടാക്കിയാണ്‌ കെഎസ്‌യു തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. കോട്ടയം ജില്ലയിലാണ്‌ ചരിത്ര വിജയം. 37ൽ 37 കോളേജ്‌ യൂണിയനുകളും എസ്‌എഫ്‌ഐ വിജയക്കൊടിനാട്ടി. 21ൽ എതിരില്ലായിരുന്നു. ബുധനാഴ്‌ച തെരഞ്ഞെടുപ്പ്‌ നടന്ന 16ലും വിജയിച്ചു. ഇടുക്കി ജില്ലയിൽ 34ൽ 28ഉം പത്തനംതിട്ടയിൽ 16ൽ 14ഉം എസ്‌എഫ്‌ഐയ്‌ക്കാണ്‌. പത്തനംതിട്ടയിലെ കോന്നി എൻഎസ്‌എസ്‌ കോളേജ്‌ എബിവിപി നേടി. ആലപ്പുഴ ജില്ലയിലെ ഏക കോളേജായ എടത്വ സെന്റ്‌ അലോഷ്യസും എസ്‌എഫ്‌ഐയ്‌ക്കാണ്‌.
 

 


പ്രധാന വാർത്തകൾ
 Top