19 September Thursday

കാശ്‌വി ആശുപത്രി വിട്ടു

സ്വന്തം ലേഖികUpdated: Thursday Aug 22, 2019


കൊച്ചി
കേരളത്തിൽ ജനിച്ച ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ്‌  ‘കാശ്‌വി’ ആശുപത്രി വിട്ടു. ഇരുപത്തിമൂന്നാം ആഴ്‌ചയിൽ  380 ഗ്രാം ശരീരഭാരവുമായി മെയ്‌ ഒന്നിന്‌ എറണാകുളം ലൂർദ്‌ ആശുപത്രിയിലായിരുന്നു ജനനം. ഉത്തർപ്രദേശ് സ്വദേശിയും ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡിഎൻബി മെഡിക്കൽ വിദ്യാർഥിയുമായ ഡോ. ദിഗ് വിജയ്‌യുടെയും ശിവാങ്കിയുടെയും മകളാണ്‌.

ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്‌ധൻ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ  സംഘമാണ്‌ നൂതന ചികിത്സാമാർഗത്തിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ചത്‌. നേരിയ ഹൃദയമിടിപ്പ്‌ മാത്രമുണ്ടായിരുന്ന ശിശുവിന്‌ ശ്വസിക്കാൻ കഴിയുമായിരുന്നില്ല. ജനിച്ചയുടൻ കൃത്രിമ ശ്വാസം നൽകി അഡ്വാൻസ്ഡ് സെന്റർ ഫോർ നിയോനാറ്റോ കെയർ ഐസിയുവിലേക്ക് മാറ്റി.  തലച്ചോറിന്റെ വളർച്ചയും ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെ വളർച്ച സൂക്ഷ്‌മമായി നിരീക്ഷിച്ച് പരിചരണം നൽകി. ഗർഭപാത്രത്തിലേതുപോലെ ഈർപ്പവും ചൂടും നിലനിർത്തി. അണുബാധയുണ്ടാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളെയും പ്രതിരോധിച്ചു. നവജാതശിശുരോഗ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ നേഴ്സുമാരുടെ സംഘം കരുതലോടെ  രാവും പകലും പരിചരണമേകി. ഗുരുതരാവസ്ഥ തരണം ചെയ്ത കുഞ്ഞ് പതിനാറാം ദിവസം മുതൽ സ്വയം ശ്വസിച്ചു. നേത്ര സംബന്ധമായ അസുഖം പരിഹരിക്കുന്നതിനുള്ള ചികിത്സയും നൽകി. ജനിച്ചപ്പോൾ ഒരു കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കാശ്‌വിക്ക്‌ ആശുപത്രി വിടുമ്പോൾ ഒന്നരക്കിലോ തൂക്കമായി. 375 ഗ്രാം തൂക്കത്തോടെ ഹൈദരാബാദിൽ ജനിച്ച കുട്ടിയാണ്‌ ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ ശിശു.

ലൂർദ്‌ ആശുപത്രിയിൽ നടന്ന വാർത്താസമ്മേളനത്തിൽ  പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ ആൻഡ്‌ റിസർച്ച്‌ ഡയറക്‌ടർ ഫാ. ഷൈജു അഗസ്‌റ്റിൻ തോപ്പിൽ, മെഡിക്കൽ ഡയറക്‌ടർ ഡോ. പോൾ പുത്തൂരാൻ, ഡോ. റോജോ ജോയ്‌, ഡോ. വർഗീസ്‌ ചെറിയാൻ, കാശ്‌വിയുടെ പിതാവ്‌ ഡോ. ദിഗ്‌ വിജയ്‌ എന്നിവരും പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top