22 November Friday

സഭാഭൂമി ഇടപാട്: അഞ്ചം​ഗ സമിതിയുടെ റിപ്പോര്‍ട്ട് പൊലീസിന് നല്‍കണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
സിറോ മലബാർസഭ എറണാകുളം–-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക ഇടപാടുകളെപ്പറ്റി അന്വേഷിച്ച അഞ്ചംഗ സഭാ സമിതിയുടെ അന്വേഷണ റിപ്പോർട്ട് കർദിനാളിനെതിരായ വ്യാജരേഖക്കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസി. കമീഷണർക്ക് നൽകാൻ ഹൈക്കോടതി നിർദേശം. കുറ്റപത്രം സമർപ്പിക്കുംവരെ റിപ്പോർട്ട് മറ്റാർക്കും ലഭിക്കാതെ രഹസ്യമായി സൂക്ഷിക്കണമെന്നും അസി. കമീഷണർക്ക് കോടതി നിർദേശം നൽകി.

അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ പൊലീസ് നൽകിയ നോട്ടീസിനെതിരെ രാജഗിരി കോളേജ്  ഓഫ്‌ സോഷ്യൽ സയൻസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോസഫ് ഐ ഇഞ്ചോടി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. വ്യാജരേഖക്കേസ് അന്വേഷിക്കുന്ന സംഘത്തിന് സഭയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിന്റെ ആവശ്യമില്ലെന്നും ഇത്‌ കർദിനാൾ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. സഭയുടെ ഓഡിറ്റ് റിപ്പോർട്ട്, സാമ്പത്തിക ഇടപാട്, ഭൂമി വിൽപ്പന എന്നിവ സംബന്ധിച്ച വിവരങ്ങളും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുമാണ് റിപ്പോർട്ടിൽ ഉള്ളത്. ഇത് പൊലീസിന് നൽകാൻ തയ്യാറാണ്. പക്ഷെ, പുറത്ത് പോകുന്നത് സഭയുടെ താൽപ്പര്യങ്ങളെ ഹനിക്കുമെന്ന്‌ ഹർജിക്കാരൻ വാദിച്ചു.


പ്രധാന വാർത്തകൾ
 Top