20 October Sunday

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019


കൊച്ചി
നേഴ്‌സുമാരുടെ സംഘടനയായ യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് എഡിജിപിയുടെ  (ക്രൈം) നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം നടത്താൻ മികച്ച സംഘത്തെ നിയോഗിക്കണമെന്നും ജസ്റ്റിസ് വി രാജാ വിജയരാഘവൻ നിർദേശിച്ചു. കേസ് റദ്ദാക്കാൻ ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

നിരപരാധിത്വം തെളിയിക്കുന്ന രേഖകൾ പ്രതികൾക്ക് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാക്കാമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണപുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. യുഎൻഎയുടെ പേരിൽ സമാഹരിച്ച പണം ജാസ്മിൻഷായും കൂട്ടരും വ്യക്തിപരമായ ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചെന്നാരോപിച്ച് സംഘടനയുടെ മറ്റൊരു ഭാരവാഹി നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. എന്നാൽ, പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌‌പി പ്രാഥമിക പരിശോധനാ റിപ്പോർട്ട് നൽകിയതാണെന്നും എന്നിട്ടും പുതിയ അന്വേഷണത്തിന് ഉത്തരവിട്ടെന്നുമാണ്  ഹർജിക്കാരുടെ വാദം. എന്നാൽ, സഹകരണസംഘം രജിസ്ട്രാറുടെ പക്കലുള്ള രജിസ്റ്ററുകൾ പരിശോധിക്കാതെയാണ് പ്രാഥമിക റിപ്പോർട്ട്‌ തയ്യാറാക്കിയതെന്ന് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ കോടതിയിൽ ബോധിപ്പിച്ചു. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചശേഷം ക്രൈംബ്രാഞ്ച് എഡിജിപിക്ക് ലഭിച്ച വസ്തുതകൾകൂടി പരിഗണിച്ചാണ് കേസെടുത്തത്. ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്‌, ഇടപാടുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കണമെന്നും സംഘടനയുടെ യൂണിറ്റ്, ജില്ലാ ഭാരവാഹികളെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

സംഘടനയുടെ പേരിൽ സമാഹരിച്ച വൻതുക ജാസ്മിൻഷാ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നും വിദേശത്തായ പ്രതികൾ അന്വേഷണത്തോട്‌ സഹകരിച്ചിട്ടില്ലെന്നും പരാതിക്കാരൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരെ വസ്തുതകളില്ലെന്ന് പറയാനാകില്ലെന്ന് സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. കുറ്റാന്വേഷണം എങ്ങനെ നടത്തണമെന്ന് പ്രതികൾക്ക് നിർദേശിക്കാനാവില്ലെന്നും ഇവർ അന്വേഷണത്തോട്‌ സഹകരിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്‌.


പ്രധാന വാർത്തകൾ
 Top