22 May Wednesday

ഒരു നായയും കുറെ കുഞ്ഞുങ്ങളും ഇപ്പോൾ വീട്ടിലുണ്ട‌്

എം വി പ്രദീപ്Updated: Wednesday Aug 22, 2018


ചെങ്ങന്നൂർ
ഇരച്ചെത്തിയ മലവെള്ളത്തിൽനിന്ന് രക്ഷപ്പെടാനായി ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വാടകവീടിന്റെ ടെറസിൽ അഭയം പ്രാപിച്ച സുരാജ് അയൽവാസികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആ ദാരുണ രംഗം കാണുന്നത്. ഒരു നായയും കുറേ കുഞ്ഞുങ്ങളും പ്രളയത്തിൽ മുങ്ങിത്താഴുന്നു. ദിവസങ്ങളായി ഇവ  പാണ്ടനാട് മിത്രമഠത്തെ കടകളുടെ പരിസരങ്ങളിൽ അലയുന്നത് കണ്ടിട്ടുണ്ട്. നാല് കുഞ്ഞുങ്ങളെ സുരാജ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തി. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി ടെറസിൽ കയറ്റുന്നത് കണ്ടതോടെ അമ്മ നായ നീന്തിയെത്തി സ്റ്റെപ്പ് വഴി ടെറസിൽ കയറി. മൂന്ന് നായക്കുട്ടികൾ കൂടി ഉണ്ടായിരുന്നു. കൈയിൽ കിട്ടാത്ത നായകുട്ടികളെ രക്ഷപ്പെടുത്താനായി  സുരാജ‌് വീണ്ടും ചെന്നെങ്കിലും ഇവ ഒലിച്ചുപോയി.

ടെറസിൽ മൂന്ന് കുടുംബങ്ങൾക്കൊപ്പം തെരുവ് നായയും കുട്ടികളും കഴിഞ്ഞു. അഭയം പ്രാപിച്ച ആളുകൾ കഴിച്ച വെള്ളവും ബിസ്കറ്റും നായക്കും കുഞ്ഞുങ്ങൾക്കും പകുത്തുനൽകി. ദുരന്തമായെത്തിയ മഹാപ്രളയത്തിന്റെ ഭീകരതയൊന്നും അറിയാത്ത സുരാജ് ദിവ്യ ദമ്പതികളുടെ മകൾ മൂന്നു വയസ്സുകാരി  കിങ്ങിണി നായകുട്ടികളുമായി ചങ്ങാത്തത്തിലായി. നാലാം ദിനമാണ് വെള്ളമിറങ്ങിയത്. നാല് നായക്കുട്ടികളും അമ്മ നായയും ഇപ്പോൾ അവരുടെ വളർത്തുനായകളായി. ടെറസിൽ എല്ലാം നിശബ്ദം നോക്കിയിരുന്ന അമ്മ നായ പ്രളയമിറങ്ങിയതോടെ നാലുപാടും നഷ്ടപ്പെട്ട കുഞ്ഞുങ്ങളെത്തേടി ഓടുകയാണ്. ഇടയ്ക്കിടെ പാഞ്ഞുവന്ന് രക്ഷപ്പെട്ട മക്കൾ രക്ഷകർക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കി വീണ്ടും അലയും.

പ്രധാന വാർത്തകൾ
 Top