23 May Thursday

കേരളത്തെ കുറ്റപ്പെടുത്തിയവർ ഒറ്റപ്പെടുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


തിരുവനന്തപുരം
പ്രളയത്തോടു പൊരുതുന്ന കേരളത്തെ കുറ്റപ്പെടുത്തിയവരെല്ലാം ഒടുവിൽ ഒറ്റപ്പെടുന്നു. എല്ലാം തകരുമെന്ന‌ും എല്ലാം തട്ടിപ്പാണെന്നും പറഞ്ഞു നടന്നവരെ ഇപ്പോൾ കാണാനില്ല.
രാഷ്ട്രീയമായും അല്ലാതെയും നിരവധി ആക്രമണങ്ങളാണ‌് കേരള ജനതയ‌്ക്കും സർക്കാരിനും എതിരേ ഉണ്ടായത‌്. കേരളത്തിന്റെ പരിശ്രമങ്ങൾ ഓരോന്നും വിജയിക്കുമ്പോൾ മുതലെടുപ്പ‌് നടത്താനുള്ള അവസരം നഷ്ടപ്പെട്ട ചിലരാണ‌് ‌‌എല്ലാത്തിനും പിന്നിൽ. പ്രതിപക്ഷ നേതാവ‌് ഉൾപ്പെടെയുള്ളവരും ബിജെപി നേതാക്ക‌ളും പലഘട്ടത്തിലും കേരളം നടത്തുന്ന പ്രവർത്തനങ്ങളെ വിലകുറച്ചു കണ്ടു. സംസ്ഥാനത്തിന്റെ അതീജീവനത്തെ ലോകം മുഴുവൻ അഭിനന്ദിക്കുമ്പോഴും ഇക്കൂട്ടർമാത്രം അതിന‌് തയാറായിട്ടില്ല. 


സംഘപരിവാർ സംഘടനകളുടെ താത്വികാചാര്യൻ എന്നവകാശപ്പെടുന്ന ഒരാളാണ‌് ട്വിറ്ററിലൂടെയും ഫെയ‌്സ‌്ബുക്കിലൂടെയും വ്യാജ പ്രചരണങ്ങൾക്ക‌് തുടക്കം കുറിച്ചത‌്. ‘ഡാമുകളെല്ലാം തുറന്നുവിട്ട‌് വെള്ളം പെരുപ്പിച്ചുകാട്ടി കേന്ദ്രസർക്കാരിന്റെ പണം അടിച്ചു മാറ്റാനുള്ള തന്ത്രമാണ‌് കേരളം നടത്തുന്നത‌്’ എന്ന‌് ഇദ്ദേഹം പറഞ്ഞപ്പോൾ ജനങ്ങൾ പുച്ഛിച്ച‌ു തള്ളി. കേരളത്തെ സഹായിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം തടഞ്ഞ കേന്ദ്രസർക്കാരിന‌് ജയ‌്‌വിളിച്ചതും ഇതേ താത്വികാചാര്യൻ തന്നെ. ബിജെപി സംസ്ഥാന പ്രസിഡന്റ‌് ഉൾപ്പെടെ ഇയാളുടെ വാക്കുകൾ ഏറ്റെടുത്ത‌ിരിക്കുകയാണ‌്.

സൈന്യത്തിന്റെ സഹായത്തോടെ കേരളത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ അംഗീകരിക്കാതെ, പൂർണമായി സൈന്യത്തെ ഏൽപ്പിച്ച‌് സംസ്ഥാനം കാഴ‌്ചക്കാരായി നിൽക്കണമെന്ന‌് മുറവിളി കൂട്ടിയ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയ‌്ക്കും ഇപ്പോൾ മറുപടിയില്ല. രക്ഷാപ്രവർത്തനത്തിന‌് സർക്കാർ നൽകിയ പിന്തുണയേയും കേരളം കാട്ടിയ ഒത്തൊരുമയേയും സൈനിക മേധാവികൾ തന്നെ അഭിനന്ദിച്ചത‌് ഇത്തരക്കാർക്കുള്ള മറുപടിയായിട്ടാണ‌് മലയാളികൾ കണക്കാക്കുന്നത‌്.

സൈനിക വേഷത്തിൽ രക്ഷാപ്രവർത്തനത്തേയും മുഖ്യമന്ത്രിയേയും സാമൂഹിക മാധ്യമങ്ങൾവഴി അപഹസിച്ചയാളെയും മലയാ‌ളികൾ ഒറ്റപ്പെടുത്തി. ഇയാൾ സൈനികനെല്ലെന്ന‌് സേനാമേധാവിതന്നെ പറഞ്ഞതോടെ ക്രിമിനൽ കേസിൽപെട്ടിരിക്കുകയാണ‌് കടമനിട്ട സ്വദേശിയായ യുവാവ‌്.

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് പണം അയക്കരുതെന്നും എല്ലാം ആർഎസ‌്എസ‌ിന്റെ സംഘടനയായ സേവാഭാരതിക്ക‌് നൽകണമെന്നുമുള്ള പ്രചരണവുമായി ചിലരെത്തി. എന്നാൽ മുഖ്യമന്ത്രിയുടെ വാക്കുകളെയാണ‌് ലോക മലയാളികളും കേരളത്തെ സ‌്നേഹിക്കുന്നവരും ഏറ്റെടുത്തത‌്. ഭയാനകമായ ഒരു അന്തരീക്ഷത്തിൽ നിന്ന‌് ആശ്വാസത്തിന്റെ പുഞ്ചിരിയുമായി  ഉയിർത്തെഴുന്നേറ്റ കേരളത്തെ ലോകം അഭിനന്ദിക്കുകയാണ‌്. കൈവശമുള്ള സന്നാഹങ്ങളുമായി ജനങ്ങളെ രക്ഷിക്കാൻ ഇച്ഛാശക്തി കാണിച്ച സർക്കാരിനും നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുൾപ്പെടെ പിന്തുണ ലഭിക്കുകയാണ‌്.

പ്രധാന വാർത്തകൾ
 Top