14 November Thursday

അടച്ചുപൂട്ടലിനെതിരെ രംഗത്തിറങ്ങുക: തപൻസെൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തിരുവനന്തപുരം > മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായി രാജ്യവ്യാപക പോരാട്ടം ശക്തമാക്കുമെന്ന‌് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും യോജിച്ച പോരാട്ടം നടത്തും. സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഫാക്ടറികളിലെ തൊഴിലാളിസമരം പൊതുസമൂഹം ഏറ്റെടുക്കണം. ഈ കമ്പനികൾ കുത്തകകൾക്ക‌് വിറ്റാൽ സാധാരണക്കാരന‌് ഒരു നേട്ടവും ലഭിക്കാതെയാകും–- അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തൊഴിലാളികൾ, കർഷകർ തുടങ്ങിയ അധ്വാനവിഭാഗങ്ങളുടെ ജീവിത പ്രശ‌്നങ്ങൾ മോഡി സർക്കാർ അവഗണിക്കുകയാണ‌്. കുറഞ്ഞ വേതനം 18000 രൂപയാക്കണമെന്ന ഇന്ത്യൻ ലേബർ കോൺഫറൻസ‌് തീരുമാനം കേന്ദ്രം നടപ്പാക്കുന്നില്ല. സർക്കാർ പരിഗണനയിലുള്ള മിനിമം വേതന നിർദേശം 4,700 രൂപയാണ‌്. റെയിൽവേ സ്വകാര്യവൽക്കരണം മുഖ്യ അജൻഡയാക്കി കേന്ദ്രസർക്കാർ. ഏഴ‌് ഉൽപ്പാദന യൂണിറ്റുകൾ വിൽക്കാൻ തീരുമാനിച്ചു. ബനാറസിലെയും റായ‌്ബറേലിയിലെയും തൊഴിലാളികൾ മോഡിയുടെ സന്ദർശനവേളയിൽ അടക്കം ശക്തമായ പ്രക്ഷേ‌ാഭം ഉയർത്തി. മറ്റു യൂണിറ്റുകളിലെ തൊഴിലാളികളും സമരത്തിലാണ‌്. പാസഞ്ചർ ഗതാഗതമേഖലയും സ്വകാര്യവൽക്കരിക്കുന്നു.

ബിഎംഎസ‌് ഒഴികെ രാജ്യത്തെ എല്ലാ ട്രേഡ‌് യൂണിയനുകളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ‌്. 2009 മുതൽ ഐഎൻടിയുസി സംയുക്ത ട്രേഡ‌് യൂണിയൻ സമിതിയിലുണ്ട‌്. യുപിഎ കാലത്ത‌് ബിഎംഎസ‌് ഒപ്പമുണ്ടായിരുന്നു. എന്നാൽ, മോഡിഭരണം വന്നതോടെ പിൻവാങ്ങി. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും തപൻസെൻ പറഞ്ഞു. സിഐടിയു സംസ്ഥാന പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top