29 September Tuesday

വട്ടംകറക്കി മഴ; 25 വരെ തുടരും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കോട്ടയം സംക്രാന്തി വട്ടമാലിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പം വീടൊഴിഞ്ഞു പോകാനുള്ള ഒരുക്കത്തില്‍ ഗൃഹനാഥന്‍ ഹരി. ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍

തിരുവനന്തപുരം > സംസ്ഥാനത്ത‌് 25 വരെ കനത്ത മഴ തുടരും. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുമുണ്ട‌്.  വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌  നിർദേശമുണ്ട്‌. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനതീരത്തേക്ക് പടിഞ്ഞാറ് ദിശയിൽനിന്ന്  50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട‌്.

മഴക്കെടുതി തുടരുകയാണ്. കൊല്ലം നീണ്ടകരയ‌്ക്കു സമീപം കടലിൽ വള്ളംമറിഞ്ഞ‌് കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ‌്ക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ്‌രാജിന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ അഞ്ചുതെങ്ങിൽ അടിഞ്ഞത‌്. രാജു, ജോൺബോസ്‌കോ എന്നിവർക്കായി തെരച്ചിൽ തുടരുന്നു.

ആലപ്പുഴയിൽ മരക്കൊമ്പ‌് വെട്ടാൻ കയറുന്നതിനിടെ വീണ‌് ഹരിപ്പാട‌് ചേപ്പാട് മുട്ടം ഇഞ്ചക്കോട്ടയിൽ തങ്കപ്പൻ (75) മരിച്ചു. കടലാക്രമണ ബാധിത പ്രദേശങ്ങളായ കാട്ടൂരിലും ആറാട്ടുപുഴയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട‌്. ആകെ 54 കുടുംബങ്ങളിലെ 225 പേർ ക്യാമ്പിലുണ്ട്‌.

മീനച്ചിലാറ്റിൽ ജലനിരപ്പ‌് ക്രമാതീതമായി ഉയർന്നു. കോട്ടയം ജില്ലയിൽ നാല‌് ക്യാമ്പുകൾ തുറന്നു. 18 കുടുംബങ്ങളിൽനിന്നായി 82 പേരുണ്ട്‌. പത്തനംതിട്ട ജില്ലയിൽ തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും മഴ തുടരുകയാണ‌്. രണ്ടു ക്യാമ്പ് തുറന്നു.  18 കുടുംബങ്ങളിലെ 67 പേരെ പാർപ്പിച്ചിട്ടുണ്ട‌്.

മൂന്നാറിനും പള്ളിവാസലിനുമിടെ ദേശീയപാതയിൽ  അഞ്ചിടത്ത‌് മണ്ണിടിഞ്ഞു. കല്ലാർകുട്ടി,  മലങ്കര, അണക്കെട്ടുകൾ തുറന്നു.  ഞായറാഴ‌്ച സംഭരണി പ്രദേശത്ത്‌ 78 മില്ലിമീറ്റർ മഴപെയ്‌തു.ഇടുക്കി –-  ചെറുതോണി ജലസംഭരണിയിൽ 2310 അടിയാണ്‌ ജലനിരപ്പ്‌.

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക‌് കൂടി. മലമ്പുഴയിൽ ജലനിരപ്പ‌് 104.35 മീറ്ററായി. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ 89.45 മീറ്ററായി. കനത്തമഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ‌ുവീണ‌് വൈപ്പിൻ എടവനക്കാട്ട‌് തമിഴ‌്നാട് സ്വദേശിയായ തൊഴിലാളി തങ്കവേലു (32) മരിച്ചു. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ‌് ഉയർന്നിട്ടുണ്ട‌്.

കണ്ണൂർ ജില്ലയിൽ  താഴ‌്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ‌്.  ഇരിട്ടി ഉളിക്കൽ മണിക്കടവിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് മണിക്കടവിലെ കാരിത്തടത്തിൽ ലിതീഷി (30)നെ കാണാതായി. മൂന്നുപേരെ രക്ഷിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top