11 December Wednesday

പാറമടയിൽ വീണ വീട്ടമ്മയ‌്‌ക്ക‌് രക്ഷകരായി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും അച്ഛനും

സ്വന്തം ലേഖകൻUpdated: Monday Jul 22, 2019

അങ്കമാലി > 100 അടിയോളം താഴ്‌ചയുള്ള പാറമടയിൽ  മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ‌്ക്ക‌് പുതുജീവനേകിയത‌് അയൽവാസികളായ അച്ഛനും മകനും. ഞായറാഴ്ച ഉച്ചയോടെ കറുകുറ്റി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാവട്ടാട്ടുകുന്ന് പള്ളിപ്പാടൻ വീട്ടിൽ അൽഫോൻസയാണ് (40)  വീടിന്റെ പിറകുവശത്തുള്ള മതിലിടിഞ്ഞ് തൊട്ടടുത്തുള്ള പാറമടയിലേക്ക‌് വീണത്. മൈലാടത്ത് വീട്ടിൽ എം പി ശശിയും (54) മകൻ അമൽജിത്തുമാണ‌് (23) ഇവർക്ക‌് രക്ഷകരായത‌്.  

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പ്രവർത്തനരഹിതമായ  25 അടിയോളം വെള്ളമുള്ള പാറമടയാണിത്. സമീപവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന മടയ‌്ക്കു സമീപമുള്ള മതിൽ മഴ ശക്തിപ്രാപിച്ചതോടെ  കുതിർന്നിരിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അൽഫോൻസ മതിലിനൊപ്പം മടയിൽ വീഴുകയായിരുന്നു.  നീന്തലറിയാതെ അൽഫോൻസ വെള്ളത്തിൽ മുങ്ങിത്താണു.  ശബ്ദം കേട്ട്  സമീപവാസികൾ പാറമടയ‌്ക്ക് ചുറ്റും പകച്ചുനിൽക്കുമ്പോഴാണ്   ശശിയും   അമൽജിത്തും  മടയിൽ ചാടിയത്.  അരമണിക്കൂറോളം സാഹസികശ്രമം നടത്തിയാണ് ഇവർ  അൽഫോൻസയെ ഉയർത്തിയെടുത്തത‌്.  തുടർന്ന‌് നാട്ടുകാർ എറിഞ്ഞുകൊടുത്ത ടയർ ട്യൂബിൽ കിടത്തി ഇവരെ കരയ‌്ക്കടുപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി അഗ്നിരക്ഷാസേന അൽഫോൻസയെ ആശുപത്രിയിലെത്തിച്ചു. 

ഒന്നരപ്പതിറ്റാണ്ടായി പ്രവർത്തനം നിർത്തിവച്ച  പാറമടകളിലൊന്നിലാണ് അപകടം സംഭവിച്ചത്. ഇവിടെ ഏതാനും വർഷംമുമ്പ് വയോധിക കാൽ വഴുതിവീണ് മരണപ്പെട്ടിട്ടുണ്ട്.  100 മീറ്റർ മാറി സ്ഥിതിചെയ്യുന്ന മറ്റൊരു പാറമടയിൽ മൂന്നുവർഷം മുമ്പ് യുവതിയും വീണ് മരിച്ചിട്ടുണ്ട്. സൗദിയിൽ നേഴ്സായ അൽഫോൻസ ഒരുമാസംമുമ്പാണ് ലീവിന് നാട്ടിലെത്തിയത്. അടുത്ത ദിവസം ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. ജീവൻ പണയംവച്ച് അൽഫോൻസയെ രക്ഷപ്പെടുത്തിയ  ശശിക്കും മകനും  സമൂഹമാധ്യമങ്ങളിലടക്കം അനുമോദനപ്രവാഹം തുടരുകയാണ്. ശശി പാറമടത്തൊഴിലാളിയും അമൽജിത്ത് മൂക്കന്നൂർ ‘സ്മാർട്ട‌് ഡ്രൈവിങ് സ്കൂളി’ലെ ഡ്രൈവിങ് പരിശീലകനും ഡിവൈഎഫ്ഐ കറുകുറ്റി മേഖലാ സെക്രട്ടറിയുമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top