26 March Tuesday

യുവാവിനെ ബ്ലാക്ക‌് മെയിൽ ചെയ്ത നാലംഗസംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

യുവാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത്‌ പിടിയിലായ സംഘം

കൊടുങ്ങല്ലൂർ > കണ്ണൂർ സ്വദേശിയായ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്മെയിൽ ചെയ്ത സംഘത്തിലെ നാലുപേർ പിടിയിൽ. കൊടുങ്ങല്ലൂർ വള്ളിവട്ടം തറയിൽ ഇടവഴിയ്ക്കൽ ഷമീറിന്റെ ഭാര്യ ഷെമീന(26), തൃശൂർ വെളപ്പായ കുണ്ടോളി ശ്യാം ബാബു(25), അവണൂർ കാക്കനാട്ട് സംഗീത് (28), ചേറ്റുപുഴ മുടത്തോളി അനീഷ് (34 ) എന്നിവരാണ് പിടിയിലായത‌്. ഇരിങ്ങാലക്കുട ഡിവൈഎസ‌്പി ഫേമസ് വർഗീസും കൊടുങ്ങല്ലൂർ സിഐ പി സി ബിജുകുമാറും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ‌് ഇവരെ പിടികൂടിയത്. സംഘത്തിലെ പ്രധാനി നസീമയും ഇവരുടെ രണ്ടാം ഭർത്താവ് അക്ബർ ഷായും ഒളിവിലാണ്.

കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നസീമയും ഭർത്താവും  താമസിക്കുന്ന ഫ്ലാറ്റിലേയ‌്ക്ക‌് സംഭവ ദിവസം നസീമ പരാതിക്കാരനായ യുവാവിനെ വിളിച്ചുവരുത്തി. ഈ സമയം ഷമീനയേയും സുഹൃത്തുക്കളായ  ശ്യാമിനേയും സംഗീതിനേയും വിളിച്ചുവരുത്തിയിരൂന്നു. കാറിലെത്തിയ ഇവർ സർവീസ് റോഡിൽ കാത്തുകിടന്നു. നസീമ പറഞ്ഞിട്ടെന്നു പറഞ്ഞ് ഷെമീന യുവാവിനെ ഫോണിൽ വിളിച്ച് ഇയാളുടെ കാറിൽക്കയറി നസീമയുടെ ഫ്ലാറ്റിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്ന ഇവരുടെ ഭർത്താവ് മുറിയിൽ ഒളിച്ചുനിന്നു. മുൻപേ തയ്യാറാക്കിയ പദ്ധതി പ്രകാരം പുറത്തു കാത്തുകിടന്ന ശ്യാമും സംഗീതും വാതിലിൽ തട്ടി. ഈ സമയം  പുറത്തുനിന്നു വരുന്നവർ അറിയാതിരിക്കാനെന്ന മട്ടിൽ പരാതിക്കാരനേയും ഷെമിനയേയും ഒരു മുറിയിലേക്ക് മാറ്റി. ഉടനെ സദാചാര പൊലീസ് എന്ന മട്ടിൽ പുറത്തുനിന്ന് എത്തിയവരും മുറിയിൽ ഒളിച്ചുനിന്നിരുന്ന അക്ബർ ഷായും വാതിൽ തുറന്ന് യുവാവിനെ മർദിക്കുകയും ഭീഷണിപ്പെടുത്തി സ‌്ത്രീകളോടൊപ്പം നിർത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു.

കുതറി താഴേയ‌്ക്ക് ചാടി രക്ഷപ്പെടുവാൻ ശ്രമിച്ച യുവാവിനെ കട്ടിലിൽ ബലമായി കിടത്തി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമെന്നു പറഞ്ഞ‌് ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവരുടെ സുഹൃത്ത് അനീഷിനെ വിളിച്ചുവരുത്തി പ്രശ്നം ഒത്തുതീർപ്പാക്കാൻ മൂന്നു ലക്ഷം രൂപ തരണമെന്നും അല്ലെങ്കിൽ കാർ തട്ടിയെടുക്കുമെന്നും പറഞ്ഞു. പേഴ്സും എടിഎം കാർഡും ബലമായി വാങ്ങിയ പ്രതികൾ 35,000 രൂപയും കൈക്കലാക്കി. മൂന്നു ലക്ഷം രൂപ ഷമീനയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുകൊള്ളാമന്നു സമ്മതിച്ച് രക്ഷപ്പെട്ട യുവാവ‌് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ഷമീനയും നസീമയും ദീർഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്റൈനിലും ഇവർ ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. ആറു മാസം മുൻപ് നാട്ടിലെത്തിയ ഷെമിന അരണാട്ടുകരയിൽ ഒരു വീട് വാടകയ്ക്കെടുത്ത‌്  ശ്യാമുമൊത്ത് താമസിച്ചു വരികയായിരുന്നു. പൊലീസ് വീട് വളയുമ്പോൾ വീട്ടിൽ കുറച്ചു യുവാക്കളും ഉണ്ടായിരുന്നു.  ഈ വീട്ടിൽ നിന്നാണ‌് സംഗീതിനേയും ശ്യാമിനേയും പിടികൂടിയത്. അപകടം മണത്ത അനീഷ് മൊബൈൽ ഫോൺ ഓഫ് ചെയ്ത് രക്ഷപ്പെടുന്നതിനിടെ പൊലീസ് പിന്തുടർന്ന‌് പിടികൂടുകയായിരുന്നു.

എസ്ഐ എസ് വിനോദ് കുമാർ, അഡീ.എസ്ഐ  മുകുന്ദൻ, ഇരിങ്ങാലക്കുട ഡിവൈഎസ‌്പിയുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒ‌ മുഹമ്മദ് അഷറഫ്, എം കെ ഗോപി, ഇ എസ് ജീവൻ, എഎസ്ഐ പി ജെ ഫ്രാൻസിസ്, സീനിയർ സിപിഒ ടി എം സഞ്ജയൻ, ടി കെ ഷിബു, സിപിഒമാരായ പി ജി ഗോപൻ, പി എം മനോജ്, സി ടി രാജൻ, ദിലീപ് കുമാർ, ബിനിൽ, വനിതാ പൊലീസുകാരായ കെ ടി ഷീജ, ടി സി വിൻസി എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

പ്രധാന വാർത്തകൾ
 Top