08 August Saturday

കണ്ണങ്ങാട്ട‌് പാലം അഥവാ കണ്ണുകെട്ടിയ കച്ചവടം

എം എസ‌് അശോകൻUpdated: Sunday Jun 23, 2019കൊച്ചി
അടുത്തത‌് കണ്ണങ്ങാട്ട‌് പാലമാകരുതേ എന്ന പ്രാർഥനയിലാണ‌് ഇടക്കൊച്ചിക്കാർ. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ 400 ദിനം 100 പാലം എന്ന പദ്ധതി പ്രഖ്യാപിച്ച‌് കെട്ടിപ്പൊക്കിയ പാലങ്ങൾ നിലംപൊത്താൻ വരിനിൽക്കുമ്പോൾ ഇനിയും റോഡ‌ുപോലും നിർമിക്കാത്ത ഇടക്കൊച്ചി–- ഐലൻഡ‌് കണ്ണങ്ങാട്ട‌് പാലത്തിന‌ുവേണ്ടി വേറെന്ത‌് പ്രാർഥിക്കാനെന്നാണ‌് ഇടക്കൊച്ചിക്കാരുടെ ചോദ്യം.

തേവരയിൽ കുമ്പളം കായലിനുകുറുകെ തേവര–- -വെല്ലിങ്ടൺ ഐലൻഡ് ഭാഗത്തുനിന്ന‌് ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിനടുത്തുവരെ എത്തുന്ന പാലം പണിയിലെ  ക്രമക്കേട് നിർമാണം തുടങ്ങിയതുമുതൽ വിവാദമാണ‌്. പാലത്തിന്റെ   കോൺക്രീറ്റ് പൈലിനും ഡെക്ക് സ്ലാബിനും ഉപയോഗിച്ച കോൺക്രീറ്റ് മിശ്രിതത്തിന് പൊതുമരാമത്ത‌് നിഷ്കർഷിച്ച ഗുണനിലവാരമില്ലായിരുന്നു എന്ന് പൊതുമരാമത്തുവകുപ്പിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗം പാലം നിർമാണവേളയിൽത്തന്നെ  കണ്ടെത്തിയിരുന്നു. പാലത്തിന്റെ നിർമാണച്ചുമതല വഹിച്ച പൊതുമരാമത്ത‌് ബ്രിഡ‌്ജസ് വിഭാഗം എറണാകുളം എക്സിക്യൂട്ടീവ് എൻജിനിയർക്ക് ഈ റിപ്പോർട്ട്‌ നൽകിയിരുന്നു. ബ്രിഡ‌്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന‌് റിപ്പോർട്ടിനെ മറികടന്ന‌് നിർമാണം തുടരാനാണ‌് വഴിതേടിയത‌്. അതിനായി അംഗീകാരമില്ലാത്ത സ്വകാര്യ ലാബിന്റെ ഗുണനിലവാര റിപ്പോർട്ട്‌ ഉണ്ടാക്കി  സമർപ്പിച്ചു. നിർമാണം തുടരാൻ അനുമതിയും നേടി.

പാലാരിവട്ടം ഫ‌്ളൈ ഓവറിലും കുണ്ടന്നൂർ–- നെട്ടൂർ പാലത്തിലും പ്രയോഗിച്ച സവിശേഷ സിമെന്റ‌് കൂട്ട‌ുതന്നെ ഉപയോഗിച്ച‌് കണ്ണങ്ങാട്ട‌് പാലവും പൂർത്തിയാക്കി. ടെൻഡർ തുകയേക്കാൾ 18 ശതമാനം വർധനയോടെയാണ‌് കേരള സ്റ്റേറ്റ്  കൺസ്ട്രക‌്ഷൻ കോർപറേഷൻ സെഗുര ഇൻകെൽ എന്ന സ്വകാര്യ കമ്പനിക്ക‌് പാലത്തിന്റെ നിർമാണ കരാർ നൽകിയത‌്. 

കണ്ണങ്ങാട്ട‌് പാലം നിർമാണത്തിൽ വൻ ക്രമക്കേട‌് ആരോപിച്ച‌് സമർപ്പിച്ച സ്വകാര്യ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ‌് കോടതി ത്വരിതാന്വേഷണത്തിന‌് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ട‌് സമർപ്പിച്ചെങ്കിലും കോടതി പരിഗണിച്ചിട്ടില്ല. നിർമാണം പൂർത്തിയായ പാലം രണ്ടുവർഷംമുമ്പ‌് ഗതാഗതത്തിന‌് തുറന്നെങ്കിലും ഇടക്കൊച്ചി ഭാഗത്ത‌് അപ്രോച്ച‌് റോഡുണ്ടാക്കാൻ സ്ഥലമെടുത്തിട്ടില്ലെന്നതാണ‌് മറ്റൊരു രസകരമായ കാര്യം. പാലത്തിന‌് പണം വകയിരുത്താനും വേണ്ടപ്പെട്ടവർക്ക‌് കരാർ നൽകാനും കാണിച്ച ജാഗ്രത അപ്രോച്ച‌് റോഡിന‌് സ്ഥലമെടുക്കാൻ കാണിച്ചില്ല. തേവര ഭാഗത്ത‌് പോർട്ട‌് ട്രസ‌്റ്റിന്റെ സ്ഥലത്തുനിന്ന‌് ആരംഭിക്കുന്ന പാലത്തിന്റെ ഇടക്കൊച്ചി ഭാഗത്തെ അലൈൻമെന്റ‌് രണ്ട‌ുതവണ മാറ്റിയിരുന്നു. ഇടക്കൊച്ചി ഭാഗത്ത‌് അരൂർ–- തോപ്പുംപടി ദേശീയപാതയിലേക്ക‌് മുട്ടുന്ന ഇന്ദിരാഗാന്ധി റോഡിൽ പാലമെത്തുന്ന രീതിയിലായിരുന്നു ആദ്യ അലൈൻമെന്റ‌്. സാങ്കേതികതടസ്സങ്ങളുടെ പേരിൽ അതുമാറ്റി. കണ്ണങ്ങാട്ട‌് ക്ഷേത്രത്തിനടുത്ത‌് എത്തുന്ന വിധമായിരുന്നു രണ്ടാമത്തെ അലൈൻമെന്റ‌്. അതും മാറ്റി മൂന്നാമത്തെ അലൈൻമെന്റിലാണ‌് പാലം നിർമിച്ചത‌്. ഇപ്പോൾ ശ്രീകൃഷ‌്ണ ക്ഷേത്രത്തിന്റെ പിന്നിലെ പാലമുറ്റം റോഡിൽ എത്തുന്ന പാലത്തിൽനിന്ന‌് ഇന്ദിരാഗാന്ധി റോഡിലേക്ക‌് പോകാനുള്ള റോഡാണ‌് ഇല്ലാത്തത‌്. ഏറ്റെടുക്കേണ്ട സ്ഥലത്ത‌് കൊച്ചി കോർപറേഷന്റെ റോഡ‌് പദ്ധതിയുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാനുള്ള താൽപ്പര്യം കാണിക്കുന്നില്ല. 74 കോടി രൂപ ചെലവിൽ നിർമിച്ച പാലം പ്രയോജനപ്പെടണമെങ്കിൽ ആ റോഡ‌് നിർമാണത്തിന‌് മുൻഗണന നൽകി കോർപറേഷൻ സ്ഥലമേറ്റെടുക്കണം.

കണ്ടെയ‌്നർ ലോറികൾക്ക‌് തോപ്പുംപടിയിലെ ഗതാഗതക്കുരുക്കുകളിൽപ്പെടാതെ ഐലൻഡിലേക്ക‌് എത്താനുള്ള മാർഗമായാണ‌് കണ്ണങ്ങാട്ട‌് പാലം വിഭാവനം ചെയ‌്തത‌്. ഇന്നത്തെ അവസ്ഥയിൽ കാറിന‌ുപോലും സുഗമമായി പാലം കടന്ന‌ുപോകാനാകില്ല. ഇനിയിപ്പോൾ ഇന്ദിരാഗാന്ധി റോഡിലേക്ക‌് എത്തുന്ന നിർദിഷ‌്ട റോഡ‌് പൂർത്തിയായാൽത്തന്നെ വളവും തിരിവുമുള്ള റോഡിലൂടെ കണ്ടെയ‌്നർ ലോറികൾ ഓടിക്കാനാകുമെന്ന‌് ഉറപ്പുമില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top