21 September Saturday

ചോരുന്ന കൂരയിൽനിന്ന‌് ദിവ്യ എംബിബിഎസിന‌്

എം സനോജ‌്Updated: Sunday Jun 23, 2019



നിലമ്പൂർ
കുറുമ്പലങ്ങോട്  കണയൻകൈ പട്ടികവർഗ കോളനിയിലെ ചോർന്നൊലിക്കുന്ന കൂരയ്ക്കുമുന്നിൽനിന്ന് ദിവ്യ  നടന്നുകയറിയത് സ്വപ്നത്തിലേക്ക‌്. നീറ്റ്  പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ മികച്ച നേട്ടവുമായി എംബിബിഎസ‌് പഠനത്തിന‌് തയ്യാറെടുക്കുകയാണ‌് ഈ മിടുക്കി.

കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും മലകയറിയാണ്   ഈ ആദിവാസി  പെൺകുട്ടി നീറ്റ്  പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 778ാം (കാറ്റഗറി) റാങ്ക‌് നേടി നാടിന്റെ അഭിമാനമായത‌്. പണിയ വിഭാഗത്തിൽപ്പെട്ട ദിവ്യ തന്റെ രണ്ടാം പരിശ്രമത്തിലാണ്  നേട്ടം കരസ്ഥമാക്കിയത്.   കൂലിപ്പണിക്കാരിയായ ലീലയുടെ നാലുമക്കളിൽ  മൂന്നാമത്തെയാളാണ് ദിവ്യ. മഹിളാ സമഖ്യയെന്ന സ്ഥാപനമാണ് ദിവ്യയുടെ വിജയത്തിനുപിന്നിലെ  പ്രേരണാശക്തി. കുറുമ്പലങ്ങോട് സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യയുടെ വിദ്യാഭ്യാസ ജീവിതത്തിലെ വഴിത്തിരിവ‌്.  പഠിക്കാൻ മിടുക്കിയായിരുന്ന ദിവ്യ ജവഹർ നവോദയ വിദ്യാലയത്തിലേക്കുള്ള  പരീക്ഷ എഴുതി ആറാം ക്ലാസ് മുതൽ പന്ത്രണ്ടുവരെ മലപ്പുറം ഊരകത്തെ നവോദയ വിദ്യാലയത്തിൽ പഠിച്ചു. പത്താംക്ലാസിൽ മിന്നുന്ന ജയവും   ഹയർ സെക്കൻഡറി പരീക്ഷയിൽ 91.6 ശതമാനം മാർക്കും നേടി. മഹിളാ സമഖ്യ ജില്ലാ കോ–- ഓർഡിനേറ്ററായിരുന്ന റജീനയായിരുന്നു ദിവ്യയുടെ കഴിവ് തിരിച്ചറിഞ്ഞത്.  തുടർന്ന‌് സമഖ്യ ജീവനക്കാർ കോട്ടക്കലിലെ സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിൽ ചേർക്കുകയായിരുന്നു. കോച്ചിങ‌് സെന്ററിലെ   അസ്കർ എന്ന അധ്യാപകൻ സൗജന്യമായി ദിവ്യയെ പഠിപ്പിക്കാമെന്ന് അറിയിച്ചു.  

കേരള എൻട്രൻസ് ഫലംകൂടി വരുന്നതോടെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ദിവ്യ. കെട്ടുറപ്പുള്ളൊരു വീടും പഠനാവശ്യത്തിന്   ലാപ്ടോപ്പും വേണമെന്നതാണ‌് ദിവ്യയുടെ ആഗ്രഹം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top