18 July Thursday

ശബരിമല യുവതീപ്രവേശം : കേന്ദ്ര നിലപാടിനെതിരെ ബിജെപി സംസ്ഥാന നേതൃയോഗം

പ്രത്യേക ലേഖകൻUpdated: Sunday Jun 23, 2019


കണ്ണൂർ
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലിനെതിരായ കേന്ദ്ര സർക്കാർ  നിലപാടിൽ  ബിജെപി സംസ്ഥാന നേതൃയോഗത്തിൽ രൂക്ഷ വിമർശം. കേന്ദ്രനിലപാട‌് സംസ്ഥാനത്ത‌് ബിജെപിയുടെ അടിത്തറ ഇളക്കുമെന്നാണ‌് വിലയിരുത്തൽ. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി മറികടക്കാനെന്നപേരിൽ  കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ സഭയ‌്ക്കകത്തും പുറത്തും എതിർക്കുമെന്ന നിലപാട‌് അംഗീകരിക്കാനാവില്ലെന്നും അഭിപ്രായമുണ്ടായി.

ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണമാണ‌് ലോക‌്സഭാ  തെരഞ്ഞെടുപ്പിൽ കേരളത്തിൽ  വോട്ടു വർധിക്കാൻ കാരണമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പറഞ്ഞു.  ശ്രീധരൻപിള്ളയുടെയും കെ സുരേന്ദ്രന്റെയും വാക്കും പ്രവൃത്തിയും വിനയായെന്ന വിമർശനവുമുയർന്നു.  ശബരിമല വിഷയം  സുവർണാവസരമാക്കണമെന്ന ശ്രീധരൻപിള്ളയുടെ പ്രസംഗം ബിജെപിയെ ദോഷകരമായി ബാധിച്ചുവെന്ന ആരോപണം  വി മുരളീധരൻ വിഭാഗം ആവർത്തിച്ചു.

എന്നാൽ, കെ സുരേന്ദ്രൻ ഇരുമുടിക്കെട്ട‌് വലിച്ചെറിഞ്ഞത‌് ഉൾപ്പെടെ നടത്തിയ പ്രകോപനപരമായ   പ്രവർത്തനങ്ങൾ വിശ്വാസികൾക്ക‌ിടയിൽ അവമതിപ്പുണ്ടാക്കിയതായി ശ്രീധരൻപിള്ളയെ അനുകൂലിക്കുന്നവർ തിരിച്ചടിച്ചു.  ശബരിമല സമരം അക്രമാസക്തമായത‌് യുഡിഎഫ‌് ആയുധമാക്കിയെന്ന‌് കൃഷ‌്ണദാസ‌് വിഭാഗം   ആരോപിച്ചു. യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്രം ബില്ല‌് കൊണ്ടുവരില്ലെന്ന ഉറച്ച നിലപാട‌് അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി എൽ സന്തോഷ‌് യോഗത്തെ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top