19 September Thursday

തോട്ടം മേഖലയെ സംരക്ഷിക്കും: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


തോട്ടം മേഖലയിൽ കാർഷികാദായ നികുതി ഒഴിവാക്കുന്നത് ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങൾ സർക്കാർ സ്വീകരിച്ചത് തകർച്ച നേരിടുന്ന തോട്ടം മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും സംരക്ഷിക്കുമെന്ന് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി  പി എസ് ചെറിയാൻ പറഞ്ഞു.

ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം സ്വാഗതാർഗമാണ്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ വ്യവസായവും നിലനിൽക്കേണ്ടതുണ്ട്. വ്യവസായം ആദായകരമാകുന്നതിന് സർക്കാർ നടപടി ഉപകരിക്കും. അങ്ങനെയുണ്ടായാൽ തൊഴിലാളികൾക്കും കൂടുതൽ വരുമാനം ഉറപ്പാകും.

നികുതികൾ ഒഴിവാക്കുമ്പോൾ വ്യവസായത്തിനുണ്ടാകുന്ന ലാഭം തൊഴിലാളികളുടെ ക്ഷേമത്തിനുകൂടി വിനിയോഗിക്കണം. തോട്ടം വ്യവസായത്തെ നഷ്ടത്തിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇത് മറികടക്കുന്നതാണ് സംസ്ഥാനസർക്കാർ നടപടി﹣ അദ്ദേഹം പറഞ്ഞു.

മേഖലയിൽ പ്രതീക്ഷ: ലേബർ ഫെഡറേഷൻ
തോട്ടം മേഖലയുടെ  പുരോഗതി മുൻനിർത്തി എൽഡിഎഫ്‌ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ  സ്വാഗതാർഹമാണെന്ന‌് പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ.
വിലത്തകർച്ചമൂലം  പ്രതിസന്ധി നേരിടുന്ന മേഖലയ്‌ക്ക്‌  തീരുമാനം ഉണർവേകും. ചോർന്നൊലിക്കുന്ന ലയങ്ങളിലെ  തൊഴിലാളികൾക്ക്‌ വീട് നിർമിച്ച‌് നൽകാനുള്ള തീരുമാനം ചിരകാലാഭിലാഷം സാക്ഷാൽക്കരിക്കുന്നു.

മിനിമംകൂലി  600 ആക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ സമരത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന തൊഴിലാളികൾക്ക‌് ശമ്പള പരിഷ‌്കരണം നടപ്പാക്കുന്നതും ആശ്വാസകരമാണെന്ന‌് ഫെഡറേഷൻ  പ്രസിഡന്റ്‌ ഫെഡറേഷൻ പ്രസിഡന്റ‌് കെ കെ ജയചന്ദ്രനും ജനറൽ സെക്രട്ടറി പി എസ്‌ രാജനും പ്രസ‌്താവനയിൽ  അറിയിച്ചു.     

പ്രതിസന്ധിക്ക‌് പരിഹാരമാകും:  ഐഎൻടിയുസി
സ്വന്തം ലേഖകൻ
തോട്ടം തൊഴിൽ മേഖല സംരക്ഷിക്കുന്നത‌് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനം പൂർണമായും സ്വാഗതം ചെയ്യുന്നതായി ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ.

തീരുമാനം തോട്ടം മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന തകർച്ചയ്ക്ക് പരിഹാരമാകുമെന്നും ചന്ദ്രശേഖരൻ ദേശാഭിമാനിയോട‌് പറഞ്ഞു.  റീ പ്ലാന്റേഷനായി റബർ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ 2500 രൂപ സീനിയറേജായി ഈടാക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം വലിയ മാറ്റങ്ങളുണ്ടാക്കും.
ഇഎസ്ഐ പരിധിയിൽ തോട്ടം തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നടപടിയും ഏറെ പ്രതീക്ഷ നൽകുന്നു.

മേഖലയിൽ കാർഷികാദായ നികുതി ഒഴിവാക്കുന്നത് മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ സഹായിക്കും. കൂലി കുടിശ്ശിക ഉൾപ്പെടെ ലഭ്യമാക്കുന്നതിന‌് അടിയന്തരമായി പിഎൽസി  യോഗം വിളിച്ചുചേർക്കണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.'

ധീരമായ പ്രഖ്യാപനം: തൊഴിലാളികൾ
സ്വന്തം ലേഖകൻ
“തകർന്നു തരിപ്പണമായി കിടക്കുന്ന ലയങ്ങൾക്കുപകരം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി താമസസൗകര്യം ഒരുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്നെപ്പോലെയുള്ള ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾക്ക് ആശ്വാസമാണ്’’ കാഞ്ഞിരപ്പള്ളി ചിറ്റടി എസ്റ്റേറ്റിലെ എസ് ശിവൻകുട്ടിക്ക്‌ ആഹ്ലാദ തിരയിളക്കം.
ഒരു സർക്കാരും കാട്ടാത്ത ധീരമായ പ്രഖ്യാപനമാണിത‌്. തലമുറകളായി മേഖലയിൽ പണിയെടുക്കുന്നവരാണ് ഞങ്ങൾ. നഷ്ടമെന്നു പറഞ്ഞ് തോട്ടം ഉടമകൾ ആനുകൂല്യങ്ങൾ പലപ്പോഴും വെട്ടിക്കുറയ്ക്കുന്ന സാഹചര്യമായിരുന്നു. ആശ്രിത നിയമനങ്ങളും നിലച്ചു. ദുരിത ജീവിതത്തിന്‌ ഇനി അറുതിവരുമെന്ന് പ്രതീക്ഷിക്കാം. കാർഷികാദായ നികുതി പിരിവ് മരവിപ്പിക്കാനും പ്ലാന്റേഷൻ ടാക്സ് ഉപേക്ഷിക്കാനുമുള്ള തീരുമാനവും ഫലത്തിൽ തൊഴിലാളികൾക്കും ഗുണംചെയ്യുമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

തീരുമാനം തോട്ടം മേഖലയെ സംരക്ഷിക്കാന്‍: കാനം 
പരിസ്ഥിതിലോല പരിധിയിൽനിന്ന‌് തോട്ടംമേഖലയെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം മേഖലയെ സഹായിക്കാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇഎഫ‌്എലും തോട്ടം നിയമങ്ങളും വെവ്വേറെയാണ്. പ്രതികരണങ്ങൾ പലതും കാര്യമറിയാതെയാണ്. മന്ത്രിസഭാ തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ജസ്റ്റിസ് ക‌ൃഷ‌്ണൻനായർ കമീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനമെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top