08 July Wednesday

ലിനിക്ക്‌ ആദരമർപ്പിച്ച്‌ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


തിരുവനന്തപുരം
നിപായ്‌ക്കെതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ നേഴ്‌സ്‌ ലിനിക്ക്‌ രണ്ടാം സ്മൃതിദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും. കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കാൻ ലിനിയുടെ ഓർമകൾ പ്രചോദനമാകുമെന്ന്‌ ഇരുവരും നവമാധ്യമത്തിൽ കുറിച്ചു. ‘നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിക്ക്‌ വൈറസ് ബാധയേറ്റത്. അർപ്പണബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി.

കോവിഡ്–-- 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലിനിയെപ്പോലുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് സംസ്ഥാനത്തിന്റെ കരുത്ത്. രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധയേറ്റ ആരോഗ്യപ്രവർത്തകർ രോഗമുക്തിക്കുശേഷം അതേ ജോലിയിലേക്കു തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്ക്‌ ധൈര്യം പകരുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാ’ണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്യാഗനിർഭരമായ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം പോരാട്ടവീര്യമായി ഉള്ളിലുണ്ടെന്ന്‌ ആരോഗ്യ മന്ത്രി കുറിച്ചു. ‘നിപാ വൈറസ് തന്നിൽനിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണക്കാലത്ത് നമുക്ക് വലിയ പാഠം നൽകുന്നു’. കൊറോണയ്‌ക്കെതിരായ പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top