22 September Sunday

ശിക്ഷയല്ല, തിരുത്തലാണ‌് പ്രധാനം; വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


വിദ്യാർഥികളുടെ സുരക്ഷയും പഠന-യാത്രാ സൗകര്യവും ഉറപ്പാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന്  വകുപ്പുകളോടും ഏജൻസികളോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അധ്യയനവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിളിച്ച ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ വിദ്യാലയങ്ങളുടെയും കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഇതിന്റെ പരിശോധന ഉടൻ പൂർത്തിയാക്കണം. കെട്ടിടം പണി പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ബദൽ സൗകര്യം ഏർപ്പെടുത്തണം. കാറ്റിലും മഴയിലും അപകടമുണ്ടാക്കാവുന്ന മരങ്ങൾ മുറിച്ചുമാറ്റണം. വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കമ്പികൾ എന്നിവ പരിശോധിച്ച് മുൻകരുതൽ എടുക്കണം.

ബസുകൾ നിർത്തണം
എല്ലാ സ്കൂൾ ബസുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുകയും അവരെ ഒഴിവാക്കുകയും വേണം. സ്വകാര്യ ബസുകൾ സ്റ്റോപ്പുകളിൽനിന്ന‌് കുട്ടികളെ കയറ്റാതെ പോകുന്നത‌് പൊലീസ് ഇടപെട്ട് പരിഹരിക്കണം. കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ കുറവുണ്ടായേക്കാമെങ്കിലും വിദ്യാർഥികളുടെ യാത്രാസൗകര്യം ബാധിക്കാത്തവിധം ക്രമീകരിക്കണം.

സ‌്കൂൾ ബസുകൾ കുത്തിനിറയ‌്ക്കരുത‌്
എല്ലാ സ‌്കൂൾ ബസുകളും സാങ്കേതികമായി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കുട്ടികളെ കുത്തിനിറച്ച‌് കൊണ്ടുപോകരുത്. മോട്ടോർ വാഹനവകുപ്പും പൊലീസും  ജാഗ്രത പുലർത്തണം. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും മറ്റു വാഹനജീവനക്കാരുടെയും വിവരങ്ങൾ പിടിഎ വഴി ശേഖരിക്കണം. സ്കൂൾ പരിസരത്ത് കുട്ടികളെ സുരക്ഷിതമായി ഇറക്കാനുള്ള സൗകര്യം ഉറപ്പാക്കണം. സ്റ്റുഡന്റ‌് പൊലീസ് കേഡറ്റ്, എൻസിസി, സ്കൗട്ട്, ഗൈഡ് കേഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്തണം. 

ക്ലാസ‌് പിടിഎ സജീവമാക്കണം
പിടിഎ യോഗങ്ങൾ മാസംതോറും ചേരുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. ക്ലാസ‌്തല പിടിഎ സജീവമാക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം വിദ്യാർഥികളിൽ പൂർണമായും ഇല്ലാതാക്കാനുള്ള ജാഗ്രത അധ്യാപകരും രക്ഷിതാക്കളും പുലർത്തണം. കുട്ടികളുടെ പെരുമാറ്റ വൈകല്യവും ഹാജരും അധ്യാപകർ നിരീക്ഷിക്കണം. എന്തെങ്കിലും അപാകത ശ്രദ്ധിച്ചാൽ രക്ഷിതാക്കൾവഴി പരിഹാരമുണ്ടാക്കണം. എസ‌്പിസി, എൻസിസി കേഡറ്റുകളുടെ സേവനവും  പ്രയോജനപ്പെടുത്താം. വിദ്യാലയങ്ങളുടെ 200 മീറ്റർ പരിധിയിലുള്ള കടകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, തട്ടുകടകൾ എന്നിവ പൊലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും നിരീക്ഷിക്കണം.

ട്യൂഷൻ സെന്റർ നിരീക്ഷിക്കാം
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഏറുകയാണ‌്. വിദ്യാർഥികൾ ക്ലാസ് ‘കട്ട്' ചെയ്ത് പുറത്തുപോകുന്നത് നിരീക്ഷിക്കുകയും തടയുകയും വേണം. കുട്ടികൾ സ‌്കൂളിൽ എത്തുന്നില്ലെങ്കിൽ അത് പരിശോധിക്കുകയും ഇടപെടുകയും വേണം. കോച്ചിങ‌് സെന്ററുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ തെറ്റായ കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന‌് പരിശോധിക്കണം.

പിടിഎയുടെ ചെലവിൽ ഒരു വിമുക്തഭടനെ സുരക്ഷയ്ക്കായി നിയോഗിക്കണം. അതതിടത്തെ ജനമൈത്രി പൊലീസ് ഇതിനാവശ്യമായ പിന്തുണ നൽകണം. സ‌്കൂൾ കോമ്പൗണ്ടിനു പുറത്തുള്ള ആരെയും അനുമതി ഇല്ലാതെ പ്രവേശിപ്പിക്കരുത്. പൂർവ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ തമ്പടിക്കേണ്ടതില്ല. പ്രായപൂർത്തിയാകാത്ത ധാരാളം കുട്ടികൾ ബൈക്ക് ഉപയോഗിക്കുന്നുണ്ട്. അത് കർശനമായി തടയണം. സൈക്കിളല്ലാത്ത ഒരു വാഹനവും അനുവദിക്കരുത്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ കർശന നിലപാടെടുക്കണം –-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ മന്ത്രിമാരായ സി രവീന്ദ്രനാഥ്, എ കെ ശശീന്ദ്രൻ എന്നിവരുംചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക‌്നാഥ് ബെഹ്റ, എക്സൈസ് കമീഷണർ ഋഷിരാജ് സിങ‌്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റോഡ് സേഫ്റ്റി കമീഷണർ ശങ്കർ റെഡ്ഡി, ട്രാൻസ്പോർട്ട് കമീഷണർ സുദേശ് കുമാർ, കെഎസ്ആർടിസി എംഡി എംപി  ദിനേശ് തുടങ്ങിയവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top