20 June Thursday

ഏഴ‌് വയസ്സുകാരനെ കൊന്ന സംഭവം : അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


കൊച്ചി
തൊടുപുഴയിൽ ഏഴ‌് വയസ്സുകാരനെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അമ്മയുടെ കാമുകനെതിരെ മൂന്ന‌് കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർചെയ്ത ഹർജിയിലാണ് തൊടുപുഴ ഡിവൈഎസ‌്പി കെ പി ജോസ് അന്വേഷണ പുരോഗതി വ്യക്തമാക്കി പ്രസ്താവന നൽകിയത്.

അമ്മയുടെ സുഹൃത്തും കാമുകനുമായ അരുൺ ആനന്ദിന്റെ പീഡനങ്ങളെത്തുടർന്ന് തലച്ചോറിന‌് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാർച്ച് 28ന് കോലഞ്ചേരി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ ആറിന് മരിച്ചു. അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുത്തു. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരനെ ലൈംഗികമായി പീഡിപ്പിച്ചതിനും കുട്ടിയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം തട്ടിയെടുത്തതിനും അരുൺ ആനന്ദിനെതിരെ കേസുകളുണ്ട്. ഈ കുട്ടികളുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പുനരന്വേഷണം നടക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഏഴ‌് വയസ്സുകാരന്റെ മരണത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തി ഇവരെയും കേസിൽ പ്രതിചേർത്ത് അറസ്റ്റ് ചെയ‌്തു. ഇവരിപ്പോൾ ജാമ്യത്തിലിറങ്ങി. കുട്ടിയെ ആക്രമിച്ച സംഭവം മറച്ചുവയ‌്ക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് അമ്മയ‌്ക്കെതിരെ കേസെടുത്തത്. ഏഴ‌് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രണ്ട് കുട്ടികളുടെയും സംരക്ഷണവും ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുത്തിരുന്നു. മാത്രമല്ല, ഇളയ കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമസമിതി ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി മുഖേനെ നൽകിയ പ്രസ്താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top