06 June Saturday

നിറയെ ചുവന്ന പൂക്കൾ ; മുന്നണിയുടേതായി വന്നു, ജനങ്ങളുടെ സ്ഥാനാർഥിയായി

മിൽജിത‌് രവീന്ദ്രൻUpdated: Monday Apr 22, 2019


കൊച്ചി
ചെങ്കടൽപോലെ എറണാകുളത്തെ ജനത ഇരമ്പിയെത്തിയ സായാഹ്നത്തിൽ പാലാരിവട്ടം ജങ‌്ഷൻ ആവേശത്തിന്റെ പൂരപ്പറമ്പായി. എറണാകുളം മണ്ഡലം കണ്ടതിൽവച്ച് ഏറ്റവും അത്യാവേശകരമായാണ് എറണാകുളം ലോക‌്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പി രാജീവിന്റെ പരസ്യപ്രചാരണത്തിന് ഞായറാഴ‌്ച കൊടിയിറങ്ങിയത്.

വൈകിട്ട് നാലോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനസാഗരം ഇരമ്പിയെത്തി. 4.15ന് സ്ഥാനാർഥി തുറന്ന വാഹനത്തിൽ കടന്നുവന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി. തൊണ്ട പൊട്ടുമാറുച്ചത്തിൽ പി രാജീവിനുവേണ്ടി ഉയർന്ന മുദ്രാവാക്യങ്ങൾ ദിഗന്തങ്ങൾ ഭേദിച്ചു. ചെങ്കൊടികൾ, പി രാജീവിന്റെ കട്ടൗട്ടുകൾ, ചെണ്ടമേളം, ബാൻഡ‌് വാദ്യം, ധോൾ തുടങ്ങിയവ അന്തരീക്ഷത്തെ ആവേശംകൊണ്ട് ത്രസിപ്പിച്ചപ്പോൾ, ആബാലവൃദ്ധം താളമേളങ്ങൾക്കൊത്ത് ചുവടുവച്ചു. ഗതാഗതം തടസ്സപ്പെടാത്തവിധം നിലയുറപ്പിച്ചാണ് പ്രവർത്തകർ അടുക്കും ചിട്ടയോടും ആവേശത്തിന്റെ പൂരക്കാഴ്ച ഒരുക്കിയത്.

പ്രവർത്തകരുടെ ആവേശം സിരകളിലേക്കാവാഹിച്ച‌് പ്രിയനേതാവ് നടത്തിയ പ്രസംഗം പ്രവർത്തകർ ഹൃദയംകൊണ്ട് ഏറ്റുവാങ്ങി. ഓരോ വാചകം പൂർത്തിയാക്കുമ്പോഴും കരഘോഷം മുഴങ്ങി. ആറുമണിയാകാൻ അഞ്ചു മിനിറ്റുള്ളപ്പോൾ വാദ്യഘോഷങ്ങൾ നിലച്ചെങ്കിലും പ്രവർത്തകർ പി രാജീവിന് ഹ‌സ‌്തദാനം നൽകാൻ ചുറ്റും തടിച്ചുകൂടി. എൽഡിഎഫ‌് ഘടകകക്ഷികൾക്കുപുറമെ ആം ആദ‌്മി പ്രവർത്തകരും നേതാക്കളും കൊട്ടിക്കലാശത്തിനെത്തി.

വിജയഭേരിയുടെ വിളംബരമായി ഏഴു നിയമസഭാ മണ്ഡലങ്ങളെയും ത്രസിപ്പിച്ച മെഗാ റോഡ‌്ഷോയ‌്ക്കുശേഷമാണ‌് പി രാജീവ‌് പാലാരിവട്ടത്ത‌് എത്തിയത‌്. തുറന്ന വാഹനത്തിൽ മണ്ഡലമാകെ സഞ്ചരിച്ച രാജീവിനെ നൂറുകണക്കിന‌് ഇരുചക്രവാഹനങ്ങളും നൂറോളം മറ്റ‌് വാഹനങ്ങളും പിന്തുടർന്നു. അവസാനവട്ട പരസ്യപ്രചാരണവും ഈസ്റ്ററും ഒത്തുചേർന്ന ദിനത്തിൽ വഴിയരികിലാകെ ചെങ്കൊടി ഉയർത്തി അഭിവാദ്യം ചെയ‌്തും പടക്കം പൊട്ടിച്ചും പുഷ‌്പവൃഷ്ടി നടത്തിയും പതിനായിരങ്ങളാണ‌്  രാജീവിനെ വരവേറ്റത‌്.

കടൽത്തിരമാല കണക്കെ ജനങ്ങൾ ചെങ്കൊടികളും സിന്ദൂരമാലകളും കൈയിലേന്തി കാത്തുനിൽക്കുന്ന കാഴ്ച ആവേശഭരിതമായിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പൂത്തോട്ടയിൽനിന്ന് രാവിലെ റോഡ‌്ഷോ ആരംഭിച്ചപ്പോൾത്തന്നെ നൂറുകണക്കിന‌് ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർഥിക്ക് അകമ്പടിയായി യുവതീയുവാക്കളും അണിനിരന്നു.

എല്ലാ മണ്ഡലങ്ങളിലും അതാവർത്തിച്ചു. തൃപ്പൂണിത്തുറയിലൂടെ കടന്നുപോകുന്നതിനിടയിൽ എരൂരിലെ ടി കെ രാമകൃഷ്ണൻ സ‌്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. റോഡ്ഷോ പൂർത്തിയാക്കി പാലാരിവട്ടത്തെ ചെങ്കടലിലേക്ക് രാജീവെത്തിയപ്പോൾ പ്രവർത്തകർ ഇടിമുഴക്കം കണക്കെ മുദ്രാവാക്യം വിളിച്ചാണ്  വരവേറ്റത്.
എൽഡിഎഫ് ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ പി രാജു, ജനറൽ കൺവീനർ സി എം ദിനേശ് മണി എന്നിവരും തുറന്ന വാഹനത്തിൽ രാജീവിനൊപ്പമുണ്ടായിരുന്നു.

 

മുന്നണിയുടേതായി വന്നു, ജനങ്ങളുടെ സ്ഥാനാർഥിയായി

ഡി ദില‌ീപ‌്
 

കൊച്ചി
ഒരു മുന്നണിയുടേതായിവന്ന‌് ജനങ്ങളുടെ ആകെ സ്ഥാനാർഥിയായി മാറിയ ചാരിതാർഥ്യമാണ‌് തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ അവസാന നിമിഷമുള്ളതെന്ന‌് ഇടതുമുന്നണി സ്ഥാനാർഥി പി രാജീവ‌്. 43 ദിവസം നീണ്ട‌ പ്രചാരണം. ആറുതവണ മണ്ഡലം ചുറ്റി. 1300 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങി. പ്രകടനപത്രികയ‌്ക്ക‌് ജനങ്ങളുടെ ആകെ അഭിപ്രായം സ്വീകരിച്ചു. ബഹുഭൂരിപക്ഷം വോട്ടർമാരോടും നേരിട്ടും ഫോണിലുമായി സംസാരിച്ചു. പ്രചാരണം തീരുമ്പോൾ നല്ല വിജയത്തിൽ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രാജീവ‌് പറയുന്നു.

? യുഡിഎഫിന്റെ കുത്തകയെന്ന‌് വിശേഷിപ്പിക്കുന്ന  മണ്ഡലത്തിലെ വിജയപ്രതീക്ഷയുടെ അടിസ്ഥാനം എന്ത‌്‌
–- ആദ്യമേ പറയട്ടെ, ഒരു മണ്ഡലവും ആരുടെയും കുത്തകയല്ല. ജനമാണ‌് തീരുമാനിക്കുന്നത‌്. അവർ വിലയിരുത്തും. കുത്തകയെന്ന‌് പ്രഖ്യാപിക്കുന്നത‌് ജനങ്ങളെ അവഹേളിക്കലാണ‌്.
 
? വിജയത്തിന‌ുള്ള ഘടകങ്ങൾ
–- പറയാനുള്ളത‌് വിവിധ മാർഗങ്ങളിലൂടെ ജനങ്ങളിലേക്ക‌് എത്തിച്ചു. ഇന്നലകളിലെ പ്രവർത്തനം അവർക്കു മുന്നിലുണ്ട‌്. ഏത‌് ഉത്തരവാദിത്തവും കാര്യക്ഷമമായും ആത്മാർഥമായും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട‌്. അത‌് ജനം സ്വീകരിച്ചുവെന്നാണ‌് പ്രചാരണങ്ങളിലെ ആവേശം കാണിക്കുന്നത‌്.  ഇടതുമുന്നണി ഒറ്റക്കെട്ടായി ചിട്ടയോടെ പ്രവർത്തിച്ചു. ഇവയാണ‌് വിജയപ്രതീക്ഷ നൽകുന്നത‌്.

? ന്യൂനപക്ഷങ്ങൾ യുഡിഎഫിന‌് അനുകൂലമാണെന്ന‌് അവർ പ്രചരിപ്പിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു
–- എന്റെ അനുഭവം  മറിച്ചാണ‌്. ന്യൂനപക്ഷ മേഖലകളടക്കം എല്ലാ വിഭാഗങ്ങളിൽനിന്നും നല്ല സ്വീകരണമാണ‌് ലഭിച്ചത‌്. ബിജെപിയെ നേരിടാൻ പാർലമെന്റിൽ കരുത്തുറ്റ നിലപാടുള്ള ഒരാൾ വേണമെന്ന‌് അവർ കരുതുന്നു. ഇന്നലെവരെ യുഡിഎഫ‌് ക്യാമ്പിൽനിന്നിരുന്ന പ്രമുഖർ അടക്കം വന്നുകണ്ടപ്പോൾ ഇതുതന്നെയാണ‌് പറഞ്ഞത‌്. മഹാരാഷ‌്ട്രയിൽ നോമ്പുകാലത്ത‌് ബലമായി ചപ്പാത്തി തീറ്റിച്ച സംഭവത്തിൽ രാജ്യസഭാംഗമായിരിക്കെ നടത്തിയ പ്രസംഗവും ഇടപെടലുകളും ചിലർ എടുത്തുപറഞ്ഞു. യുഎപിഎ നിയമത്തിൽ ഭേദഗതികൊണ്ടുവന്നതും മതന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങൾ സഭയിൽ ഉന്നയിച്ചതും നടപടി എടുപ്പിച്ചതും അവർക്ക‌്  മുന്നിലുണ്ട‌്. അവരിൽ ഒരാളായിത്തന്നെയാണ‌് എന്നെയും കാണുന്നത‌്. അതുകൊണ്ടുതന്നെ ആ പ്രചാരണം വിലപ്പോകില്ല.

? പ്രചാരണത്തിനിടയിലെ അനുഭവങ്ങൾ

–- ഇന്നലെവരെ കാണുകപോലും ചെയ്യാത്തവർ സ്വന്തമെന്നപോലെയാണ‌് ചേർത്തുപിടിച്ചത‌്. ജൈവജീവിതം  പദ്ധതി ഏകോപിക്കാൻ അവസരം കിട്ടിയിരുന്നു. സ്വീകരണകേന്ദ്രങ്ങളിൽ കിട്ടിയ പച്ചക്കറിയും മറ്റും അതിന‌ുകിട്ടിയ അംഗീകാരമായി. പറവൂരിൽ കിടപ്പിലായ ഒരു കുട്ടി കാണാൻ ശഠിക്കുന്നുവെന്ന‌് അറിഞ്ഞ‌് അവിടെ കയറി. അപ്പോൾ അതിന്റെ മുഖത്തുണ്ടായ സന്തോഷം മറക്കാൻ കഴിയുന്നില്ല. പഠിച്ച അധ്യാപകർപോലും വഴിയിൽ കാത്തുനിന്ന‌് സ്വീകരിച്ചു. ഈ അനുഭവങ്ങൾ ചേർത്തുവച്ചാൽ ഒരു പുസ‌്തകംതന്നെ എഴുതാൻ കഴിയും.

? പൊതുരാഷ‌്ട്രീയം എങ്ങനെ ബാധിക്കും
–- ഫാസിസ‌്റ്റ‌് ശക്തികളെ ചെറുക്കുന്നതിൽ ആർക്കാണ‌് ആത്മാർഥത എന്നതാണ‌് മുഖ്യപ്രശ‌്നം. കോൺഗ്രസ‌് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലെത്തിയതും ബാബ‌്റി മസ‌്ജിദ‌് പ്രശ‌്നത്തിലും വംശീയഹത്യയിലും കോൺഗ്രസ‌് എടുത്ത മൃദുസമ‌ീപനവും ജനം കണ്ടറിഞ്ഞതാണ‌്. എൽഡിഎഫ‌് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും കിഫ‌്ബിയിലടക്കം കൊച്ചിയിൽ നടത്തുന്ന ഇടപെടലുകളും ജനപിന്തുണ കൂട്ടും.


പ്രധാന വാർത്തകൾ
 Top