23 May Thursday

ആവേശത്തിന്റെ അലകൾ തീർത്ത കൊട്ടിക്കലാശം

സ്വന്തം ലേഖികUpdated: Monday Apr 22, 2019


ചാലക്കുടി
ചാലക്കുടി മണ്ഡലത്തിന്റെ ഹൃദയത്തിൽ ഇടതുപക്ഷത്തിന്റെയും ഇന്നസെന്റിന്റെയും സ്ഥാനമുറപ്പിച്ച‌് തെരഞ്ഞെടുപ്പ‌ുപ്രചാരണത്തിന‌് പരിസമാപ‌്തി. എല്ലാ മണ്ഡലങ്ങളിലും മേഖലാ അടിസ്ഥാനത്തിൽ നടന്ന പ്രചാരണപരിപാടികളുടെ കൊട്ടിക്കലാശം ആവേശത്തിന്റെ അലകൾ തീർത്തു. ചാലക്കുടി ടൗണിനെ അക്ഷരാർഥത്തിൽ ചെങ്കടലാക്കി മാറ്റിയ കൊട്ടിക്കലാശത്തിന‌് ഇന്നസെന്റിന്റെ സാന്നിധ്യം കൂടുതൽ ആവേശംപകർന്നു. കൊടിതോരണങ്ങളും ബലൂണുകളും പ്ലക്കാർഡുകളും വാദ്യമേളങ്ങളും കൊട്ടിക്കലാശത്തിന് കൊഴുപ്പേകി. ചുവന്ന തോരണംകൊണ്ട‌് അലങ്കരിച്ച വാഹനങ്ങളിൽ വാദ്യമേളങ്ങളും ചുവന്ന ബലൂണുകളുമേന്തിവന്ന യുവാക്കൾ കാണികളുടെ മനംകവർന്നു. സ്ത്രീകളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിധ്യം പ്രചാരണ സമാപനസമ്മേളനത്തിലെ എടുത്തുപറയേണ്ട പ്രത്യേകതയായി. പരമ്പരാഗത ആദിവാസിവേഷത്തിൽ മലക്കപ്പാറയിൽനിന്നെത്തിയ ആദിവാസിസ‌്ത്രീകൾ ചെങ്കൊടിയുമേന്തി മുന്നിൽനിന്നു.

ആകർഷകങ്ങളായ ടാബ്ലോകൾ, കലാരൂപങ്ങൾ, നാസിക‌് ധോൾ, ഇന്നസെന്റിന്റെ ചിത്രമുള്ള ബനിയനും ചുവന്ന തൊപ്പിയും ധരിച്ച ചെറുപ്പക്കാർ എന്നിവർ കൊട്ടിക്കലാശത്തിന്റെ ഭാഗമായി. ചാലക്കുടി ടൗണിലെ നാൽക്കവലയിൽ ഒരു ഭാഗം എൽഡിഎഫിനും ഒരുഭാഗം യുഡിഎഫിനും മൂന്നാമത‌് വഴി എൻഡിഎയ‌്ക്കും പ്രചാരണസമാപനത്തിന‌് അനുവദിച്ചിരുന്നു. എൽഡിഎഫ‌് പ്രവർത്തകർ പലഭാഗത്തുനിന്നും ടൗണിലേക്ക‌് ഒഴുകിയെത്തിയതോടെ മറ്റ‌ു മുന്നണികളെ നിഷ‌്പ്രഭരാക്കി അന്തരീക്ഷത്തിലുയർന്നത‌് ചെങ്കൊടികൾമാത്രം. നാൽക്കവലയിൽ സ്ഥാനംകിട്ടാത്തവർ കൊടികളുമായി തൊട്ടടുത്ത ബഹുനിലക്കെട്ടിടങ്ങളുടെ മുകളിലേക്ക‌് കയറി. വൈകിട്ട‌് മൂന്നരയോടെ ആരംഭിച്ച വാദ്യമേളങ്ങൾ ചാലക്കുടി പട്ടണത്തിൽ ഉത്സവച്ഛായ പകർന്നു. 

അഞ്ചുമണിയോടെ ഇന്നസെന്റ‌് നൂറുകണക്കിനാളുകളുടെ റാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സമാപനസമ്മേളന കേന്ദ്രത്തിലേക്കെത്തി. ഇതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. ഇന്നസെന്റിന‌് അഭിവാദ്യമർപ്പിച്ച‌് മുദ്രാവാക്യം വിളികൾ അന്തരീക്ഷത്തിലുയർന്നു. വൈകിട്ട‌് ആറിന‌് പൊതുപ്രചാരണത്തിന‌് സമാപനമായി.


പ്രധാന വാർത്തകൾ
 Top