18 August Sunday

കലാശത്തിൽ ‘ലെനിനും’

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019


കോട്ടയം
നഗരത്തിൽ നടന്ന തെരഞ്ഞെടുപ്പ‌് പ്രചാരണ കലാശക്കൊട്ടിൽ പങ്കെടുക്കാനെത്തിയ “ലെനിൻ’ കൗതുകമായി. പത്തനംതിട്ട റാന്നി സ്വദേശിയും എൽഡിഎഫ‌് പ്രവർത്തകനുമായ അത്തിക്കയം കുഞ്ഞായിയാണ‌് ഇതിഹാസമായ റഷ്യൻ വിപ്ലവനായകൻ ലെനിന്റെ വേഷത്തിലെത്തിയത‌്. എൽഡിഎഫ‌് പ്രചാരണ വാഹനത്തിൽ കയറി വി എൻ വാസവന്റെ കട്ടൗട്ടുമായി ‘ലെനിൻ’ കാണികളെ അഭിവാദ്യംചെയ‌്തു.

തമിഴ‌് മക്ക‌ളുടെ വോട്ട‌്  വാസവന‌്
കോട്ടയം
കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവനെ വിജയിപ്പിക്കാൻ തമിഴ‌്കുടുംബ സംഗമം തീരുമാനിച്ചു. തങ്ങളെ എല്ലാ കാര്യത്തിലും സഹായിക്കുന്ന വാസവന്റെ വിജയത്തിനായി പ്രവർത്തിക്കാനും സംഗമം നിശ‌്ചയിച്ചു. കോട്ടയം സുവർണ കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച സംഗമം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ‌്ഘാടനം ചെയ‌്തു. എൻ ചെന്നിമലൈ അധ്യക്ഷനായി. കെ സുരേഷ‌്കുറുപ്പ‌് എംഎൽഎ, കോട്ടയം നഗരസഭാ പ്രതിപക്ഷ നേതാവ‌് സി എൻ സത്യനേശൻ, ഇ പോൾരാജ‌്, ഡി ശക്തിവേൽ എന്നിവർ സംസാരിച്ചു. ഗാനമേളയും കലാപരിപാടികളും ഉണ്ടായി.


കോട്ടയം ലോക‌്സഭാ മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ വിജയം ഉറപ്പിച്ച‌് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രചാരണം കൊട്ടിക്കലാശിച്ചു. ആവേശം അലതല്ലിയ അന്തരീക്ഷത്തിലാണ‌് പരസ്യപ്രചാരണത്തിന് തിരശ്ശീല താഴ‌്ന്നത‌്.എൽഡിഎഫ‌് മുനിസിപ്പൽ, പഞ്ചായത്ത്‌ കമ്മിറ്റികൾ അതത് മേഖല കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശമാണ് സംഘടിപ്പിച്ചത്. ഞായറാഴ്ച രാവിലെതന്നെ ചെറുപ്പക്കാരടങ്ങുന്ന ചെറുസംഘങ്ങൾ വാഹനങ്ങളിൽ നാസിക് ധോൾ, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളുടെ മേളത്തിനൊപ്പം വി എൻ വാസവന്റെ ചിത്രവുമേന്തി പ്രചാരണം ആരംഭിച്ചിരുന്നു.


നഗരങ്ങളിലും ഗ്രാമവീഥികളിലും പ്രചാരണം ആവേശത്തിൽ മുക്കിയ പ്രവർത്തകർ വൈകിട്ടോടെ കലാശക്കൊട്ടിന് തയ്യാറെടുത്ത് വിവിധ കേന്ദ്രങ്ങളിൽ സംഘടിച്ചു. ഒന്നരമാസത്തോളമായി പ്രിയസ്ഥാനാർഥി വി എൻ വാസവനുവേണ്ടി അഹോരാത്രം പ്രയത്നിച്ചതിന്റെ വീറ‌് ഒട്ടും ചോരാതെ ഓരോരുത്തരും കൊട്ടിക്കലാശത്തിൽ അണിചേർന്നു.

കൂത്താട്ടുകുളത്ത് രാവിലെ ആരംഭിച്ച പ്രചാരണം വൈകിട്ട‌് നാലോടെ സെൻട്രൽ കവലയിൽ നഗരസഭാ മന്ദിരത്തിനുമുന്നിലായി കേന്ദ്രീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളും ആവേശം അണപൊട്ടുന്ന മുദ്രാവാക്യം വിളികളുമായി അരങ്ങ് കൊഴുത്തു. തിരക്കേറിയിരുന്നെങ്കിലും എംസി റോഡിൽ ഗതാഗതക്കുരുക്ക‌് ഉണ്ടാകാതിരിക്കാൻ എൽഡിഎഫ് നേതാക്കൾ പ്രത്യേകം ശ്രദ്ധിച്ചു.

തിരുമാറാടിയിൽ എൽഡിവൈഎഫിന്റെ ടുവീലർ റാലിയോടെയാണ് കൊട്ടിക്കലാശത്തിന‌് തുടക്കമായത്. മൂന്നോടെ ഒലിയപ്പുറത്തുനിന്ന് ആരംഭിച്ച റാലി മണ്ണത്തൂർ, നാവോളിമറ്റം, വെട്ടിമൂട്, പാലച്ചുവട്, കാക്കൂർ, തിരുമാറാടി, പുന്നംകോട്, വടകര, വാളിയപ്പാടം എന്നിവിടങ്ങളിലൂടെ ഒലിയപ്പുറത്ത് എത്തി പ്രചാരണം  അവസാനിപ്പിച്ചു. രാമമംഗലം പഞ്ചായത്തിലെ പ്രചാരണപരിപാടികൾക്ക് തിരശ്ശീല വീഴ‌്ത്തിക്കൊണ്ട‌് ഊരമനയിലും രാമമംഗലം കടവിലുമായിരുന്നു കൊട്ടിക്കലാശം. ചെണ്ടമേളങ്ങളുടെയും നാസിക് ധോളിന്റെയും സംഘങ്ങൾ രാവിലെമുതൽ പ്രദേശത്ത് പ്രചാരണം നടത്തിയിരുന്നു. മണീടിൽ രാവിലെ സ്‌ക്വാഡ് പ്രചാരണങ്ങൾക്കുശേഷമാണ് പരസ്യപ്രചാരണ സമാപനത്തിന് തയ്യാറെടുത്തത്. ചീരക്കാട്ടുപാറയിലും മണീട് ടൗണിലുമായാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത‌്.
പിറവം നഗരത്തിൽ രാവിലെതന്നെ ആരംഭിച്ച പ്രചാരണപരിപാടികൾ ഉച്ചയോടെ അത്യന്തം ആവേശകരമായി. നഗരസഭാ അതിർത്തിപ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞ പ്രചാരണവാഹനങ്ങൾ നഗരത്തിൽ സ്വകാര്യ ബസ‌് സ്റ്റാൻഡിനുമുന്നിൽ ഒത്തുചേർന്ന് പ്രചാരണം കൊഴുപ്പിച്ചു. കൃത്യം ആറിനുതന്നെ എല്ലായിടങ്ങളിലും പരസ്യപ്രചാരണം അവസാനിപ്പിച്ചു. തിങ്കളാഴ‌്ച ഒരുവട്ടംകൂടി വീടുകയറി വോട്ട് ഉറപ്പിക്കാനും സ്ലിപ്പുകൾ നൽകാനുമുള്ള ഒരുക്കത്തിലാണ‌് പ്രവർത്തകർ.


പ്രധാന വാർത്തകൾ
 Top