17 August Saturday

നിറയെ ചുവന്ന പൂക്കൾ, ആർത്തിരമ്പി ജനസഞ്ചയം കൊട്ടിക്കയറി ആവേശം

കെ ടി രാജീവ‌്Updated: Monday Apr 22, 2019


ഇടുക്കി
ചരിത്ര വിധിയെഴുത്തിനായി നാടിന്റെ ഒത്തുചേരലിന‌് സമാനതകളില്ലായിരുന്നു. നാൽക്കവലകൾ മുതൽ പട്ടണങ്ങളിൽവരെ തടിച്ചുകൂടിയത‌് സമൂഹത്തിന്റെ പരിച്ഛേദം. കൈകളിൽ ചെമ്പതാകകളും ശുഭ്ര പതാകകളും വാനിലുയർത്തി ആയിരങ്ങൾ പങ്കെടുത്ത പടുകൂറ്റൻ റോഡ‌് ഷോയോടെയും റാലിയോടെയും ആവേശ നെറുകയിൽ കൊട്ടിക്കലാശം. പ്രചാരണങ്ങളിലെ മേൽക്കൈ ഉച്ചസ്ഥായിലാക്കി എൽഡിഎഫ‌് വിജയം ആഴത്തിൽ ഉറപ്പിക്കുന്നതായി പരസ്യ പ്രചാരണങ്ങളുടെ സമാപനംകുറിച്ച‌് മണ്ഡലത്തിലെമ്പാടും നടന്ന കൊട്ടിക്കലാശം.

വിദ്വേഷത്തിന്റെയും വെറുപ്പിന്റേയും വിത്തുപാകുന്ന അപരിഷ‌്കൃത ശക്തികൾക്ക‌് താക്കീതും ഇനിയും വികസനത്തിന്റെ വെട്ടവും താളവും മലനാട്ടിലും ഇടനാട്ടിലും പ്രതിഫലിക്കണമെന്ന സന്ദേശവും നൽകിയായിരുന്നു പരസ്യപ്രചാരണം സമാപിച്ചത‌്.  വികസനവും മതനിരപേക്ഷതയും ജോയ‌്സ‌് ജോർജിന്റെ പ്രവർത്തന മികവും വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങൾ എല്ലായിടങ്ങളിലും മുഴങ്ങി. അഞ്ചുവർഷംകൊണ്ട‌്  ഉണർത്തിയ നാടിനെ കൂടുതൽ ഉയരങ്ങളിലേക്ക‌് കൈപിടിച്ചുയർത്താനും ഒരോ വോട്ടർമാരുടെ ദുരിതവും പ്രശ‌്നങ്ങളും പാർലമെന്റിൽ കൊണ്ടുവരാനും എൽഡിഎഫ‌് അനിവാര്യതയിലൂന്നിയുള്ള പ്രചാരണങ്ങൾ ഒന്നുകൂടി കൊഴുപ്പിക്കുന്നതായി എല്ലാ നിയമസഭാ മണ്ഡല പരിധിയിലും മറ്റിടങ്ങളിലും നടന്ന ജനമുന്നേറ്റം. എൽഡിഎഫ‌് സ്ഥാനാർഥി ജോയ‌്സ‌് ജോർജ‌് പങ്കെടുത്ത റോഡ‌് ഷോയും കൊട്ടിക്കലാശവും ആയിരങ്ങളുടെ പങ്കാളിത്തത്തോടെ കട്ടപ്പനയിൽ അരങ്ങേറി. മണ്ഡല കേന്ദ്രങ്ങളായ നെടുങ്കണ്ടം, കട്ടപ്പന, വണ്ടിപ്പെരിയാർ, അടിമാലി, മൂന്നാർ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ കൊട്ടിക്കലാശങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. കട്ടപ്പനയിൽ എൽഡിഎഫ്‌ സ്ഥാനാർഥി ജോയ്‌സ്‌ ജോർജിന്‌ പ്രവർത്തകർ തോളിലേറ്റി സ്‌നേഹാഭിവാദ്യവും വിജയാശംസകളും നേർന്നത്‌ ആവേശമായി.

ആർത്തിരമ്പി ജനസഞ്ചയം കൊട്ടിക്കയറി ആവേശം
കട്ടപ്പന
കർഷക ജനതയുടെ അതിജീവന പോരാട്ടത്തിന് ഊർജം പകർന്ന് ആയിരങ്ങൾ അണിനിരന്ന പടുകൂറ്റൻ പ്രകടനത്തോടെ ഹൈറേഞ്ചിന്റെ വാണിജ്യതലസ്ഥാനമായ കട്ടപ്പനയിൽ പരസ്യപ്രചാരണത്തിന‌് ഗംഭീര സമാപനം. ഹൈറേഞ്ചിന്റെ മലമടക്കുകളിൽ അലയടിച്ച് മുദ്രാവക്യം വിളിയുയർന്നപ്പോൾ ആവേശം കൊടുമുടിയിലെത്തി. കർഷക ജനതയുടെ പോരാളി അഡ്വ. ജോയസ് ജോർജ് വാദ്യമേളങ്ങളുടെയും ബൈക്ക‌് റാലിയുടെയും അകമ്പടിയോടെ കട്ടപ്പനയിൽ എത്തിയപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരാണ‌് വരവേറ്റത‌്. തെരഞ്ഞെടുപ്പ‌് അടയാളമായ ബാറ്ററി ടോർച്ചും ചിത്രം മുദ്രണം ചെയ‌്ത കൊടികളും ചെമ്പതാകകളും വീശി ബൈക്കുകളിലും പ്രകടനങ്ങളിലും എത്തിയ വൻജനാവലി എൽഡിഎഫ‌് വിജയം അടിവരയിട്ടു.സമാപനത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ആവേശം അലകടലായി. അതിജീവന സമരത്തിന്റെ മുന്നണിപ്പോരാളി ജോയ‌്സ‌് ജോർജ‌് പ്രസംഗിച്ചതും ആവേശമായി. ഏഴ് മണ്ഡലങ്ങളിലെ പൊതുപര്യടനങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. 

50 കിലോമീറ്റർ മെഗാ റോഡ് ഷോയോടുകൂടിയാണ‌് കലാശക്കൊട്ട് നടത്തിയത‌്. നൂറ‌്കണക്കിന‌് ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു രാവിലെ മുതൽ സ്ഥാനാർഥി പര്യടനം. പ്രകാശിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ചേലച്ചുവട്ടിൽനിന്നും സ്ഥാനാർഥി ജോയ്സ് ജോർജും റോഡ് ഷോയോടൊപ്പം ചേർന്നു. തുടർന്ന് കരിമ്പൻ, തടിയമ്പാട്, ഇടുക്കി, പാണ്ടിപ്പാറ, തങ്കമണി വഴി ഇരട്ടയാർ, വെള്ളയാംകുടി, നരിയമ്പാറ, ഇരുപതേക്കർ വഴി കട്ടപ്പന ടൗണിൽ സമാപിച്ചു.
മൂവായിരത്തോളം വരുന്ന പ്രവർത്തകർ ഇടുക്കിക്കവലയിൽനിന്നും നൂറുകണക്കിന് ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കട്ടപ്പന സെൻട്രൽ ജങ‌്ഷനിൽ എത്തിയപ്പോൾ വഴിയരികിൽനിന്ന പൊതുജനങ്ങളും ആവേശപൂർവം പ്രകടനത്തിന്റെ ഭാഗമായി. തുടർന്ന് ടൗൺ ചുറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി സ്ഥാനാർഥി ജോയ‌്സ‌് ജോർജ‌് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പരസ്യ പ്രചാരണത്തിന്റ അവസാന നിമിഷവും സ്ഥാനാർഥിയുടെ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് പ്രവർത്തകർ വരവേറ്റത്. എൽഡിഎഫ് നേതാക്കളായ സി വി വർഗീസ്, മാത്യു വർഗീസ‌്, റോമിയോ സെബാസ‌്റ്റ്യൻ, വി ആർ സജി, എൻ ശിവരാജൻ, പി ബി സബീഷ‌്, വി ആർ ശശി, വി എസ‌് അഭിലാഷ‌്, അനിൽ കൂവപ്ലാക്കൽ, സാജൻ കുന്നേൽ, കെ പി ഹസ്സൻ, ജോസഫ‌് കുഴിപ്പള്ളി എന്നിവർ നേതൃത്വം നൽകി.

നാട‌ുനിറഞ്ഞ‌് എൽഡിഎഫ്
കോതമംഗലം/മൂവാറ്റുപുഴ
ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ‌്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ കോതമംഗലത്തും മൂവാറ്റുപുഴയിലും നഗരം നിറഞ്ഞ‌് എൽഡിഎഫ‌്. ഇടതുമുന്നണിയുടെ വിജയമുറപ്പിച്ച‌് കൊടികളും ജോയ‌്സിന്റെ കട്ടൗട്ടുകളും കൈകളിലേന്തി, ആവേശമുയർത്തിയ മുദ്രാവാക്യങ്ങളോടെയായിരുന്നു ഇരുമണ്ഡലങ്ങളിലെയും ശക്തിപ്രകടനം.കോതമംഗലം നഗരത്തിൽ വൈകിട്ട‌് നാലിനുതന്നെ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. ഹൈറേഞ്ച് ജങ‌്ഷനിൽനിന്ന‌് ജോയ‌്സിന്റെ തെരഞ്ഞെടുപ്പ‌് ചിഹ‌്നമായ ടോർച്ച് അടയാളവും താളമേളങ്ങളുടെയും നാടൻകലാരൂപങ്ങളുടെയും അകമ്പടിയോടെ ഗാന്ധിസ‌്ക്വയറിൽ എത്തിച്ചേർന്നു.  വിവിധ പഞ്ചായത്ത‌് പ്രദേശങ്ങളിലും  പ്രവർത്തകർ കൊട്ടിക്കലാശം തീർത്തു.

ജോയ്സിന് വിജയമുറപ്പിച്ച്  മൂവാറ്റുപുഴയിൽ എൽഡിഎഫിന്റെ ശക്തിപ്രകടനം അരങ്ങേറി. സ്ഥാനാർഥിയുടെ ചിത്രങ്ങളുയർത്തിയും ചെങ്കൊടികളുമായി എത്തിയ  പ്രവർത്തകർ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിറഞ്ഞാടി. നൂറുകണക്കിന‌്  പ്രവർത്തകരും പുതിയ വോട്ടർമാരും പ്രചാരണവാഹനങ്ങളും  ചേർന്നതോടെ നഗരം ആവേശച്ചൂടിലായി. പരസ്യപ്രചാരണത്തിന്റെ സമാപനദിവസം രാവിലെമുതൽ നഗരത്തിലും പ്രചാരണത്തിരക്കിലായിരുന്ന പ്രവർത്തകർ വൈകിട്ട് മൂന്നോടെ വാഹനങ്ങളിൽ റാലിയായെത്തി. എൽഡിഎഫ് പ്രവർത്തകർക്ക് അനുവദിച്ച കച്ചേരിത്താഴം, നാലരയോടെ ചുവപ്പണിഞ്ഞു.

സ്ഥാനാർഥി ജോയ്സ് ജോർജിന്റെ ചിത്രവും തെരഞ്ഞെടുപ്പുചിഹ‌്നം ആലേഖനംചെയ്ത കൊടികളും വസ്ത്രങ്ങളുമണിഞ്ഞെത്തിയ പ്രവർത്തകർ വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളും തെരഞ്ഞെടുപ്പ് ഗാനങ്ങളുമായി നഗരത്തിൽ ചുവട‌ുവച്ചു. റോഡിനിരുവശവും കാണികളും പ്രവർത്തകരും നിറഞ്ഞു. പൈങ്ങോട്ടൂർ, പോത്താനിക്കാട‌്, വാഴക്കുളം എന്നിവിടങ്ങളിലും കൊട്ടിക്കലാശവും റാലിയും നടത്തി.

താളമേളങ്ങളുമായി കാടിന്റെ മക്കൾ
മറയൂർ
ആദിവാസി മേഖലയിൽനിന്ന് ഒഴുകിയെത്തിയ കാടിന്റെ മക്കളുടെ പങ്കാളിത്തത്തിൽ മറയൂരിൽ കലാശക്കൊട്ട‌്. ദ്രാവിഡ താളമേളങ്ങളായ ചിക്കാട്ടാവും കുലവയാട്ടവും ഒപ്പം ആധുനികതയുടെ ഭാഗമായ നാസിക് ഡോളിന്റെയും അകമ്പടിയിൽ മറയൂരിനെ ചുവപ്പണിയിച്ചാണ‌് എൽഡിഎഫ‌് കലാശക്കൊട്ട് സമാപിച്ചത‌്. എംപി ആയിരിക്കെ മറയൂരിലെ ആദിവാസി പിന്നോക്ക മേഖലയിൽ സന്ദർശനം നടത്തുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ‌്തതിനാൽ ജോയ്സ് ജോർജിന്റെ വിജയം ഉറപ്പിക്കാൻ നൂറ്കണക്കിന് സ്ത്രീകളാണ‌് ടൗണിൽ എത്തിയത്. കാലാശക്കൊട്ടിന്റെ ആവേശത്തിൽ പ്രകടനം ആരംഭിച്ച ബാബുനഗർ മുതൽ ആദിവാസി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരമ്പരാഗത നൃത്തം ചെയ‌്തു.   പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ‌്മണൻ ഉദ്ഘാടനം ചെയ്തു. മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, പി എസ് ശശികുമാർ സംസാരിച്ചു.

 


പ്രധാന വാർത്തകൾ
 Top