18 June Tuesday

നാടിന്റെ സ‌്നേഹം ഏറ്റുവാങ്ങി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019


കടുത്തുരുത്തി
കോട്ടയം പാർലമെന്റ‌് മണ്ഡലം സ്ഥാനാർഥി വി എൻ വാസവൻ പര്യടനം തുടരുന്നു. വിവിധ കലാലയങ്ങളിൽ പര്യടനം നടത്തിയ ശേഷം മുട്ടുചിറ കന്യാസ്ത്രീ മഠവും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷൻ ഹോസ്പിറ്റലും സന്ദർശിച്ചു. തുടർന്ന് ഡിഫറന്റ‌്‌ലി ഏബിൾഡ‌് പേഴ‌്സൺസ‌് വെൽഫെയർ ഫെഡറേഷൻ കടുത്തുരുത്തി എരിയ പ്രവർത്തക യോഗത്തിലേക്ക് എത്തിയ സ്ഥാനാർഥിക്ക‌് ഉജ്വല സ്വീകരണമാണ് നൽകിയത്. വിവിധ രാഷ്ട്രീയ പാർടികളിൽ വിശ്വസിക്കുന്ന ഇവരുടെ ഏത് ആവശ്യങ്ങൾക്കും മുന്നിൽനിന്ന് പ്രവർത്തിച്ച നേതാവിന് ഒരുകൈയിൽ ഊന്നുവടിയുമായിനിന്ന‌് ചുവപ്പ് മാലയിട്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. ഡിഎഡബ്ല്യുഎഫ‌് എന്ന സംഘടന രൂപീകൃതമാകും മുമ്പേ ഇവരുടെ പ്രയാസങ്ങളും പ്രതിസന്ധികളും അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും നിയമസഭയിൽ ആദ്യമായി ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും ചെയ‌്ത സ്ഥാനാർഥി ഇവർക്ക‌് പുതിയ പ്രതീക്ഷയാണ‌്. 

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപൽ മർത്ത‌്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയം, കർമ്മലീത്താമഠം, സെന്റ‌് മേരീസ് സ്കൂൾ, കളത്തൂർ ​ഗവ. യുപി സ്കൂൾ, കളത്തൂർ ബിആർസി എന്നിവിടങ്ങളും സന്ദർശിച്ചു. ഉച്ചക്കുശേഷം കുറുപ്പന്തറ മാർക്കറ്റ് ജങ‌്ഷനിൽ കാത്തുനിന്ന പാർടി പ്രവർത്തകരുടെ സ്നേഹാഭിവാദ്യം ഏറ്റുവാങ്ങിയശേഷം കുറുപ്പന്തറ മള്ളിയൂർ ക്ഷേത്രത്തിലും എത്തി.

മള്ളിയൂര്‍മനയില്‍ വി എന്‍ വാസവന് വരവേല്‍പ്പ്
കുറുപ്പന്തറ
മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഓർമകൾ തുളുമ്പുന്ന മള്ളിയൂർഇല്ലത്ത് എൽഡിഎഫ് സാരഥി വി എൻ വാസവന് മകൻ പരമേശ്വരൻ നമ്പൂതിരിയുടെ വരവേൽപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് മാഞ്ഞൂർദേശത്തെ മള്ളിയൂർ മനയിലെത്തിയ വി എൻ വാസവനെ മള്ളിയൂർ മഹാഗണപതി ക്ഷേത്രം മേൽശാന്തിയും ഭാഗവത പണ്ഡിതനുമായ പരമേശ്വരൻ നമ്പൂതിരി മനയിലേക്ക് സ്വീകരിച്ചത‌്. മള്ളിയൂർ താമസിച്ചിരുന്നതും അദ്ദേഹത്തിന്റെ മരണശേഷം കെടാവിളക്ക് തെളിയുന്നതുമായ മുറിയിലെത്തിയ വാസവനെ പരമേശ്വരൻ നമ്പൂതിരി പൊന്നാടയണിയിച്ച‌് ആദരിച്ചു. തുടർന്ന് കസവുമുണ്ട് നൽകി സ്വീകരിച്ചു. മള്ളിയൂരിന്റെ ഓർമകൾക്കുമുമ്പിൽ പ്രാർഥനാ മഞ്ജരികളർപ്പിച്ചശേഷം വാസവൻ കുടുംബാംഗങ്ങളുമായി സംസാരിച്ചു. പരമേശ്വരൻ നമ്പൂതിരിയുടെ സഹധർമിണി സതീദേവി അന്തർജനവും ആശംസകളുമായി എത്തി.  എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി പി വി സുനിൽ, മാഞ്ഞൂരിലെ നേതാക്കളായ ബെന്നി ജോസഫ്, എൻ എസ് രാജു, ശ്യമളാ അരുൺ എന്നിവരും ഒപ്പമുണ്ടായി.

 

വിജയാശംസ നേർന്ന‌് മമ്മൂട്ടി
കൊച്ചി
‘എല്ലാ വിജയാശംസകളും’. വി എൻ വാസവന‌് ഹസ‌്തദാനം ചെയ‌്തുകൊണ്ട‌് മമ്മൂട്ടി പറഞ്ഞു. മഹാനായ കലാകാരന്റെ ആശംസയിൽ അതിയായ സന്തോഷമുണ്ടെന്ന‌് വി എൻ വാസവന്റെ പ്രതികരണം. വ്യാഴാഴ‌്ച രാത്രി ഏഴിനാണ‌് മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ കാണാൻ കോട്ടയം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ എത്തിയത‌്. പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വസതിയിലായിരുന്നു കൂടിക്കാഴ‌്ച.  മാമാങ്കം സിനിമയുടെ സെറ്റിൽ നിന്നാണ‌് മമ്മൂട്ടി വി എൻ വാസവനെ സ്വീകരിക്കാനെത്തിയത‌്.

താൻ നേരത്തേ കോട്ടയം പാർലമെന്റ‌് മണ്ഡലത്തിലെ വോട്ടറായിരുന്നെന്ന‌് മമ്മൂട്ടി പറഞ്ഞു. കോട്ടയത്ത‌് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ  ഫയർഫോഴ‌്സ‌് എത്തുന്നതിനുമുമ്പേ വാസവൻ എത്തുമെന്നാണ‌് താൻ കേട്ടിരിക്കുന്നതെന്ന‌ും മമ്മൂട്ടി പറഞ്ഞു. സംഭാഷണത്തിനിടെ, അടുത്തിരുന്ന നിർമാതാവ‌് ജോബി ജോർജിനെ ചൂണ്ടി ‘ഒരു വോട്ടാ ഈ ഇരിക്കുന്നത‌്’ എന്ന‌് മമ്മൂട്ടി പറഞ്ഞത‌് ചിരിയുണർത്തി. കാൽ മണിക്കൂറോളം മമ്മൂട്ടിയുമൊത്ത‌് ചെലവഴിച്ച ശേഷമാണ‌് വി എൻ വാസവൻ മടങ്ങിയത‌്.


പ്രധാന വാർത്തകൾ
 Top