31 March Tuesday

റിലയൻസ്‌ നബാർഡിനെ പറ്റിച്ചു ; 1170 കോടി കിട്ടാക്കടം

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

സ്വന്തം ലേഖകൻ
നബാർഡ്‌ (ദേശീയ കാർഷിക–-ഗ്രാമ വികസന ബാങ്ക്‌) അംബാനിയുടെ റിലയൻസ്‌ കൊമേഴ്‌സ്യൽ ഫിനാൻസ്‌ ലിമിറ്റഡിന്‌ വായ്‌പയായി നൽകിയ 1170.50 കോടി രൂപ കിട്ടാക്കടമായി. രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്‌ നൽകിയ വായ്‌പയെക്കുറിച്ചുള്ള അന്വേഷണത്തിന്‌ വിവരാവകാശപ്രകാരം നബാർഡ്‌ നൽകിയ മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്‌. ഡിഎച്ച്‌എഫ്‌എൽ (ദിവാൻസ്‌ ഹൗസിങ് ഫിനാൻസ്‌ ലിമിറ്റഡ്‌), ഇന്ത്യാ ബുൾസ്‌ എന്നീ സ്ഥാപനങ്ങൾക്ക്‌ നൽകിയ 5000 കോടിയിലേറെ രൂപയുടെ വായ്‌പയും വൈകാതെ കിട്ടാക്കടമായി മാറിയേക്കുമെന്ന്‌ സൂചനയുണ്ട്‌.

രണ്ടുവർഷത്തിനുള്ളിലാണ്‌ റിലയൻസ്‌ ഹോം, റിലയൻസ്‌ ക്യാപ്പിറ്റൽ, റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ തുടങ്ങിയ പേരുകളിൽ 1170 കോടി രൂപ റിലയൻസ്‌ നബാർഡിൽനിന്ന്‌ വാങ്ങിക്കൂട്ടിയത്‌. അഞ്ചുവർഷത്തിനിടെ വിവിധ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്കായി നബാർഡ്‌ 20,865.83 കോടി രൂപ വായ്‌പ നൽകി. നബാർഡിൽനിന്ന്‌ വൻതുക വായ്‌പയെടുത്ത മുംബൈ ആസ്ഥാനമായ ഐഎൽ ആൻഡ്‌ എഫ്‌എസ്‌ (ഇൻഫ്രാസ്‌ട്രക്‌ചർ ലീസിങ് ആൻഡ്‌ ഫിനാൻഷ്യൽ സർവീസ്‌) കഴിഞ്ഞവർഷം തകർന്നിരുന്നു.
രൂപീകൃതലക്ഷ്യത്തിൽനിന്ന്‌ വ്യതിചലിച്ചാണ്‌ നബാർഡ് നോൺ ബാങ്കിങ് ഫിനാൻസ്‌ കമ്പനികൾക്ക്‌ (എൻബിഎഫ്‌സി) കുറഞ്ഞ പലിശയ്‌ക്ക്‌ വൻതുക നൽകുന്നത്‌. കാർഷിക–-ഗ്രാമീണ മേഖലയുടെ വികസനത്തിന്‌ സാമ്പത്തികസഹായം നൽകാനെന്ന പേരിലാണ് നബാർഡ് രൂപീകരിച്ചത്‌. സഹകരണബാങ്കുകളും ഗ്രാമീണ ബാങ്കുകളും വഴിയുള്ള നബാർഡ്‌ വായ്‌പകൾ സാധാരണക്കാർക്കും കർഷകർക്കും ആശ്വാസമായിരുന്നു.

നയംമാറ്റത്തിന്റെ ഭാഗമായി നബാർഡിനുള്ള കേന്ദ്രധനസഹായം വെട്ടിക്കുറച്ചു. ഇതോടെയാണ്‌ നബാർഡ്‌ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ വായ്‌പ നൽകാനും അവരുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും തുടങ്ങിയത്‌.


പ്രധാന വാർത്തകൾ
 Top