30 May Saturday

ഇനി വിടർന്ന ചിരിയുമായി ജീവിതത്തിലെ സെക്കൻഡ‌് ഇന്നിങ്‌സ‌്; നവീകരിച്ച വൃദ്ധമന്ദിരം ഉദ‌്ഘാടനം ചെയ്‌തു

സുപ്രിയ സുധാകർUpdated: Friday Feb 22, 2019

കണ്ണൂർ > ടൈൽസ‌് പാകി തിളങ്ങുന്ന നിലം, ചുവരിൽ മനസ്സിനു കുളിർമയേകുന്ന ചിത്രങ്ങൾ, അവ തെളിഞ്ഞ‌് കാണാൻ സഹായിക്കുന്ന സീലിങ‌് ലൈറ്റുകൾ,  ഇരിക്കാൻ സോഫാസെറ്റുകൾ– പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്നതാണ്‌ മന്ത്രി കെ കെ ശൈലജ ഇന്ന്‌ ഉദ്‌ഘാടനം ചെത്‌ത അഴീക്കോട‌ുള്ള വൃദ്ധമന്ദിരം. കുമളിയിലെ മൈക്കിളും കോഴിക്കോട്ടെ ഗോപാലനും കണ്ണൂരിലെ തങ്കമണിയുമെല്ലാം അതിഥികളെ സ്വീകരിക്കാൻ വിടർന്ന ചിരിയുമായി നിൽക്കുന്നു. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുവെന്ന സങ്കടമില്ലാതെ അന്തേവാസികൾക്ക‌് താമസിക്കാൻ വീടിനേക്കാൾ സൗകര്യമുള്ളതാണ്‌ ഈ സ്‌നേഹമന്ദിരം.

16,000 ചതുരശ്ര അടി വി‌സ്‌തീർണത്തിൽ 12 മുറികളിലും മൂന്നു ഡോർമിറ്ററികളിലുമായി 37 സ‌്ത്രീകളും 31 പുരുഷന്മാരുമാണ‌് നിലവിൽ വൃദ്ധമന്ദിരത്തിൽ താമസിക്കുന്നത‌്. ഓരോ കിടക്കയ‌്ക്കും എമർജൻസി ബെല്ലും റീഡിങ്‌ ലൈറ്റും ഉണ്ട്. അത്യാവശ്യഘട്ടത്തിൽ നേഴ‌്സിനെ വിളിക്കാനാണ‌് എമർജൻസി ബെൽ. കുളിമുറികളിലും എമർജൻസി ബെല്ലുണ്ട‌്. വരാന്തകളിലെയും മുറികളിലെയും ചുവരിൽ നിറയെ ചിത്രങ്ങളും നടക്കാൻ പ്രയാസമുള്ളവർക്ക‌് പിടിച്ചു നടക്കാൻ കൈവരികളുമുണ്ട‌്. കൂടാതെ വിശാലമായ ഡൈനിങ് ഹാളും ലൈബ്രറിയും വായനമുറിയും. സായാഹ്നങ്ങളിൽ പുല്ലുവിരിച്ച‌ പൂന്തോട്ടത്തിലൂടെ നടക്കാം. പൂന്തോട്ടത്തിന്റെ മനോഹാരിതയിൽ ലയിച്ച‌് അൽപസമയം വിശ്രമിക്കണോ– ചെറിയ ഇരിപ്പിടങ്ങൾ ഇവിടെയും റെഡി.

അടിസ്ഥാനസൗകര്യങ്ങൾ മാത്രമല്ല, മികച്ച ചികിത്സ ലഭ്യമാക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട‌്. അലോപ്പതി, ആയുർവേദം എന്നിവയ‌്ക്ക‌് പ്രത്യേകമായി ക്ലിനിക്കുകളും മരുന്ന‌്‌ നൽകുന്നതിന‌് ഫാർമസിയുമുണ്ട‌്. ആഴ‌്ചതോറുമുള്ള മെഡിക്കൽ ചെക്കപ്പിനും രക്തപരിശോധനയ‌്ക്കും ഇനി പിഎച്ച‌്സിയിലോ സിഎച്ച‌്സിയിലോ പോകേണ്ടതില്ല. ഇസിജി എടുക്കാനുൾപ്പെടെ സൗകര്യമുള്ള ലാബും വൃദ്ധമന്ദിരത്തിൽ സ്ഥാപിച്ചിട്ടുണ്ട‌്. എല്ലാദിവസവും ആയുർവേദ ഡോക്‌ടറുടെ സേവനം ലഭിക്കും. ആഴ‌്ചയിൽ ഒരിക്കൽ അലോപ്പതി ഡോക്ടറും മാസത്തിൽ ഒരിക്കൽ മറ്റു സ‌്പെഷ്യലിസ‌്റ്റ‌്  ഡോക്ടർമാരും വൃദ്ധമന്ദിരത്തിലെത്തും. ഫിസിയോതെറാപ്പി, യോഗാ എന്നിവയ‌്ക്കും പ്രത്യേകമുറികൾ സജ്ജമാക്കിയിട്ടുണ്ട‌്. ഡിമൻഷ്യ ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത‌് മെമ്മറി ക്ലിനിക്ക‌് ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട‌്. ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന‌് ഉറപ്പാക്കാൻ നാല‌് നേഴ‌്സുമാരും വൃദ്ധമന്ദിരത്തിലുണ്ട‌്. രണ്ട‌് രോഗീപരിചരണ മുറികൾക്ക‌് പുറമെ താൽകാലിക താമസത്തിനായി രണ്ട് അതിഥിമുറികളുമുണ്ട‌്.

ആരോരുമില്ലാതാകുന്നതോടെ ജീവിതത്തിലെ പ്രതീക്ഷയറ്റ‌് ജീവിക്കുന്നവർക്ക‌് പുത്തൻ ഉണർവ‌് നൽകുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ‌ാണ‌് ‘സെക്കൻഡ‌് ഇന്നിങ്സ‌് ഹോമെ’ന്ന പേരിൽ വൃദ്ധസദനങ്ങൾ നവീകരിക്കുന്നത‌്. ദേശീയനിലവാരത്തിലേക്ക‌്‌ ഉയർത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ വൃദ്ധമന്ദിരമാണിത‌്.  ഹിന്ദുസ്ഥാൻ ലാറ്റക‌്സ‌് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ‌്റ്റ‌് (എച്ച‌്എൽഎഫ‌്പിപിടി) ആണ‌് വയോജനങ്ങളുടെ ക്ഷേമത്തിനായി പദ്ധതി യാഥാർഥ്യമാക്കുന്നത‌്. മൂന്നുവർഷത്തെ പ്രൊജക്ടിന‌് ആദ്യവർഷം 73 ലക്ഷം രൂപയാണ‌് സർക്കാർ അനുവദിച്ചത‌്.


പ്രധാന വാർത്തകൾ
 Top