20 August Tuesday

കെ വി സുമേഷ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2016

കണ്ണൂര്‍> കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ കെ വി സുമേഷ് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ തോമസ് വര്‍ഗീസിനെ ഒമ്പതിനെതിരെ 15 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നിലവില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ– വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. തിങ്കളാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കലക്ടര്‍ പി ബാലകിരണ്‍ വരണാധികാരിയായിരുന്നു.

പ്രസിഡന്റായ കാരായി രാജന്‍ ഫസല്‍ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിനാലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്.  കെ വി സുമേഷിന്റെ പേര് കാരായി രാജന്‍ നിര്‍ദ്ദേശിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു(സിപിഐ) പിന്താങ്ങി. തോമസ് വര്‍ഗീസിന്റെ(കോണ്‍ഗ്രസ്) പേര് മുസ്ളിം ലീഗിലെ അന്‍സാരി തില്ലങ്കേരി നിര്‍ദേശിച്ചു. കെ പി ചന്ദ്രന്‍(ജനതാദള്‍ യു) പിന്താങ്ങി. പതിനൊന്നരയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമാണ് സുമേഷ്. പരിയാരം ഡിവിഷനില്‍നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍, സെനറ്റംഗം, ചെങ്ങളായി പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെങ്ങളായി നെല്ലിക്കുന്ന് സ്വദേശിയാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുമേഷിനെ പി കെ ശ്രീമതി എംപി, സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം വി ജയരാജന്‍, എല്‍ഡിഎഫ് നേതാക്കളായ കെ പി സഹദേവന്‍, കെ കെ നാരായണന്‍ എംഎല്‍എ, സി രവീന്ദ്രന്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

പ്രധാന വാർത്തകൾ
 Top