14 December Saturday
സോണിയയെ അതൃപ്‌തി അറിയിച്ചു

കോൺഗ്രസിന്‌ മൃദുഹിന്ദുത്വമെന്ന്‌ ലീഗ്‌ ; ന്യൂനപക്ഷവിഭാഗങ്ങൾക്ക്‌ കോൺഗ്രസ്‌ നിലപാടിൽ ആശങ്ക

സ്വന്തം ലേഖകൻUpdated: Thursday Nov 21, 2019

ന്യൂഡൽഹി
അയോധ്യ, കശ്‌മീർ വിഷയങ്ങളിൽ കോൺഗ്രസ്‌ സംഘപരിവാറിനു സമാനമായ നിലപാട്‌  സ്വീകരിക്കുന്നതിൽ മുസ്ലിംലീഗ്‌ നേതാക്കൾ അതൃപ്‌തി അറിയിച്ചു. ലീഗ്‌ ദേശീയ അധ്യക്ഷൻ ഖാദർ മൊയ്‌തീർ,  ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംഘടനാ സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ എന്നിവരാണ്‌ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലെത്തി  അതൃപ്‌തി അറിയിച്ചത്‌. തീവ്രവർഗീയതയുമായി യോജിക്കുന്ന നിലപാടിലേക്ക്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം പരസ്യമായി മാറിയതിൽ ന്യൂനപക്ഷവിഭാഗങ്ങൾക്ക്‌ ആശങ്കയുണ്ടെന്നും തിരുത്തലിന്‌ ശ്രമിക്കണമെന്നും ലീഗ്‌ നേതാക്കൾ അഭ്യർഥിച്ചു. എന്നാൽ, സോണിയ ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകിയില്ല.

അയോധ്യയിൽ ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന ഭൂമി ക്ഷേത്രനിർമാണത്തിന്‌ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയെ കോൺഗ്രസ്‌ സ്വാഗതം ചെയ്‌തിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാണ്‌ തങ്ങളുടെ നിലപാടെന്നും കോൺഗ്രസ്‌ വ്യക്തമാക്കി. കശ്‌മീർ വിഷയത്തിലും  കോൺഗ്രസ്‌ മോഡി സർക്കാർ നടപടികളെ ന്യായീകരിച്ചു. പ്രത്യേക പദവി എടുത്തുകളഞ്ഞ മാർഗം ശരിയല്ലെന്നുമാത്രമാണ്‌ കോൺഗ്രസ്‌ അഭിപ്രായപ്പെട്ടത്‌. 

മഹാരാഷ്ട്രയിൽ ശിവസേനയുമായി കൈകോർക്കാനുള്ള കോൺഗ്രസ്‌ നീക്കവും ലീഗിനെ അന്ധാളിപ്പിച്ചിട്ടുണ്ട്‌. കോൺഗ്രസിനെതിരായി ലീഗ്‌ അണികളുടെ അമർഷം അതിരുകടക്കുന്ന ഘട്ടത്തിലാണ്‌ നേതാക്കൾ സോണിയയെ കണ്ടത്‌. ദളിത്‌, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ്‌ മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ലീഗ്‌ നേതാക്കൾ സോണിയയെ കണ്ടശേഷം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റാനും മതേതര പാർടികളെ യോജിപ്പിച്ച്‌ നിർത്താനും കോൺഗ്രസ്‌ മുൻകൈ എടുക്കണം.  അയോധ്യാ വിധി സ്വാഗതം ചെയ്യുന്നെങ്കിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പാടെ നിരാകരിക്കപ്പെട്ടു. വിധിക്കെതിരായി പുനഃപരിശോധനാ ഹർജി പരിഗണനയിലാണെന്നും നേതാക്കൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top