21 March Thursday

‘കര്‍സേവ’ അനുവദിക്കില്ല ; അറസ്റ്റ‌് ഭക്തർക്ക‌് സൗകര്യമൊരുക്കാൻ : പിണറായി വിജയൻ

പ്രത്യേക ലേഖകൻUpdated: Wednesday Nov 21, 2018

തിരുവനന്തപുരം
ഭക്തിയുടെ മറവിൽ ശബരിമല പിടിച്ചെടുക്കാൻ  സംഘപരിവാർ സംഘടനകളെ അനുവദിക്കില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ ഇപ്പോഴത്തെ സമരം ഭക്തിയുടെ ഭാഗമല്ല. ശബരിമല പിടിച്ചെടുക്കാൻ കർസേവകരായാണ‌് സംഘപരിവാറുകാർ എത്തുന്നത‌്.  ദർശനത്തിനെത്തിയ ഭക്തരെ പൊലീസ‌്  തടഞ്ഞിട്ടില്ല.  പ്രശ്നം സൃഷ്ടിക്കാൻമാത്രം എത്തിയവരെയാണ്  തടഞ്ഞത്. രാഷ്ട്രീയ താൽപ്പര്യത്തിനായി സംഘപരിവാർ നേതാക്കൾ ഭക്തരെ ബലിയാടാക്കരുത്. എല്ലാഘട്ടത്തിലും പൊലീസ് സമാധാനപരമായും ആത്മസംയമനത്തോടെയും ഇടപെട്ടു. ശാരീരികവേദന അനുഭവിച്ചും പൊലീസ്  ഉത്തരവാദിത്തം നിറവേറ്റുന്നത് ബുദ്ധിമുട്ടില്ലാതെ ഭക്തര്‍ക്ക് ആരാധന നടത്താന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത് സ്വാഭാവികമാണ‌്.  ഇത് ആയിരക്കണക്കിന് ഭക്തര്‍ക്ക് ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടിയാണ്. ശബരിമലയുടെ ചരിത്രത്തിലില്ലാത്ത രീതിയാണ് ചിത്തിര ആട്ട വിശേഷ സമയത്ത് ഉണ്ടായത്. സന്നിധാനത്തുതന്നെ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായി. പ്രശ്‌നമുണ്ടാക്കാന്‍ കാരണമില്ലാതെ വന്നപ്പോള്‍ ഒരുതെറ്റും ചെയ്യാത്ത 50 കഴിഞ്ഞ ഭക്തയെ  ആക്രമിച്ചു. ആചാര സംരക്ഷണം പറഞ്ഞവര്‍തന്നെ പതിനെട്ടാംപടിയില്‍ ആചാരം ലംഘിച്ചതും കണ്ടു. ഇത്തരം പ്രശ്‌നങ്ങള്‍ വീണ്ടും നടത്താനാണ‌് ശ്രമം. ഹരിവരാസനം പാടി നടയടച്ചാല്‍ അന്നത്തെ ദർശനം അവസാനിച്ചു. എന്നാല്‍, ഇതുകഴിഞ്ഞിട്ടും സന്നിധാനത്ത് ബഹളമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു. ആദ്യദിവസം കഴിയാത്തത് പിന്നീട്  നടപ്പാക്കാന്‍ ആസൂത്രണത്തിലൂടെ തീരുമാനിക്കുകയായിരുന്നു ആര്‍എസ്എസ്.

രാഷ്ട്രീയലക്ഷ്യത്തോടെയാണ് സംഘപരിവാർ ശബരിമലയെ കാണുന്നത്. യഥാർഥ ഭക്തർക്കാണ്  ഇവരുടെ നടപടികൾ ദുരിതമുണ്ടാക്കിയത്. ഭക്തരെന്ന പേരിൽ അക്രമം കാട്ടിയവർ സംഘപരിവാർ സംഘടനകളുടെ നേതാക്കളാണ്.  വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള ഇവർ ആചാരങ്ങൾ പാലിച്ചിരുന്നോ എന്ന് ഇവരെ അറിയാവുന്നവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി അയച്ച സർക്കുലർ പുറത്ത‌ുവന്നതോടെ ബിജെപിയുടെ ഗൂഢപദ്ധതി പുറത്തായി.  ഒരു നേതാവ് ശബരിമലയിൽ കാട്ടിയ കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിലൂടെ ജനംകണ്ടു. അദ്ദേഹം വലിച്ചെറിഞ്ഞ ഇരുമുടിക്കെട്ട് പൊലീസ‌് സൂപ്രണ്ട‌്  എടുത്തുകൊടുക്കുന്നതും വീണ്ടും വലിച്ചെറിയുന്നതും  ദൃശ്യങ്ങളിൽ കാണാം. എസ‌്‌പി വീണ്ടും അതു നേതാവിനെ എൽപ്പിക്കുന്നു, വീണ്ടും നേതാവ് വലിച്ചെറിയുന്നു.

അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അദ്ദേഹംതന്നെ കീറുന്നു. ഇതെല്ലാം ആചാരസംരക്ഷണത്തിന്റെ ഭാഗമാണോയെന്നു ജനങ്ങൾ ചിന്തിക്കണം. ബിജെപി നേതാക്കൾ ക്ഷേത്രദർശനത്തിനു വന്നാൽ സൗകര്യം ഒരുക്കും. മറ്റൊരു ചിന്തയാണെങ്കിൽ പൊലീസ് നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആർഎസ്എസിനൊപ്പം തങ്ങളും ഉണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊണ്ടാണ് കോൺഗ്രസ് നിലകൊള്ളുന്നത്.   ബിജെപിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയാണ് കോൺഗ്രസ്. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെ സർക്കാർ നേരിട്ടില്ല എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ, അക്രമികളെ അറസ്റ്റ് ചെയ്തപ്പോൾ ജുഡീഷ്യൽ അന്വേഷണം വേണം എന്നായി അദ്ദേഹത്തിന്റെ നിലപാട്. നിലപാടുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top