03 December Tuesday

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ദുരിതപ്പുഴ കടന്ന്‌ ദിൽബറിന്റെ നേട്ടം

ജാഷിദ് കരീംUpdated: Monday Oct 21, 2024

കൽപ്പറ്റ> മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസിലെ ഏഴാംതരം വിദ്യാർഥി ദിൽബർ ദാനി ഹസൻ ദേശാഭിമാനി അക്ഷരമുറ്റം ക്വിസിൽ സംസ്ഥാനതലത്തിൽ മത്സരിക്കും. മാനന്തവാടി ഗവ. യുപി സ്കൂളിൽ നടന്ന ജില്ലാതല മത്സരത്തിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയാണ്‌ യോഗ്യത നേടിയത്.

ദുരന്തമുഖത്തെ നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങളാൽ മനസ്സ് പിടഞ്ഞ ദിൽബർ തിരിച്ചുവരവിന്റെ ആത്മവിശ്വാസവുമായാണ്‌ മത്സരത്തിനെത്തിയത്. ചോദ്യങ്ങളെല്ലാം കരുത്തോടെ നേരിട്ടു. എൽകെജി മുതൽ ഏഴാം ക്ലാസുവരെ ഒന്നിച്ച്‌ പഠിച്ച ഉറ്റസുഹൃത്തുക്കളായ മൂന്നുപേരും മുണ്ടക്കൈയിൽ താമസിച്ച അടുത്ത കുടുംബത്തിലെ ഏഴുപേരും ഉരുൾപൊട്ടലിൽ മരിച്ചു. ചൂരൽമല സ്കൂൾ റോഡിലായിരുന്നു ദിൽബറും കുടുംബവും താമസിച്ചിരുന്നത്. മൂന്നര മാസംമുമ്പാണ് മേപ്പാടിയിലേക്ക് താമസം മാറിയത്. ഉമ്മ കെ ശബ്ന വെള്ളാർമല സ്കൂളിലെ  അധ്യാപികയാണ്. തകരുംമുമ്പ് സ്കൂളിൽ നടത്തിയ ക്വിസ് മത്സരങ്ങളിൽ ഒന്നാമതെത്തി. കഴിഞ്ഞവർഷത്തെ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ മത്സരിച്ച ദിൽബറിനെ ഇത്തവണയും മത്സരിപ്പിക്കണമെന്ന് ഉമ്മയും സ്കൂളിലെ മറ്റു അധ്യാപകരും ഉറപ്പിച്ചിരുന്നു. വീട്ടുകാരും ഉമ്മയുടെ സുഹൃത്തുക്കളായ അധ്യാപകരും പ്രചോദനം നൽകി.

ഈ വിജയം നാടിനും സ്കൂളിനും സമർപ്പിക്കുന്നതായി ദിൽബർ പറഞ്ഞു. കൈയടികളോടെ ക്യാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങൾ മന്ത്രി ഒ ആർ കേളുവിൽനിന്ന്‌ ഏറ്റുവാങ്ങി ഉപ്പ സാദിഖ് അലിയുടെ കൈ പിടിച്ചാണ് ദിൽബർ സ്കൂൾ വിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top