കൊച്ചി
വിഴിഞ്ഞം തുറമുഖനിർമാണത്തിന് ഓൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുറമുഖസംരക്ഷണ മാർച്ച് നടത്താനും തീരുമാനിച്ചു. അന്ധവിശ്വാസങ്ങൾക്കും ലഹരിക്കും എതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കും സംഘടന പിന്തുണ പ്രഖ്യാപിച്ചു.
കേരളത്തിൽ പതിനായിരത്തിലേറെ അംഗങ്ങളുള്ള ലിംഗായത്ത് വിഭാഗത്തെ വീരശൈവ സഭയോട് ചേർത്ത് ഒബിസി ആനുകൂല്യം നൽകുക, മുന്നാക്കവിഭാഗക്കാർക്കുള്ള 10 ശതമാനം സംവരണം നാലുശതമാനമായി കുറച്ച് ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ളവർക്കുമാത്രമായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
‘കുട്ടികളുടെ ബസവണ്ണൻ’ എന്ന കൃതിയിലൂടെ ഈ വർഷത്തെ ബാലസാഹിത്യപുരസ്‌കാരം നേടിയ പ്രശാന്ത് വിസ്‌മയയെ അനുമോദിച്ചു.
ആലുവയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ടി പി കുഞ്ഞുമോൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി എൻ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇ എ രാജൻ, പി വി സുരേഷ്, ഇ പി ജയൻ, സന്തോഷ് കോരുത്തോട്, പി എസ് ലീലാമ്മ, സി പി മധുസൂദനൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..