06 December Monday

കെഎസ്‌എഫ്‌ഡിസി തിയറ്ററുകൾ ഒരുങ്ങി ; 25ന്‌ പ്രദർശനം തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ ചലച്ചിത്ര വികസന കോർപറേഷന്റെ കീഴിലുള്ള തിയറ്ററുകളിൽ 25 മുതൽ പ്രദർശനം ആരംഭിക്കും. കെഎസ്‌എഫ്‌ഡിസിയുടെ കീഴിലുള്ള 17 തിയറ്ററുകളും പ്രദർശനത്തിന്‌ സജ്ജമാണെന്ന്‌ എംഡി എൻ മായ പറഞ്ഞു. പ്രദർശനം തുടങ്ങുന്നതിന്‌ മുന്നോടിയായി എല്ലാ തിയറ്ററുകളിലും പരീക്ഷണ പ്രദർശനം നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും അവർ പറഞ്ഞു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രദർശനം വൈകും.

തിയറ്ററുകൾ  25ന്‌ തുറക്കാൻ അനുമതിയുണ്ടെങ്കിലും മലയാള സിനിമകൾ റീലിസിന്‌ തീയതി നിശ്‌ചയിച്ച്‌ വരുന്നതേയുള്ളൂ. വെള്ളിയാഴ്‌ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിയറ്റർ ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്‌. ഇതിനുശേഷമായിരിക്കും മലയാള സിനിമകളുടെ റിലീസ്‌ പ്രഖ്യാപനം. മൾട്ടിപ്ലക്‌സ്‌ ഉൾപ്പെടെയുള്ള മറ്റ്‌ തിയറ്ററുകളും 25ന്‌ പ്രദർശനം തുടങ്ങും. ഡാനിയേൽ ക്രേഗ്‌ വേഷമിട്ട ‘നോ ടൈം ടുഡേ’  ഇംഗ്ലീഷ്‌ ചിത്രവും ശിവകാർത്തികേയൻ നായകനായ തമിഴ്‌ചിത്രം ഡോക്ടറും പ്രദർശനത്തിന്‌ സജ്ജമാണ്‌. ഇംഗ്ലീഷ്‌, തമിഴ്‌ ചിത്രങ്ങൾ ആദ്യം റിലീസ്‌ ചെയ്യാനാണ്‌ സാധ്യത.  രണ്ട്‌ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവരെ 50 ശതമാനം സീറ്റുകളിൽ പ്രവേശിപ്പിക്കാനാണ്‌ സർക്കാർ അനുമതി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top