12 November Tuesday

ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019


തിരുവനന്തപുരം
സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർ തിങ്കളാഴ്‌ച ബൂത്തിലേക്ക്‌. വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം,  മഞ്ചേശ്വരം  മണ്ഡലങ്ങളിലെ 9.75 ലക്ഷം വോട്ടർമാരാണ്‌ ബൂത്തിലെത്തുക. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. സമാധാനപരമായ വോട്ടെടുപ്പിന്‌ എല്ലാ ഒരുക്കവും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 24നാണ്‌ വോട്ടെണ്ണൽ.

മഞ്ചേശ്വരത്ത്‌ എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാക്കിന്റെ മരണത്തെതുടർന്നും മറ്റിടങ്ങളിൽ സിറ്റിങ്‌ എംഎൽഎമാർ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിനാലുമാണ്‌ ഉപതെരഞ്ഞെടുപ്പ് വന്നത്‌. ഞായറാഴ്‌ച നിശ്ശബ്ദ  പ്രചാരണത്തിലൂടെ സ്ഥാനാർഥികളും പ്രവർത്തകരും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും  ത്രികോണമത്സരമാണ്‌. മറ്റ്‌ രണ്ടിടത്ത്‌ എൽഡിഎഫും യുഡിഎഫും നേർക്കുനേരാണ്‌  പോരാട്ടം.

അഞ്ചിടത്തും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌.  സംസ്ഥാന സർക്കാരിന്റെ വികസനനേട്ടവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ വർഗീയ നടപടികളും ജനങ്ങൾക്കുമുമ്പിൽ  അവതരിപ്പിച്ചാണ്‌ എൽഡിഎഫ്‌ വോട്ട്‌ തേടിയത്‌. എന്നാൽ, കള്ളം പ്രചരിപ്പിച്ചും വ്യക്തിഹത്യ നടത്തിയും ജാതിമത പ്രീണനം നടത്തിയുമാണ്‌ യുഡിഎഫും ബിജെപിയും വോട്ട്‌ തേടിയത്‌. ശബരിമലയടക്കം പ്രചാരണായുധമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്കുവരെ പരസ്യമായി പ്രതികരിക്കേണ്ടി വന്നു.

മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാതെരഞ്ഞെടുപ്പ്‌ ഇന്ന്‌
ന്യൂഡൽഹി
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക്‌ തിങ്കളാഴ്‌ച വോട്ടെടുപ്പ്‌ നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കും ഹരിയാനയിൽ 90 അംഗ നിയമസഭയിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. വ്യാഴാഴ്‌ചയാണ്‌ വോട്ടെണ്ണൽ. 

കേരളത്തിലെ അഞ്ചും യുപിയിലെ 11 ഉം ഗുജറാത്തിലെ ആറും ബിഹാറിലെ അഞ്ചും അസം, പഞ്ചാബ്‌ എന്നിവിടങ്ങളിൽ നാലും സിക്കിമിലെ മൂന്നും ഹിമാചൽ, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ രണ്ടും പുതുശേരി, ഒഡിഷ, മേഘാലയ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, അരുണാചൽ എന്നിവിടങ്ങളിൽ ഒന്നുവീതവും നിയമസഭാ മണ്ഡലങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. ബിഹാറിലെ സമസ്‌തിപുർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പുണ്ട്‌.


പ്രധാന വാർത്തകൾ
 Top