13 November Wednesday

കുസാറ്റിൽ മോഡറേഷൻ തുടങ്ങിയത്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

സ്വന്തം ലേഖകൻ
കൊച്ചി
കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്‌) എൻജിനിയറിങ്‌ വിദ്യാർഥികൾക്ക്‌ കോഴ്‌സ്‌ മോഡറേഷൻ ഏർപ്പെടുത്തിയത്‌ യുഡിഎഫ്‌ ഭരണകാലത്ത്‌. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള സിൻഡിക്കറ്റാണ്‌ ഈ തീരുമാനമെടുത്തത്‌. 2012ൽ പുറത്തിറങ്ങിയ ഉത്തരവിന്‌ 2010 മുതൽ മുൻകാല പ്രാബല്യവും നൽകി. അതനുസരിച്ച്‌ ഇപ്പോഴും കോഴ്‌സ്‌ മോഡറേഷനുണ്ട്‌. ഇത്തരം മോഡറേഷനെയാണ്‌ മാർക്കുദാനം എന്ന രീതിയിൽ യുഡിഎഫ്‌ പ്രചരിപ്പിക്കുന്നത്‌.

ഒരു വിഷയത്തിന്‌ തോറ്റ 2006 ബാച്ച്‌ ബിടെക്‌ വിദ്യാർഥിയുടെ രക്ഷിതാവ്‌ നൽകിയ അപേക്ഷ പരിഗണിച്ച്‌ 2011 ജൂലൈ 23ന്‌ ചേർന്ന അക്കാദമിക്‌ കൗൺസിലാണ്‌ ഇതിന്‌ തുടക്കമിട്ടത്‌. പരീക്ഷാകാര്യങ്ങൾക്കുള്ള സ്‌റ്റാൻഡിങ്‌ കമ്മിറ്റി ഇത്‌ അംഗീകരിച്ച്‌ സിൻഡിക്കറ്റിന്‌ വിട്ടു. ഡിസംബർ 28ന്‌ ചേർന്ന സിൻഡിക്കറ്റ്‌ യോഗം അംഗീകരിച്ച്‌  2012 ജനുവരി അഞ്ചിന്‌ രജിസ്‌ട്രാർ ഉത്തരവിറക്കി. 2010 ജൂൺ ഒന്നുമുതൽ മുൻകാല പ്രാബല്യവും ഉത്തരവിലുണ്ട്‌. 2006ൽ പ്രവേശനം നേടി 2010ൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതിയ എൻജിനിയറിങ്‌ വിദ്യാർഥികൾക്ക്‌ പ്രയോജനം കിട്ടാനായിരുന്നു മുൻകാല പ്രാബല്യം.
മോഡറേഷന്‌ അപേക്ഷിച്ച കുട്ടി പരീക്ഷാഫലം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ നേരത്തേതന്നെ കോടതിയെ സമീപിച്ച്‌ അനുകൂലവിധി സമ്പാദിച്ചു. ഫലം വന്നപ്പോൾ സാധാരണ അനുവദിക്കുന്ന മോഡറേഷൻ നൽകിയിട്ടും ഒരു വിഷയത്തിന്‌ ഒരു മാർക്കിന്‌ പരാജയപ്പെട്ടു. ഇതു വ്യക്തമാക്കിയാണ്‌ രക്ഷിതാവ്‌ സർവകലാശാലയ്ക്ക്‌ അപേക്ഷ നൽകിയത്‌.

ഉമ്മൻചാണ്ടിയുടെ അദാലത്തിൽ  600 പരാതി തീർപ്പാക്കി
കോട്ടയം
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി എംജി സർവകലാശാല അദാലത്തിൽ പങ്കെടുത്ത് തീർപ്പാക്കിയത് 600 പരാതികളെന്ന് രേഖകൾ.  കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഉൾപ്പെടെ ആനുകൂല്യം നൽകാൻ 2014 സെപ്തംബർ അഞ്ചിന് നടന്ന അദാലത്തിൽ തീരുമാനം എടുത്തു. അദാലത്ത് ദിവസവും അതിന്‌ മുമ്പും ലഭിച്ച പരാതികളിലായിരുന്നു തീരുമാനങ്ങൾ. വിദ്യാർഥി സമ്പർക്ക പരിപാടി എന്ന പേരിൽ സംഘടിപ്പിച്ച അദാലത്തിൽ ചടങ്ങ് അവസാനിച്ചപ്പോൾ 200ലധികം പരാതികളും മുഖ്യമന്ത്രിക്ക് കൈമാറി.

1983ൽ എംബിബിഎസ് കോഴ്സിന് കേരള സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥിക്ക് കോഴ്സ് പൂർത്തീകരിക്കാനുള്ള അനുമതി 30 വർഷത്തിന് ശേഷം നൽകിയതും ഈ അദാലത്തിലാണ്.


പ്രധാന വാർത്തകൾ
 Top