06 July Monday

പിഎസ്‌സിയെ സംശയനിഴലിലാക്കാൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്‌

വിജേഷ്‌ ചൂടൽUpdated: Monday Oct 21, 2019അഭിമുഖനടത്തിപ്പിന്റെ കാര്യത്തിൽ യുപിഎസ്‌സിയെ മഹത്വവൽക്കരിക്കുന്ന ചില മാധ്യമങ്ങൾ കേരള പിഎസ്‌‌സിയെ സംശയനിഴലിൽ നിർത്തുന്നത് ഗൂഢലക്ഷ്യത്തോടെയുള്ള ഇരട്ടത്താപ്പ്. യുപിഎസ്‌സിയുടെ അതേ മാതൃകയിലും സംവിധാനത്തിലുമാണ് കേരള പിഎസ്‌സിയും പരീക്ഷ നടത്തുന്നത്. മികച്ചതും കുറ്റമറ്റതുമായ സംവിധാനമാണ് പിഎസ്‌സിക്കുള്ളത്. എണ്ണൂറോളം തസ്തികയിലേക്കുള്ള അഭിമുഖങ്ങൾ നടത്താൻ ചിട്ടയായ സംവിധാനവും സുരക്ഷിതമായ രീതിയും നിലവിലുണ്ട്.

എഴുത്തുപരീക്ഷയുടെ മാർക്ക് യുപിഎസ്‌സി ഇന്റർവ്യൂ ബോർഡിൽ ചെയർമാനുമാത്രമേ അറിയാനാകൂ എന്നാണ് ഒരു പത്രത്തിൽ വന്ന വാർത്ത. എന്നാൽ, കേരളത്തിൽ പിഎസ്‌സി ചെയർമാനുപോലും ഇത്തരത്തിൽ മാർക്ക് അറിയാനാകില്ല. എഴുത്തുപരീക്ഷയ്‌ക്ക് കട്ട് ഓഫ് മാർക്ക് മറികടക്കുന്നവരുടെ നമ്പർ മാത്രമാണ് ഷോർട്ട് ലിസ്റ്റിൽ പ്രസിദ്ധീകരിക്കുന്നത്. എലിമിനേഷൻ ടെസ്റ്റ് എന്ന് കണക്കാക്കുന്ന പരീക്ഷ പാസായി എത്തുന്നവരെ തികച്ചും സ്വതന്ത്രമായും തസ്തികയുമായി ബന്ധപ്പെട്ട വൈദഗ്ധ്യം പരിശോധിച്ചുമാണ് അഭിമുഖം നടത്തുന്നത്‌. ഓരോ തസ്തികയ്ക്കും അതതുമേഖലയിലെ വിദഗ്‌ധരെ  നിയോഗിക്കും.

അതതു വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുക്കും. പിഎസ്‌സി അംഗങ്ങളും ബോർഡിൽ ഉണ്ടാകുമെങ്കിലും വിദഗ്‌ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് തീരുമാനിക്കുക. ഈ മാർക്ക് സീൽചെയ്ത കവറിലാക്കി സീക്രട്ട് സെക്‌ഷനിലേക്ക് കൈമാറും. അഭിമുഖം പൂർത്തിയായി എന്ന സന്ദേശം ലഭിക്കുമ്പോഴാണ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ഉള്ള വെവ്വേറെ കവറുകൾ തുറന്ന് അന്തിമ പട്ടിക തയ്യാറാക്കുന്നത്. 

എഴുത്തുപരീക്ഷയിൽ രണ്ട് മാർക്ക് കുറവുള്ളയാൾ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ മുന്നിലെത്തിയതിനെ മഹാ അപരാധവും അഴിമതിയുമായി ചിത്രീകരിച്ചു. രണ്ട് മാർക്കിന്റെ വ്യത്യാസത്തെ മറ്റൊരു റാങ്ക് ലിസ്റ്റുമായി കൂട്ടിക്കെട്ടി 39 മാർക്കിന്റെ വ്യത്യാസമെന്നാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.

‌എഴുത്തുപരീക്ഷയുടെ മാർക്ക് ഒരാൾക്കും അറിയാൻ സാധിക്കില്ലെന്നും അഭിമുഖം സ്വതന്ത്രമായ വിലയിരുത്തലാണെന്നും പിഎസ്‌സി വ്യക്തമാക്കിയതോടെ അത്‌ ചീറ്റി. അങ്ങനെ വിലയിരുത്താനും നിശ്ചിത ശതമാനത്തിനപ്പുറം മാർക്ക് നൽകാനും ബോർഡിന് എന്ത് അധികാരം എന്നായി ചോദ്യം.

   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ അഖിലേന്ത്യാ സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ പിന്നിലായിട്ടും അഭിമുഖത്തിൽ ഒന്നാമനായിരുന്നു എന്ന വാർത്ത വന്നതോടെ ആ ചോദ്യവും പിൻവലിച്ചു. ഇന്റർവ്യൂ ബോർഡിന് അങ്ങനെ മാർക്ക് നൽകാൻ അധികാരം ഉണ്ട് എന്നായി പിഎസ്‌‌സിക്കെതിരെ വാർത്ത എഴുതിയ മാധ്യമങ്ങളുടെയും പ്രസംഗിച്ച പ്രതിപക്ഷ നേതാക്കളുടെയും നിലപാട്.

‌ യുപിഎസ്‌സിയേക്കാൾ മികച്ച സംവിധാനമാണ് കേരളത്തിന്റേത്. 15 ബോർഡ് അംഗങ്ങളിൽ ഏഴുപേർ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർ. അഞ്ചുപേർ വിവിധ സർവീസ് മേഖലയിൽനിന്നും മൂന്നുപേർ നിയമരംഗത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ.

‌പിഎസ്‌സിക്കെതിരെ മാർക്കുദാന പ്രചാരണം നടത്തിയത് സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂവിന്റെ പേരിലാണ്. രാജ്യത്ത് പിഎസ്‌സി നിയമനം നടത്തുന്ന ഏറ്റവും ഉന്നത തസ്തികയാണിത്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായ പരീക്ഷയ്‌ക്ക് ഡോക്ടറേറ്റ് ഉള്ളവർക്ക് നാലു വർഷവും ഇല്ലാത്തവർക്ക് ഏഴു വർഷവും അനുഭവപരിചയവും വേണമായിരുന്നു. അതേസമയം, ഏതെങ്കിലും വിഷയത്തിൽ ബിരുദമുണ്ടെങ്കിൽ സിവിൽ സർവീസിന് അപേക്ഷിക്കാം.


പ്രധാന വാർത്തകൾ
 Top