18 April Thursday

സിപിഐ എം വിശ്വാസത്തിനെതിരല്ല, എന്നാല്‍ വര്‍ഗീയതയോട് വിട്ടുവീഴ്‌ചയില്ല: പി ഗഗാറിന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 21, 2018

കല്‍പ്പറ്റ > ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു പ്രശ്‌നമാക്കി മാറ്റാന്‍ രണ്ടുകൂട്ടരും ബോധപൂര്‍വം ശ്രമിക്കുകയാണ്. വിശ്വാസത്തിന്റെ പേരില്‍ സമരം ചെയ്യുന്നവര്‍ വിധിപറഞ്ഞ സുപ്രീംകോടതിയെയോ, വിധിയെ സ്വാഗതം ചെയ്ത ബിജെപിയുടെയും ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും കേന്ദ്ര നേതൃത്വത്തെക്കുറിച്ചോ  ഒന്നും പറയുന്നില്ല. സമരത്തിന്റെ  പേരില്‍ വിശ്വാസികളെ തെരുവിലിറക്കി വിശ്വാസികള്‍ പാവനമായി കണക്കാക്കുന്ന ശരണം വിളികള്‍ ബിജെപി ജാഥയിലെ മുദ്രാവാക്യമാക്കി പിണറായി സര്‍ക്കാരിനെ തെറിവിളിക്കുകയും ആഭാസമാക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വന്നിട്ട് രണ്ടര വര്‍ഷം പിന്നിടുകയാണ്. രണ്ടരവര്‍ഷക്കാലം ജനകീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മാതൃകാപരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ്ബിജെപി പക്ഷത്തുനിന്നും ജനങ്ങള്‍ ഇടതുപക്ഷത്തേക്ക് മാറുന്ന അനുഭവമാണ് പ്രകടമായത്.

നിപ്പ വൈറസ് തടയുന്നതിലും കാലവര്‍ഷക്കെടുതി അതിജീവിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നേതൃത്വപരമായ ഉത്തരവാദിത്വവും ലോകത്തിനുമുന്നില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പ്രശംസ പിടിച്ചു പറ്റാന്‍ കഴിയുന്ന തരത്തിലുള്ളതായിരുന്നു. എന്നാല്‍ ദുരിതം പേറുന്ന കേരളജനതയെ സഹായിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറുള്ളവരെ പോലും വിലക്കുന്ന സമീപനമാണ് സ്വീകരിച്ചത്. യുഡിഎഫും ബിജെപിയും സര്‍ക്കാരിന് ദുരിതാശ്വാസഫണ്ട് നല്‍കുന്നവരെ പോലും വിലക്കാന്‍ ഇടപെടുന്ന രീതിയാണ് സ്വീകരിച്ചത്.

ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു വിധി 2018 സെപ്റ്റംബര്‍ 28 ന് പുറപ്പെടുവിക്കുന്നത്. സംഘപരിവാര്‍ അനുകൂലികളായ യംഗ്  ലോയേഴ്‌സ് അസോസിയേഷന്‍ 2006 ല്‍  നല്‍കിയ കേസിലാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം തടയുന്ന ചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. അയിത്തം നിരോധിച്ചതാണെന്നും ആര്‍ത്തവത്തിന്റെ  പേരില്‍ സ്ത്രീകളെ പ്രവേശിക്കുന്നത് തടയുന്നത് അയിത്തമാണെന്നും സുപ്രീംകോടതി പറഞ്ഞു.


ആചാരങ്ങളെല്ലാം സ്ഥിരമായി നില്‍ക്കുന്നതായിരുന്നെങ്കില്‍ ദൈവ കല്പിതമായ ആചാരമായി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന സതി സമ്പ്രദായം മാറുമായിരുന്നോ....? സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല എന്നതും ഒരു ആചാരമായിന്നില്ലേ...? അത് മാറിയ നാടല്ലേ നമ്മുടേത്,..വഴിനടക്കാന്‍ പിന്നാക്ക ജാതിക്കാര്‍ക്ക് അവകാശം നിഷേധിച്ചതും ഒരാചാരം ആയിരുന്നില്ലേ..? ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ കീഴ്ജാതിക്കാര്‍ പ്രവേശിക്കാന്‍ പാടില്ല എന്നതും ഒരു ആചാരമായിരുന്നില്ലേ..? സമരം ചെയ്തല്ലേ ഇതെല്ലാം മാറ്റിയത് ഇത്തരം സമരങ്ങള്‍ക്കെതിരെയും വരേണ്യവര്‍ഗ്ഗ യഥാസ്ഥിക വിഭാഗം പാവം വിശ്വാസികളെ അണിനിരത്തി സമരം ചെയ്തിരുന്നു. എന്നാല്‍ എല്ലാം മാറ്റത്തിന് വിധേയമായി.

സിപിഐ എം വിശ്വാസികളെ സംബന്ധിച്ച അതിന്റെ നിലപാട് പാര്‍ട്ടി പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെയാണ് ഏതൊരാള്‍ക്കും ഏതു മതത്തില്‍ വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും മതാചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതെ ജീവിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി നിലകൊള്ളും. രാഷ്ട്രത്തിന്റെ ഭരണപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ മതം തള്ളിക്കയറുന്നതിനെതിരെ പോരാടും.

വര്‍ഗീയതയ്‌ക്കെതിരാണ് പാര്‍ട്ടി, മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ എല്ലാ അനാചാരങ്ങളെയും എക്കാലത്തും പിന്തുണയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഐ എം. നവീകരിക്കേണ്ടതിനെ നവീകരിക്കാന്‍ എന്നും സമരം ചെയ്തിട്ടുള്ള പ്രസ്ഥാനമാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍.

ഇപ്പോള്‍ കേരളത്തില്‍ വിശ്വാസത്തിന്റെ പേരില്‍ ബിജെപിയും യുഡിഎഫും നടത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് കൃത്യമായ രാഷ്ട്രീയ കളിയാണ്. ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കുന്ന മോഡി സര്‍ക്കാരിന്റെ  അഴിമതിയും വിലക്കയറ്റവും പോലുള്ള നടപടികളില്‍നിന്നും ശ്രദ്ധ തിരിച്ചുവിടുവാനാണ് കേരളത്തില്‍ ഇത്തരം നടപടികളിലേക്ക് ഇവര്‍ പോകുന്നതെന്നും, ഇത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രളയകാലത്തുയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗീയവാദികളെ ഒറ്റപ്പെടുത്താനും അണിചേരണമെന്നും പി ഗഗാറിന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top