22 October Thursday

യുഎഇക്കെതിരായ പ്രസ്‌താവന : കുഞ്ഞാലിക്കുട്ടി പ്രവാസികളെ കൊലയ്‌ക്ക്‌ കൊടുക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

സ്വന്തം ലേഖകൻ
ഖുർആനും ഈന്തപ്പഴവും നേരായ വഴിക്കല്ല യുഎഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവൻകൊണ്ട് പന്താടുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പറഞ്ഞു. ഏറ്റവും കൂടുതൽ മലയാളികൾ ജോലിചെയ്യുന്ന രാജ്യമാണ് യുഎഇ.  ആ രാജ്യം അവരുടെ കോൺസുലേറ്റിലേക്ക് അയച്ചതാണ് ഖുർആനും ഈന്തപ്പഴവും. ഇത് കേന്ദ്രസർക്കാരിന്റെ കസ്റ്റംസ് ക്ലിയറൻസ് ചെയ്തതുമാണ്. അതിൽ ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തിൽ കുരുവിന് പകരം സ്വർണമാണെന്ന ധ്വനിയിൽ ആരോപിക്കുകയും ചെയ്തു. ഇത്‌  അപകടകരമായ നീക്കമാണെന്ന്‌ സിപിഐ എം ചൂണ്ടിക്കാട്ടി.    
കോൺസുലേറ്റിലേക്ക് യുഎഇ സർക്കാർ അയച്ച ഖുർആനിലും ഈന്തപ്പഴത്തിലും സ്വർണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ ഇത് സംബന്ധിച്ച തെളിവുകൾ കുഞ്ഞാലിക്കുട്ടി അടിയന്തരമായി എൻഐഎക്ക് കൈമാറണം. അല്ലെങ്കിൽ ഇത്രയും നിരുത്തരവാദിത്തപരമായ പ്രസ്താവനയ്ക്ക് മാപ്പ് പറയണം. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം തകർക്കുന്ന പ്രസ്താവന നടത്തിയ പാർലമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കുകയും വേണം.കേരളത്തോടുള്ള പ്രത്യേക താൽപ്പര്യത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ആരംഭിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതാണ്. എന്നാൽ, അതൊന്നും ചെയ്യാതെ യുഎഇയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലയ്‌ക്ക് കൊടുക്കുന്നതിന് തുല്യമാണ്.

ബിജെപിക്കുവേണ്ടി ഏതറ്റംവരേയും പോകാൻ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി അപകടകരമായ നീക്കങ്ങളാണ് നടത്തുന്നത്. നേരത്തേ സംഘപരിവാർ വാദം ഏറ്റുപിടിച്ച് ഖുർആനെ അധിക്ഷേപിച്ചു, ഇപ്പോൾ യുഎഇയെ കള്ളക്കടത്ത് രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിംലീഗിനെ എത്രമാത്രം അധഃപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. സാമുദായിക സംഘടനകളുൾപ്പെടെ എതിർത്തിട്ടും ഖുർആൻ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവർത്തിച്ചത് ബജെപി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നു. ലീഗ്  –-കോൺഗ്രസ്–-ബിജെപി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ നാടിനെ സ്നേഹിക്കുന്നവർ തയ്യാറാകണമെന്നും സിപിഐ എം  അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top