31 October Saturday

ഖുർആനെ വീണ്ടും വിവാദത്തിലാക്കി ലീഗ്‌ ; ഖുർആൻ കൊണ്ടുവന്നത്‌ കള്ളക്കടത്തായാണെന്നാവർത്തിച്ച് കുഞ്ഞാലിക്കുട്ടി

റഷീദ‌് ആനപ്പുറംUpdated: Monday Sep 21, 2020

വിശുദ്ധ ഖുർആനെ വിവാദത്തിലേക്ക്‌  വലിച്ചിഴച്ച്‌ കേരളത്തിൽ ആക്രമണ സമരം നടത്തിയ യുഡിഎഫ്‌  നീക്കത്തിനെതിരെ രംഗത്തുവന്ന മുസ്ലിംസംഘടനകളെ പരസ്യമായി വെല്ലുവിളിച്ച്‌ ലീഗ്‌. ഖുർആൻ കള്ളക്കടത്തായാണ്‌ കൊണ്ടുവന്നതെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം ഇതിന്‌ തെളിവാണ്‌.  ഖുർആനെ ഒഴിവാക്കി സ്വർണക്കടത്തിൽമാത്രം സമരം കേന്ദ്രീകരിക്കാൻ കഴിഞ്ഞ ദിവസം യുഡിഎഫ്‌ നേതൃയോഗം ധാരണയിലെത്തിയിരുന്നു. അതിന്‌ ചുക്കാൻ പിടിച്ച കുഞ്ഞാലിക്കുട്ടിതന്നെ ഖുർആനെ വീണ്ടും വലിച്ചിഴച്ചത്‌ കോൺഗ്രസ്‌ നേതാക്കളെയും അമ്പരപ്പിച്ചു. 

സ്വർണക്കടത്തുമായി ഖുർആനെ ബന്ധിപ്പിക്കരുതെന്ന്‌ സമസ്‌തയുടെ പ്രസ്‌താവന വന്ന്‌ തൊട്ടുപിന്നാലെയാണ്‌ തലസ്ഥാനത്ത്‌ വാർത്താസമ്മേളനം നടത്തി കുഞ്ഞാലിക്കുട്ടി ഖുർആനെ വീണ്ടും വിവാദത്തിലേക്ക്‌ വലിച്ചിഴച്ചത്‌. വെള്ളിയാഴ്‌ച രമേശ്‌ ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഖുർആനുമായി ബന്ധപ്പെട്ട്‌ ഇനി ഒന്നും പറയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാൽ, നേരത്തേ പറഞ്ഞതിൽനിന്ന്‌ ഒരു പടികൂടി കടന്ന്‌  ഖുർആൻ കള്ളക്കടത്തായാണ്‌  കൊണ്ടുവന്നതെന്നാണ്‌ പുതിയ പ്രഖ്യാപനം.ഇത്‌ കേരളവുമായുള്ള യുഎഇയുടെ സൗഹൃദത്തിന്‌ ഉലച്ചിൽ തട്ടുന്നതാണ്‌.  മുസ്ലിംലീഗിന്റെ ഈ നീക്കത്തിൽ സമുദായ സംഘടനകൾ കടുത്ത അമർഷത്തിലാണ്‌.

ഖുർആൻ കൊണ്ടുവന്നത്‌ കള്ളക്കടത്തായി: കുഞ്ഞാലിക്കുട്ടി
ഖുർആനും അനാഥാലയങ്ങൾക്കുള്ള ഈന്തപ്പഴവും യുഎഇയിൽനിന്ന്‌ കേരളത്തിലേക്ക്‌  കള്ളക്കടത്തായാണ്‌  കൊണ്ടുവന്നതെന്ന്  ആവർത്തിച്ച്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി എംപി. രഹസ്യമായി മൂടിവച്ച് കൊണ്ടുവരേണ്ടതല്ല ഖുർആൻ. യുഎഇ  കോൺസുലേറ്റിനെ മോശമായ കാര്യത്തിനായി സർക്കാർ ഉപയോഗിച്ചുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

നിയമവിരുദ്ധമായി സ്വർണം കടത്തിയോ, എത്ര തവണ സ്വർണം കടത്തി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മറുപടി സർക്കാർ പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top