25 October Sunday

കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്ത യുവമോർച്ച നേതാവിന്‌ കോവിഡ് ; നൂറിലധികം പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


സ്വന്തം ലേഖകൻ
പാലക്കാട്‌ കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്ത യുവമോർച്ച നേതാവിന്‌ കോവിഡ് സ്ഥിരീകരിച്ചു. എബിവിപി മുൻ ജില്ലാ സെക്രട്ടറിയും യുവമോർച്ച ജില്ലാ കമ്മിറ്റിയംഗവുമായ ടി പി അഖിൽദേവിനാണ് രോഗം സ്ഥിരീകരിച്ചത്. 15ന് കോവിഡ് മാനദണ്ഡം ലംഘിച്ച്‌ നടത്തിയ കലക്ടറേറ്റ്‌ മാർച്ചില്‍ നൂറിലധികം പേരാണ്‌  പങ്കെടുത്തത്.  സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്യാതെയായിരുന്നു   പ്രവർത്തകർ മാര്‍ച്ചിനെത്തിയത്.

മാർച്ചിന്റെ മുൻനിരയിൽ തന്നെ അഖിൽദേവ്  ഉണ്ടായിരുന്നു. ബിജെപി–-യുവമോർച്ച നേതാക്കളുമായി ചേർന്ന്‌ പൊലീസിനെ ആക്രമിച്ച്‌ സംഘര്‍ഷം സൃഷ്ടിച്ചവരിൽ അഖില്‍ദേവും ഉണ്ടായിരുന്നു.  കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി യുവമോർച്ച പ്രവർത്തകരാണ്‌ നിരീക്ഷണത്തിൽ പോകേണ്ടിവരുക.‌ സമരകേന്ദ്രത്തിലുണ്ടായിരുന്ന പൊലീസും ആശങ്കയിലാണ്. 

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആന്റിജെൻ പരിശോധനയിലാണ് അഖിൽദേവിന് രോ​ഗം സ്ഥിരീകരിച്ചത്. പാലക്കാട് വലിയങ്ങാടി ക്ലസ്റ്ററായതിൽ യുവമോർച്ച–-യൂത്ത്‌ കോൺഗ്രസ്‌ സമരങ്ങൾക്ക്‌ പ്രധാന പങ്കുണ്ടെന്നാണ്‌ വിലയിരുത്തല്‍. അഖിൽദേവിന്റെ സമ്പർക്ക പട്ടികയിലുള്ളവരിൽ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനുള്ള ശ്രമം ആരോ​ഗ്യ വകുപ്പ് തുടങ്ങി. ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന് നേരത്തെ കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ കൃഷ്ണദാസ് ജില്ലാ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്‌തിരുന്നു. രോ​ഗലക്ഷണങ്ങളുണ്ടായിട്ടും ആശുപത്രിയിലെത്തി കൃഷ്ണദാസ് പ്രവർത്തകരെ സന്ദർശിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് യുവമോർച്ച പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചത്.

കട്ടപ്പനയിൽ സമരം നയിച്ച യൂത്ത്‌  നേതാവിനും കോവിഡ്‌
കട്ടപ്പന ഡിവൈഎസ്‌പി ഓഫീസ്‌ മാർച്ചിൽ പങ്കെടുത്ത യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സമരത്തിൽ പങ്കെടുത്തവരുമായി  കോവിഡ്‌ ബാധിതനായ യൂത്ത്‌ കോൺഗ്രസ്‌ പീരുമേട്‌ നിയോജകമണ്ഡലം സെക്രട്ടറി അടുത്തിടപഴകി. കണ്ടെയ്‌ൻമെന്റ്‌ മേഖലയിൽ ഇളവ്‌ പ്രഖ്യാപിച്ച ഉടനെയാണ്‌ യൂത്ത്‌ കോൺഗ്രസ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. ടൗണിനോട്‌ ചേർന്ന്‌ കണ്ടെയ്‌ൻമെന്റ്‌ മേഖല നിലനിൽക്കുമ്പോഴായിരുന്നു സമരം. കണ്ടെയ്‌ൻമെന്റ്‌ മേഖലകളിൽനിന്നുപോലും പ്രവർത്തകരെ എത്തിച്ചു.  അറസ്റ്റിലായ പ്രതികളെ ഡീൻ കുര്യാക്കോസ്‌ എംപി പൊലീസ്‌ സ്‌റ്റേഷനിൽ സന്ദർശിച്ചിരുന്നു. ഇതിനുശേഷമാണ്‌ പ്രതികളിലൊരാൾക്ക്‌ രോഗം സ്ഥിരീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top