26 October Monday

അറസ്‌റ്റിലായവർ എൻഐഎ കസ്‌റ്റഡിയിൽ ; പ്രതികളെ ഡൽഹിയിലേക്ക്‌ കൊണ്ടുപോയി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


കൊച്ചി
ശനിയാഴ്ച എറണാകുളത്ത്‌ പിടിയിലായ അൽ ഖായ്‌ദ ഭീകരരെന്ന്‌ കരുതുന്ന മൂന്ന്‌ പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. മുർഷിദ് ഹസ്സൻ, മൊസാറഫ് ഹസ്സൻ, യാക്കൂബ് ബിശ്വാസ് എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്‌ എസ് ഷംനാദ് മൂന്നുദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. പ്രതികൾക്ക്‌ സാമ്പത്തികസഹായം നൽകിയ സ്ഥാപനങ്ങളെയും വ്യക്തികളെയുംകുറിച്ച്‌ സൂചന ലഭിച്ചതായാണ്‌ വിവരം.

എൻഐഎ എസ്‌പി ശങ്കർ ബ്രദ റൈമേദിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. മൂന്നുദിവസത്തിനുള്ളിൽ പ്രതികളെ ഡൽഹി പട്യാല കോടതിയിൽ ഹാജരാക്കണമെന്ന്‌ ട്രാൻസിറ്റ്‌ വാറന്റ്‌‌ അനുവദിച്ച്‌ കോടതി വ്യക്തമാക്കി.  ഇവരെ ഞായറാഴ്‌ച വൈകിട്ട്‌ ഡൽഹിയിലേക്ക്‌ കൊണ്ടുപോയി. പ്രതികളിൽനിന്ന് പിടികൂടിയ ലാപ്ടോപ്‌, മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളും എൻഐഎ സംഘം പരിശോധിക്കും.   പത്തുപേരടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി. ആയുധങ്ങളും മറ്റും ശേഖരിക്കുന്നതിന്‌ പണം സമാഹരിക്കുകയായിരുന്നു കേരളത്തിൽനിന്ന് പിടിയിലായവരുടെ ഉൾപ്പെടെ ചുമതല.

മൂന്നുപേരും കേരളത്തിലെത്തിയതും നടത്തിയ മറ്റ്‌ ഇടപാടുകൾ സംബന്ധിച്ചും സംസ്ഥാന തീവ്രവാദവിരുദ്ധ സേന (എടിഎസ്) അന്വേഷിക്കുന്നുണ്ട്‌. പ്രതികളിൽ ഒരാൾ 10 വർഷത്തിലേറെയായി കേരളത്തിലുണ്ട്‌. ഇയാൾ ഉൾപ്പെടെ തീവ്രവാദസംഘടനയ്‌ക്കായി നടത്തിയ പണമിടപാടുകളും എടിഎസ് പരിശോധിക്കും. മൂന്നു പ്രതികളുടെയും ടവർ ലൊക്കേഷൻ ഫോൺവിളികളുടെ വിവരങ്ങൾ ഉൾപ്പെടെ എടിഎസ് നിരീക്ഷണത്തിലായിരുന്നു. ഇവർക്ക്‌ പ്രാദേശികമായി മറ്റ്‌ സഹായങ്ങൾ ലഭിച്ചിരുന്നോ എന്നും അന്വേഷിക്കും. എൻഐഎയും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗവും തീവ്രവാദവിരുദ്ധ സ്‌ക്വാഡും (എടിഎസ്‌) ചേർന്ന്‌ ശനിയാഴ്ച പുലർച്ചെയാണ് ഇവരെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top