26 October Monday

പെട്ടിമുടി ധനസഹായം: ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020


തൊടുപുഴ
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക‌് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം സംബന്ധിച്ച‌് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവുമായി യുഡിഎഫും ബിജെപിയും. സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ധനസഹായം ഒരു ലക്ഷമാക്കി കുറച്ചെന്നായിരുന്നു പ്രചാരണം. വസ‌്തുത തിരക്കാൻ മെനക്കെടാതെ, ചില മാധ്യമപ്രവർത്തകരും ഈ വ്യാജപ്രചാരണം  ഏറ്റെടുത്തു. പ്രസ‌്ക്ലബ‌് വാട‌്സാപ്പ‌് ഗ്രൂപ്പുകളിലടക്കം നുണ പ്രചരിപ്പിച്ചു.

സർക്കാർ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയിൽ നാലുലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകുമെന്ന‌് ആഗസ‌്ത‌് 14ന‌് ദുരന്തനിവാരണവകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ആഗസ‌്ത‌് 17ന‌് ദുരിതാശ്വാസനിധിയിൽ നിന്നുള്ള ഒരുലക്ഷം രൂപ അനുവദിച്ച‌് റവന്യൂവകുപ്പ‌് ഉത്തരവിറക്കി. റവന്യൂവകുപ്പിന്റെ  ഉത്തരവ‌് മാത്രം അടർത്തിയെടുത്ത‌് വ്യാപകമായി പ്രചരിപ്പിച്ചാണ‌് സംസ്ഥാനസർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം. 

എന്നാൽ, വ്യാജപ്രചാരണം നിമിഷനേരംകൊണ്ട‌് തകർന്നടിഞ്ഞു. കുപ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെ വസ‌്തുത അറിയാവുന്ന ചിലർ ആദ്യ ഉത്തരവുമായി സമൂഹമാധ്യമങ്ങളിലെത്തി.  കഥയറിയാതെ ‘വികാരം’ പങ്കുവച്ച ചിലർ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ തെറ്റ‌് പറ്റിയതിൽ ഖേദവും പ്രകടിപ്പിച്ചു.

കഥയറിയാതെ  ബിജെപി സംസ്ഥാന പ്രസിഡന്റ‌് കെ സുരേന്ദ്രനും സംസ്ഥാന സർക്കാരിനെതിരെ പ്രസ‌്താവനയിറക്കി ജാള്യനായി. ധനസഹായം ഒരുലക്ഷമാക്കി കുറക്കാനുള്ള സർക്കാർ ഉത്തരവ‌് മനുഷ്യത്വവിരുദ്ധമെന്നാണ‌് സുരേന്ദ്രൻ തട്ടിവിട്ടത‌്. ആഗസ‌്ത‌് ആറിന‌് രാത്രിയായിരുന്നു പെട്ടിമുടി ദുരന്തം. രക്ഷാപ്രവർത്തനത്തിനിടെ ഒരാഴ‌്ച പിന്നിട്ടപ്പോഴാണ‌് അഞ്ചുലക്ഷം രൂപ അനുവദിച്ച ആദ്യസർക്കാർ ഉത്തരവ‌് വന്നത‌്.

മൂന്നുദിവസം കഴിഞ്ഞപ്പോൾ ഒരുലക്ഷം രൂപ ധനസഹായമെന്ന ബന്ധപ്പെട്ട ഉത്തരവുമിറങ്ങി. രണ്ട‌് ഉത്തരവുകളും പുറത്തിറങ്ങി ഒരുമാസം പിന്നിട്ട ശേഷമാണ‌് പുതിയ കണ്ടുപിടുത്തമെന്ന പേരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ യുഡിഎഫും ബിജെപിയും രംഗത്ത‌് വന്നത‌്.

അനന്തരാവകാശികളുടെ രേഖകൾ കൃത്യമാണോയെന്ന‌് പരിശോധിച്ച‌് സർക്കാർ ഗസറ്റ‌് വിജ‌്ഞാപനത്തിനുശേഷമാണ‌് അർഹർക്ക‌് തുക കൈമാറുക. ഭാവിയിൽ മറ്റുതർക്കങ്ങളെല്ലാം ഒഴിവാക്കുന്നതിനു കൂടിയാണ‌് ഈ തീരുമാനമെടുത്തത‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top