19 October Saturday
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് പിഴ കുറച്ചേക്കും

ഗതാഗത നിയമലംഘനം: പിഴയിൽ ഇളവ്‌ വരുത്തും ; തീരുമാനം ഒരാഴ്‌ചയ്‌ക്കകം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

തിരുവനന്തപുരം >  കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമത്തെ തുടർന്ന്‌ നിലവിൽവന്ന കനത്ത പിഴ സംസ്ഥാന സർക്കാർ ഇളവുചെയ്യും. അന്തിമതീരുമാനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉണ്ടാകും. ഇതിനുള്ള മാർഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ചർച്ചചെയ്‌തു.

 സംസ്ഥാന സർക്കാരിന് സാധ്യമായ  വകുപ്പുകളിൽ പിഴത്തുക കുറയ്ക്കാൻ ധാരണയായി. ഏതെല്ലാം വിഭാഗങ്ങളിൽ എത്രത്തോളം പിഴ കുറയ്‌ക്കാമെന്നതു സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയെ  ചുമതലപ്പെടുത്തി. നിയമവകുപ്പുമായി ആലോചിച്ചാകും തുക തീരുമാനിക്കുക. ഹെൽമറ്റ്, സീറ്റ് ബൽറ്റ് തുടങ്ങിയവുമായി ബന്ധപ്പെട്ട പിഴ  കുറച്ചേക്കും. അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക്‌ പിഴ കുറയ്ക്കാനിടയില്ല.

 നിയമഭേദഗതി നിലവിൽ വന്നശേഷം പ്രതിഷേധം ശക്തമായതോടെ വാഹനപരിശോധന നിർത്തിവച്ചിരുന്നു. പിഴ കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയില്ല. വ്യക്തത തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

 ഈ സാഹചര്യത്തിൽ ഗതാഗത നിയമഘനങ്ങൾക്കുള്ള ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം നീക്കാനാണ്‌  മുഖ്യമന്ത്രി യോഗം വിളിച്ചത്‌.   മന്ത്രി എ കെ ശശീന്ദ്രനും ഗതാഗത, നിയമ, പൊലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top